ചേലേമ്പ്ര രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് പഞ്ചായത്തായി ജൂലൈ 15ന് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പ്രഖ്യാപിക്കും
മലപ്പുറം: പ്രഥമ ശുശ്രൂഷ രംഗത്ത് ജനങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ചേലേമ്പ്ര രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് പഞ്ചായത്തായത്തെന്ന ഖ്യാതിയിലേക്ക്. രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷന് ഇന്ത്യയും ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ സ്ഥാപനവും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷന് ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ജൂലൈ 15ന് നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് പിന്തുണ തേടി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷവര്‍ധനനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മുഖേന യുനിസെഫിനും അടുത്ത ദിവസങ്ങളിലായി പദ്ധതി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് പറഞ്ഞു. പ്രഥമ ശുശ്രൂഷയില്‍ ജനങ്ങള്‍ക്ക് നല്കുന്ന പ്രായോഗിക പരിശീലനം ഈ മാസം 30നകം പൂര്‍ത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങള്‍, മിന്നല്‍,വൈദ്യുതാഘാതം, പാമ്പുകടിയേല്‍ക്കല്‍, വാഹനാപകടങ്ങള്‍, കുഞ്ഞിന് ഭക്ഷണം തരിപ്പില്‍ പോകല്‍, ശ്വാസംമുട്ടല്‍ ഉണ്ടാകുക, കുഴഞ്ഞ് വീഴുക, ആത്മഹത്യാശ്രമം, തലചുറ്റല്‍, പൊള്ളല്‍, അപസ്മാരം, മൃഗങ്ങളുടെ ദംശനം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ ആശുപത്രികളിലെത്തും മുമ്പ് നല്കാന് ജനങ്ങളെ പര്യാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രക്ഷാപ്രവര്‍ത്തനത്തിലെ അപാകതകള്‍ അപകടത്തില്‍പ്പെട്ട യാള്‍ക്ക് ഉപദ്രവമാകാതിരിക്കാന്‍ കൂടി ലക്ഷൃമിട്ടാണ് പരിശീലനം.
പദ്ധതി ചേലേമ്പ്ര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചപ്പോള്‍ മാതൃകാ പ്രൊജക്ടായി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഔദ്യോഗികമായി തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ രണ്ട് മാസം മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി ഇതിനകം പ്രായോഗിക പരിശീലന ക്ലാസുകള്‍ നല്‍കിക്കഴിഞ്ഞു. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളേജ് അധ്യാപകനും രാമനാട്ടുകര ഐക്കരപ്പടി സ്വദേശിയുമായ കെ.ആര് വിമലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് പ്രഥമ ശുശ്രൂഷയില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഹീലിംഗ് ഹാന്റ് സ് ഫൗണ്ടേഷന് എന്ന എന്‍.ജി.ഒ സംരംഭത്തിന് തുടക്കമിടുന്നത്.
പ്രഥമ ശ്രുശൂഷ കൃത്യമായ സമയത്ത് ലഭിക്കാത്തതിനാലുണ്ടായ സ്വന്തം കുടുംബത്തിലെയും പരിസരവാസികളില്‍ പലരുടെയും ദുരനുഭവങ്ങളാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും സദുദ്ദേശ്യത്തോടെ സമൂഹത്തിലേക്ക് ഇറങ്ങാനും വിമലിനെയും സുഹൃത്തുക്കളെയും പ്രേരിപ്പിച്ചത്. രാജ്യത്താകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന അഭിലാഷത്തോടെ തുടങ്ങിയ സംരംഭത്തിന്റെ ഗുണഫലം ആദ്യഘട്ടത്തില്‍ ചേലേമ്പ്ര നിവാസികള്‍ക്കാണ് ലഭിക്കുന്നത്. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്തുണയോടെ ദേവകിയമ്മ ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന വളണ്ടിയര്‍മാരാണ് ജനങ്ങള്‍ക്ക് പ്രയോഗിക പരിശീലനം നല്‍കുന്നത്. കോട്ടണ്‍, ആന്റി സെപ്റ്റിക് ലോഷന്‍, ആന്റി സെപ്റ്റിക് ക്രീം, മെഡിക്കേറ്റഡ് ബാഡ്ജുകള്‍, അഡ് ഹെസീവ് പ്ലാസ്റ്ററുകള്‍, ഒ ആര്.എസ് പൗഡര്‍, സ്പ്ലിന്റ്, കത്രിക, ഗ്ലൗസുകള്‍, ഫെയ്സ് മാസ്കുകള്‍, ആല്‍ക്കഹോള്‍ സ്വാബുകള്‍ തുടങ്ങിയവ കൂടി ലഭ്യമാക്കിയാണ് പ്രവര്‍ത്തനം. അഞ്ചര ലക്ഷം രൂപ ചെലവിലാണ് മിഷന് ഫസ്റ്റ് എയ്ഡിന്റെ ആദ്യഘട്ടം.ഫൗണ്ടേഷന് ചെയര്മാന് കെ.ആര് വിമലിനൊപ്പം ടി.എസ് അംജിത്ത്, വി സുരേഷ്, എന്‍.കെ രവീന്ദ്രന്, വൈശാഖ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കുന്നത്. ചേലേമ്പ്രയിലെ പ്രവര്‍ത്തനത്തിനൊപ്പം ജില്ലയിലും സംസ്ഥാനത്തും രാജ്യത്തുമായി മിഷന് ഫസ്റ്റ് എയ്ഡ് വ്യാപിപ്പിക്കാനാണ് ഹീലിംഗ് ഹാന്റ്സ് ഫൗണ്ടേഷന്റെ തീരുമാനം.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]