താനൂര്‍ എം.എല്‍.എക്കും മന്ത്രി ജലീലിനും പങ്ക് മലയാളം സര്‍വകലാശാലക്ക് ഭൂമിയേറ്റെടുപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് ലീഗ്

താനൂര്‍ എം.എല്‍.എക്കും  മന്ത്രി ജലീലിനും പങ്ക് മലയാളം സര്‍വകലാശാലക്ക്  ഭൂമിയേറ്റെടുപ്പിലെ അഴിമതി  അന്വേഷിക്കണമെന്ന് ലീഗ്

മലപ്പുറം: മലയാളം സര്‍വകലാശാലക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയില്‍ താനൂര്‍ എം.എല്‍.എക്കും മന്ത്രി ജലീലിനും പങ്കുണ്ടെന്നും സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും
മുസ്ലിംലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
മറവിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. തുച്ഛമായ വില കരാര്‍ ചെയ്ത ഭൂമിയാണ് കോടികള്‍ നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫും തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടിയും മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് തന്നെ തീരുമാനം കൈകൊള്ളുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അനുയോജ്യമായ സ്ഥലം ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഭൂമി സംബന്ധിച്ച് വില നിര്‍ണയ സമതി 2016 ഫെബ്രുവരിയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനം കൈകൊണ്ടിരുന്നില്ല. ഇതിനിടക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ നടപടികള്‍ തുടരാനായില്ല.
പിന്നീട് 2016 ജൂണ്‍ 23 നാണ് ജില്ലാ വിലനിര്‍ണയ സമിതി യോഗം ചേര്‍ന്ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉയര്‍ന്ന വിലക്ക് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമുണ്ടായത്. ഈ തീരുമാനം പുറത്തു വന്നുയടെനെ സ്ഥലം എം.എല്‍.എ സി. മമ്മുട്ടി മുഖ്യമന്ത്രിക്കും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്കും അപാകത ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇപ്പോള്‍ കോടികള്‍ നഷ്ടം വരുത്തി ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. 2017 ല്‍ വിലനിര്‍ണയ സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത ഭൂവുടമകള്‍ താനൂര്‍ എം.എല്‍.എയുടെ സഹോദരപുത്രന്മാരും തിരൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഇയാളുടെ ബന്ധുക്കളുമാണ്. ഏറ്റെടുക്കാനുദ്ദേശിക്കുന്ന വെള്ളക്കെട്ട് നിറഞ്ഞ ഭൂമി കൈവശം വെച്ചിരുന്നവരില്‍ നിന്നും സെന്റിന് 3000 രൂപ മുതല്‍ 10000 രൂപവരെ നല്‍കാമെന്ന കരാറുണ്ടാക്കിയിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് ഇവര്‍ ഈ യോഗത്തില്‍ പങ്കെടുത്തത്. യോഗം നടക്കുന്നതിന്റെ മാസങ്ങള്‍ക്കുമ്പ് വരെ വസ്തുവാങ്ങിക്കുന്നതിനായി കൈവശക്കാരുമായി കരറുണ്ടാക്കിയിട്ടുണ്ട്.

അനുയോജ്യമല്ലെന്ന് റവന്യൂ വകുപ്പും കലക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അമിത താല്‍പര്യം കാണിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കണം. നാല് ഹെക്ടര്‍ ഒന്നര ഹെക്ടര്‍ ഭൂമി മാത്രമാണ് കരഭൂമിയായുള്ളത്. ബാക്കിയെല്ലാം വെള്ളക്കെട്ട് നിറഞ്ഞ പ്രദേശമാണ്. ഈ ഭൂമി 17 കോടിയോളം നല്‍കി വാങ്ങുന്നത് സര്‍ക്കാറിന് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്. ഏകദേശം നാല് ഏക്കറോളം വരുന്ന ഭൂമിയില്‍ മാത്രമേ കെട്ടിട നിര്‍മാണവും മറ്റുപ്രവൃത്തികളും സാധ്യമാവുകയുള്ളൂ. നിലവില്‍ താല്‍ത്കാലികമായി സര്‍വകലാശാല പ്രവൃത്തിക്കുന്നത് തന്നെ അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലാണ്. സൗജന്യമായി ലഭിച്ച ഈ ഭൂമിയില്‍ സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. വസ്തുത ഇതായിരിക്കെയാണ് സ്വന്തക്കാര്‍ക്ക് കോടികള്‍ ലാഭമുണ്ടാക്കുന്നതിന് താനൂര്‍ എം.എല്‍.എയും ജില്ലയിലെ മന്ത്രിയും ശ്രമിക്കുന്നത്.
യു.ഡി.എഫ് കാലത്ത് വിലനിര്‍ണയിച്ചതാണെന്ന് പുകമുറ സൃഷ്ടിച്ച് വീണ്ടുമൊരു അഴിമതി ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കെ.ടി ജലീല്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ രേഖകളില്‍ തന്നെ 2017 മെയ് 30 ന് കലക്ടറുടെ ചേംബറില്‍ വൈകീട്ട് അഞ്ച് മണിക്ക് നടന്ന യോഗത്തിലാണ് ഭൂമിക്ക് 160000 രൂപ വില നിശ്ചിയിച്ച് ഏറ്റെടുക്കാന്‍ തീരുമാനച്ചത്. ്
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുണ്ടായ എല്ലാ നടപടിക്രമങ്ങളും സുധാര്യവും സമഗ്രവുമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പക്ഷം ബഹുജന പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും അഡ്വ.യു.എ ലത്തീഫും സി. മമ്മുട്ടി എം.എല്‍.എയും പറഞ്ഞു.

Sharing is caring!