ഏഴ് ആംബുലന്‍സുകളുണ്ടായിട്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നും പനിബാധിച്ച് മരിച്ച 17കാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ കാത്തുനിന്നത് ഒരുമണിക്കൂര്‍

ഏഴ് ആംബുലന്‍സുകളുണ്ടായിട്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നും പനിബാധിച്ച് മരിച്ച  17കാരിയുടെ  മൃതദേഹം കൊണ്ടുപോകാന്‍  കാത്തുനിന്നത് ഒരുമണിക്കൂര്‍

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരില്‍ തലങ്ങും വിലങ്ങും ആംബുലന്‍സുകള്‍ പായുന്ന നഗരത്തില്‍ മൃതദേഹം വീട്ടില്‍കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആംബുലന്‍സ് ഡ്രൈവറെ കാത്തുനിന്നത് ഒരുക്കൂര്‍ സമയം. ഏഴു ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടും ഒന്നിലുംഡ്രൈവര്‍മാരില്ലാത്ത അവസ്ഥ.
മഞ്ചേരി മെഡിക്കല്‍ കോളജിലാണ് സംഭവം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിബാധിച്ച് മരണപ്പെട്ട 17വയസ്സുകാരി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൊണ്ടുപോവാനാണ് അര്‍ദ്ധരാത്രി ആംബുലന്‍സ് തേടി ബന്ധുക്കള്‍ അലഞ്ഞത്, ഈ സമയം മെഡിക്കല്‍ കോളജ് വളപ്പില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്ത് മുങ്ങിയത് ഏഴ് ഡ്രൈവര്‍മാരായിരുന്നു. മഞ്ചേരി മംഗലശ്ശേരിയില്‍ നിന്നുള്ളവരാണ് ഇന്നു പുലര്‍ച്ചെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഒളിച്ചുകളിയില്‍ പെട്ട് വലഞ്ഞത്. ആംബുലന്‍സ് തേടി വലഞ്ഞ യുവാവ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരില്‍ തലങ്ങും വിലങ്ങും ആംബുലന്‍സുകള്‍ പായുന്ന നഗരത്തിലാണ് ഈ ദുര്‍വിധിയെന്നതും ശ്രദ്ധേയമാണ്.

രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവാനാണ് കുടുംബം ഒരു മണിക്കൂര്‍ മെഡിക്കല്‍ കോളജില്‍ അലഞ്ഞത്.
മംഗലശ്ശേരി പൂന്തോട്ടത്തില്‍ സലീമിന്റെ മകള്‍ ഫിദ ഷെറിന്‍ (17) ആണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരണപ്പെട്ടത്. തുടര്‍ന്ന് ആംബുലന്‍സ് തേടി സലീമിന്റെ സുഹൃത്ത് നൗഫലും ഇദ്ദേഹത്തിന്റെ സുഹൃത്തായ ആശുപത്രിയി ജീവനക്കാരനും ചേര്‍ന്ന് ആംബുലന്‍സുകളുടെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തി. വിവിധ സംഘടനകളുടേതും സ്വകാര്യ ഗ്രൂപ്പുകളുടേതുമായി ഏഴ് വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഒരു വാഹനത്തിലും ഡ്രൈവര്‍മാരുണ്ടായിരുന്നില്ല. ആംബുലന്‍സുകളിലുള്ള ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ എല്ലാവരും ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് തടിയൂരി. താന്‍ ഡ്യൂട്ടിയിലല്ല, വീട്ടിലാണ്, വണ്ടി അവിടെയുണ്ടെങ്കിലും ഓടാന്‍ കഴിയില്ല തുടങ്ങിയവയായിരുന്നു ഡ്രൈവര്‍മാരുടെ മറുപടികളെന്ന് നൗഫല്‍ തത്സമയത്തോട് പറഞ്ഞു. നിരന്തരം ശ്രമം തുടര്‍ന്നതോടെയാണ് ഒരു ആംബുലന്‍സ് ഓടാന്‍ തയാറായത്. അപ്പോഴേക്കും മരണം നടന്ന് ഒരു മണിക്കൂറോളമായിരുന്നു.
കിട്ടിയ ആംബുലന്‍സില്‍ മൃതദേഹവുമായി വീട്ടിലെത്തിയതിനു പിന്നാലെ അതേ ആംബുലന്‍സ് തേടി ആശുപത്രിയില്‍ നിന്നു വീണ്ടും വിളിയെത്തിയതായും നൗഫല്‍ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു. അവരുടെ ബന്ധുക്കളും ആംബുലന്‍സ് തേടി അലഞ്ഞ് ലഭിക്കാതെ വന്നതിനിടെ ഈ ആംബുലന്‍സിനെ കുറിച്ച് വിവരം ലഭിക്കുകയും ബന്ധപ്പെടുകയുമായിരുന്നു. ഇതോടെ നൊടിയിടയില്‍ മൃതദേഹം വീട്ടിലെത്തിച്ച് ആംബുലന്‍സ് മടക്കി.
മെഡിക്കല്‍ കോളജ് വളപ്പില്‍ ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിങ് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇവിടെ നിര്‍ത്തുന്ന ആംബുലന്‍സുകള്‍ ഓടാന്‍ തയ്യാറവണമെന്നിരിക്കെ ഡ്രൈവര്‍മാര്‍ കുടുംബത്തെ വട്ടം കറക്കുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് സാമൂഹ്യ സുരക്ഷ വകുപ്പ് ജീവനക്കാരന്‍ കൂടിയായ നൗഫല്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നന്ദകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. ആംബുലന്‍സുകള്‍ക്കെതിരെ മുമ്പും പലതരത്തിലുള്ള പരാതികളുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശശി തത്സമയത്തോട് പറഞ്ഞു.
മെഡിക്കല്‍ കോളജ് പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന ആംബുലന്‍സുകള്‍ ആവശ്യക്കാരെ വട്ടം കറക്കുന്നതായി പരാതികളുള്ളതായി നാട്ടുകാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് വളപ്പിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ആംബുലന്‍സുകളുണ്ടാവുമെങ്കിലും പലപ്പോഴും ഡ്രൈവര്‍മാരുണ്ടാവാറില്ലെന്നും അത്യാവശ്യ ഘട്ടത്തില്‍ ആംബലന്‍സ് തേടി ഇവിടേക്ക് ഓടിയെത്തുന്നവര്‍ നിരാശരായി മടങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

എന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടിക്കാണ് ഈദുരനുഭവമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി
മഞ്ചേരി സ്വദേശിയായ സി.ടി. നൗഫല്‍ എന്ന യുവാവ് അനുഭവം തന്റെ ഫേസ്ബുക്ക് പേജില്‍ വിവരിക്കുന്നത് ഇങ്ങിനെയാണ്
പ്രിയപ്പെട്ടവരെ
വളരെ സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് .ഇന്ന് 25/06/19 ന് രാത്രി ഒരു മണിക്ക് എന്റെ സുഹൃത്തിന്റെ ഏട്ടന്റെ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് പനി ബാധിച്ചു മരണപ്പെട്ടു .മൃതദേഹം കൊണ്ട് പോവുന്നതിനു ആംബുലന്‍സിനു വേണ്ടി ഞങ്ങളും ആശുപത്രി ജീവനക്കാരനായ എന്റെ സുഹൃത്തു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു മാറി മാറി വിളിച്ചെങ്കിലും ആശുപത്രിയുടെയും വിവിധ സംഘടനകളുടെയും പാര്‍ട്ടികളുടെയും ചാരിറ്റി സ്ഥാപനങ്ങളുടെയും എല്ലാം നിരവധി ആംബുലന്‍സുകളും ഉണ്ടായിട്ടും 50 മിനുട്ടിനു ശേഷമാണു ഒരു ആംബുലന്‍സ് ലഭിച്ചത് .ഡ്രൈവര്‍മാര്‍ക്കു വിളിക്കുന്ന സമയത്തെല്ലാം ആശുപത്രിയിലെ ആംബുലന്‍സ് പാര്‍ക്കിംഗ് ചെയ്യുന്ന സ്ഥലത്തു 7 ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട് .ഒടുവില്‍ 50 മിനുട്ടിനു ശേഷം വന്ന ആംബുലന്‍സില്‍ മൃതദേഹവുമായി ഞങ്ങള്‍ പോയി.അവരുടെ വീട്ടിലെത്തി മൃതദേഹം ഇറക്കിവെച്ചു ആംബുലന്‍സ് ആ വീട്ടില്‍ നിന്ന് പോയ ഉടനെ ആശുപത്രി ജീവനക്കാരനും എന്റെ സുഹൃത്തും ഞങ്ങള്‍ക്ക് ആംബുലന്‍സ് ലഭിക്കുന്നതിന് വേണ്ടി പലരെയും വിളിക്കുകയും ചെയ്ത വ്യക്തി എനിക്ക് ഫോണില്‍ വിളിച്ചു ചോദിച്ചു ആ ആംബുലന്‍സ് അവിടെ നിന്ന് പോയോ ,ഇല്ലെങ്കില്‍ ആ ഡ്രൈവറോട് വളരെ ൗൃഴലിമ്യേശ ഹോസ്പിറ്റലിലേക്ക് വരാന്‍ പറ ഒരു രോഗിയുമായി അടിയന്തിരമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോവണം …..ഇതാണ് മഞ്ചേരിയിലെ അവസ്ഥ .
ആംബുലന്‍സ് എന്നത് ഒരു സര്‍വീസും ഒരു എമര്‍ജന്‍സി വാഹനം ആണ് എന്നാണ് എന്റെ പരിമിതമായ അറിവില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത് .
എന്നാല്‍ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് അത്യാവശ്യമായി ഒരു രോഗിയെ കൊണ്ട് പോവേണ്ടി വന്നാല്‍ ഒരു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വരുന്ന അവസ്ഥ മഞ്ചേരിക്കാര്‍ക് മാത്രമല്ല കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നാണ് .അത് കൊണ്ട് തന്നെ മഞ്ചേരിയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നവര്‍ രാത്രിയില്‍ കൂടി അവരുടെ സേവനം ലഭ്യമാകുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ചെയ്യണം

Sharing is caring!