അന്തൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം

അന്തൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുമായി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം: കെട്ടിക്കിടക്കുന്ന ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ ഓഫീസുകള്‍ പ്രത്യേക കാംപയിനുകള്‍ സംഘടിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

അപേക്ഷകളുമായി എത്തുന്ന സാധാരണക്കാര്‍ ഫയല്‍ തീര്‍പ്പാകാതെ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാവരുത്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫയലുകള്‍ പല ഓഫീസുകളിലും കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം. ഫയല്‍ നടപടി സംബന്ധിച്ചുള്ള മറുപടി ബന്ധപ്പെട്ട കക്ഷിക്ക് ലഭിച്ചെന്ന് ഉറപ്പാക്കണം.

ഇത്തരം ഫയലുകളില്‍ എടുത്ത തീരുമാനം അടിയന്തരിമായി അറിയിക്കണം. നിര്‍വഹണോദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണവും പുരോഗതിയും ജനപ്രതിനിധികളെ ഓരോ മാസവും അറിയിക്കണം. ഫയല്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ പ്രത്യേക യോഗം ജൂലൈ ആദ്യവാരം ചേരും. പ്രളയാനന്തര പുനര്‍ നിര്‍മിതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ നദീതീരങ്ങളില്‍ തകര്‍ച്ചാ ഭീഷണി നേരിടുന്ന കെട്ടിടങ്ങളും വീടുകളും ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും റിവര്‍ മാനേജ്മെന്റ് ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജാഗ്രതക്കുറവ് ഉണ്ടാവരുതെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
വിധവകളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ ഫിനാന്‍സ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും കരാറുകാരന്റെ അനാസ്ഥ മൂലം ഒന്നര വര്‍ഷമായി നിര്‍മാണം തീര്‍ക്കാത്ത മൊറയൂര്‍- എക്കാപറമ്പ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആഗസ്റ്റ് 31 വരെ സമയം നല്‍കി. മലപ്പുറം-കോട്ടപ്പടി ബൈപ്പാസ് റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രവൃത്തി ഉടന്‍ ആരംഭിക്കും. കൊണ്ടോട്ടി ജോ. ആര്‍.ടി.ഒ ഓഫീസ് സ്ഥാപിക്കുന്നതിന് കരിപ്പൂര്‍ കാര്‍ഗോ കോംപ്ലക്സില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഓഫീസ് തുടങ്ങാനുള്ള അനുമതിക്കായി സംസ്ഥാന സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.തേഞ്ഞിപ്പലത്ത് ഫയര്‍സ്റ്റേഷന് വേണ്ട് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള 1.2 ഏക്കര്‍ ഭൂമി സിന്‍ഡിക്കേറ്റ് അനുവദിച്ചിട്ടുണ്ട്. ഇത് റവന്യു വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വള്ളിക്കുന്ന് മണ്ഡലത്തിലെ പുല്ലിപ്പുഴക്ക് കുറുകെ 50 ലക്ഷം രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നതിന് മണ്ണ് പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ കൂളിമാട് പാലം, എളമരം കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ഹജ്ജ് ഹൗസിന്റെ സമീപ പ്രദേശങ്ങളിലെ പി.ഡബ്യു.ഡി റോഡുകള്‍ നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായി യോഗത്തില്‍ പി.ഡബ്യു.ഡി അറിയിച്ചു.
എം.എല്‍.എമാരായ അഡ്വ.എം ഉമ്മര്‍, ടി.വി ഇബ്രാഹിം, പൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതിനിധി പി. വിജയന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രതിനിധി അബൂസിദ്ധീഖ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍, താനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി ജഗല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!