കാത്ത്‌ലാബ് പ്രവര്‍ത്തനസജ്ജമായി : ആദ്യ ആഞ്ജിയോഗ്രാം അലവിക്ക്

കാത്ത്‌ലാബ്  പ്രവര്‍ത്തനസജ്ജമായി : ആദ്യ ആഞ്ജിയോഗ്രാം അലവിക്ക്

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സ്ഥാപിതമായ കാത്ത്‌ലാബ് പ്രവര്‍ത്തന സജ്ജം. ഇന്നലെ നടന്ന പ്രഥമ ആഞ്ജിയോഗ്രാം പരിശോധന വിജയകരം. കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. ഇ കെ ഹസ്സന്‍ ജഷീല്‍, ഡോ. സൈതലവി തെങ്ങിലാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യനാട് സ്വദേശിയായ അലവി (54)യെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഹെഡ് നേഴ്‌സ് ഗീത, സ്റ്റാഫ് നേഴ്‌സ് അദീബ് ലാല്‍, സുനിത, സ്വാതി, ജംഷീര്‍, കാത്‌ലാബ് ടെക്‌നിഷ്യന്‍ റിസ്വിന്‍ ഒമര്‍ എന്നിവരടങ്ങിയ സംഘം പരോശധനയില്‍ പങ്കാളികളായി.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിനോടനുബന്ധിച്ച് ഹൃദ്രോഗികള്‍ക്കായി കാത്ത് ലാബ് സ്ഥാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ജില്ലയുടെ ചിരകാല സ്വപ്നമായ കാത്ത്‌ലാബ് ഉദ്ഘാടനം ചെയ്തത്. ദിവസേന മൂവായിരത്തിലധികം രോഗികള്‍ ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അത്യാധുനികമായ ഹൃദയ രോഗ പരിചരണം ലഭ്യമാക്കുന്നതിനായാണ് 8 കോടി രൂപ ചിലവില്‍ ഏറ്റവും നൂതനമായ ഐ ജി എസ് 520 മോഡല്‍ കാത്ത്‌ലാബ് സ്ഥാപിച്ചത്. ഇതിനോടനുബന്ധിച്ച് ടി എം ടി, എക്കോ, ഇ സി ജി എന്നിവയുടം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് കാര്‍ഡിയോളജി ഓ പി വിഭാഗം പ്രവര്‍ത്തിക്കുന്നത്.
മഞ്ചേരിയില്‍ കാത്ത്‌ലാബ് ആരംഭിക്കുന്നതിന് മുമ്പ് ഡോ. ഹസന്‍ ജഷീല്‍ നേരിട്ട് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി ആഞ്ജിയോഗ്രാമിന് വിധേയമാക്കുന്നതായിരുന്നു പതിവ്. എന്നാല്‍ പുതിയ സംവിധാനം ആയതോടെ രോഗികള്‍ക്ക് ആശ്വാസവും അനുഗ്രഹവുമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ അഞ്ചിയോ പ്ലാസ്റ്റി, പേസ്‌മേക്കര്‍ ഇംപ്ലാന്റേഷന്‍ തുടങ്ങിയ ഓപ്പറേഷനുകള്‍ ഇവിടെ ചെയ്യും എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ പറഞ്ഞു.

Sharing is caring!