അഭിമാനമായി ഒഴൂര്‍ അയ്യായ സ്വദേശി ഫാതിമ മുര്‍ഷിദ

മലപ്പുറം: മറവിരോഗത്തിനുള്ള ഗവേഷണ വഴിയിലാണ് മലപ്പുറത്തുകാരി ഫാതിമ മുര്‍ഷിദ, ഇതിനുള്ള മരുന്ന് തേടി ഇംഗ്ലണ്ടിലേക്കു പറക്കാനൊരുങ്ങുകയാണ് കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി ബയോ ടെക്നോളജിയിലെ മൂന്നാം റാങ്കുകാരികൂടിയായ ഈകൊച്ചുമിടുക്കി,
അള്‍ഷിമേഴ്സ് രോഗത്തിനെതിരെ ഗവേഷണ വഴിയില്‍ ഫാതിമ മുര്‍ഷിദക്ക് മുന്നില്‍ വാതില്‍ തുറന്നത് ഇംഗ്ലണ്ടിലെ പ്രശസ്തമായ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയാണ്. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ബയോടോക്നോളജിയില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കവെ അള്‍ഷിമേഴ്സ് ആന്റ് റിലേറ്റഡ് ഡിസോര്‍ഡര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരു ക്യാമ്പില്‍ പങ്കെടുത്തതാണ് മുര്‍ഷിദയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മറവി രോഗത്തെക്കുറിച്ച് കേട്ടിരുന്നെങ്കിലും അതിന്റെ യഥാര്‍ഥ മുഖം നേരില്‍കണ്ടപ്പോള്‍ ഈ വിഷയത്തില്‍ പഠിക്കണമെന്ന് ആഗ്രഹം ജനിച്ചു. പിന്നീട് സ്വന്തം നിലക്ക് ഓര്‍മ്മയുമായി ബന്ധപ്പെട്ട അസുഖങ്ങളില്‍ ഒട്ടേറെ പഠനങ്ങള്‍. ഏറെ ശ്രമകരമായ വഴിയെന്ന് തിരിച്ചറിഞ്ഞിട്ടും മുര്‍ഷിദ പിറകോട്ടുപോയില്ല. കൊച്ചിന് യൂണിവേഴ്സിറ്റിയിലെ അധ്യാപകരുടെ അകമഴിഞ്ഞ പ്രോത്സാഹനവും മുര്‍ഷിദക്ക് ലഭിച്ചു . ഇതിനായി പിജിയുടെ പ്രൊജക്റ്റ് ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചാക്കി. ഇന്ത്യയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോക്ടര്‍ സൗരവ് ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഹരിയാനയിലെ നാഷ്നല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ പ്രൊജക്റ്റ് അസിസ്റ്റന്റായി ചേര്‍ന്നു. ഇവിടെ നിന്നുള്ള അനുഭവങ്ങളാണ് യുകെയിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണത്തിന് വഴിതുറന്നത്.
എംഐആര്‍എന്‍എയുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അള്‍ഷിമേഴ്സ് രോഗത്തെ നേരത്തെ കണ്ടുപിടിക്കാമെന്ന ഒരു സാധ്യതയാണ് മുര്‍ഷിദയുടെ ഗവേഷണ വിഷയം.നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഗവേഷണത്തിന് അവസരം ലഭിച്ചത്. ഓള് ഇന്ത്യാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹത നേടിയിരുന്നു. പ്ലസ്ടു വരെ നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച ഫാതിമ മുര്‍ഷിദ കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി ബയോ ടെക്നോളജിക്ക് രണ്ടാം റാങ്കും കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി ബയോ ടെക്നോളജിക്ക് മൂന്നാം റാങ്കും നേടി മികച്ച അകാദമിക് നേട്ടത്തിനുടമ കൂടിയാണ്.
മലപ്പുറം ഒഴൂര്‍ അയ്യായ പെരുളി വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെയും സുലൈഖയുടെയും മകള്‍ ഫാതിമ മുര്‍ഷിദ എന്ന മിടുമിടുക്കി.പിതാവ് അബ്ദുല്‍ ഹമീദ് ട്രക്ക് ഡ്രൈവറാണ്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മാതാപിതാക്കളുടെ പ്രോല്‍സാഹനമായിരുന്നു മുര്‍ഷിദയുടെ വിജയത്തിന് പിന്നില്‍. സഹോദരന് മുഹമ്മദ് നിബ്രാസ് പ്ല് ടുവിന് ശേഷം എഞ്ചിനീയറിംഗ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. സ്കൂള്‍ വിദ്യാര്‍ഥികളായ മുന്‍ഷിദ, ആയിഷ മഹ എന്നിവര്‍ സഹോദരങ്ങളാണ്. 20 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഗവേഷണ പഠനത്തിനുള്ള സാമ്പത്തിക തടസ്സങ്ങള്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. എന്നാല്‍ നാട്ടിലെ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]