വാക്കുപാലിച്ച് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജി വെയ്ക്കണമെന്ന് ഇ.ടി , രാജി വെയ്ക്കില്ലെന്ന് അന്‍വര്‍

വാക്കുപാലിച്ച് അന്‍വര്‍  എം.എല്‍.എ സ്ഥാനം  രാജി വെയ്ക്കണമെന്ന് ഇ.ടി , രാജി വെയ്ക്കില്ലെന്ന് അന്‍വര്‍

പൊന്നാനി: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെയ്ക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും ഇ. ടി പറഞ്ഞു.

എന്നാല്‍, കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളിലും എല്‍.ഡി.എഫിന് പരാജയം സംഭവിച്ചതിനാല്‍ താന്‍ മാത്രം എം.എല്‍.എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പ്രതികരിച്ചു. സംസ്ഥാനത്ത് കൂട്ടത്തോല്‍വി ഉണ്ടായതിനാല്‍ രാജിവെയ്‌ക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം ഇ.ടിക്ക് മറുപടി നല്‍കി.

എം.പിയും എം.എല്‍.എയും തമ്മിലായിരുന്നു ഇത്തവണ പൊന്നാനിയില്‍ മത്സരം. മുസ്ലിംലീഗിന്റെ തട്ടകമായ പൊന്നാനി മണ്ഡലത്തില്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്യുമെന്ന പ്രതീക്ഷിയിലായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ അന്‍വറിനെ മറികടന്ന് സിറ്റിംഗ് എം.പിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം കൈവരിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍വോട്ടുനേടുകയും ചെയ്തു.
മണ്ഡലത്തില്‍പോളിംഗ് 75.37 ശതമാനമായി ഉയര്‍ന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലായിരുന്നു. 50,000 മുതല്‍ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനെ കടന്നാണ് രണ്ടുലക്ഷത്തോളംവരുന്ന ഭൂരിപക്ഷ ലഭിച്ചത്.
എന്നാല്‍ മണ്ഡലത്തില്‍ പതിനായിരത്തില്‍താഴെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ ജയിക്കുമെന്ന് എല്‍.ഡി.എഫും കണക്ക് കൂട്ടിയിരുന്നത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലില്‍നിന്നും, തിരൂരങ്ങാടിയില്‍നിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടിയിരുന്നു. മറ്റു മണ്ഡലങ്ങളായ തിരൂര്‍, താനൂര്‍, തൃത്താല മണ്ഡലങ്ങളില്‍നിന്നും പതിനായിരംമുതല്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍നിന്നെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. തവനൂരില്‍ എല്‍.ഡി.എഫിന് മൂന്‍തൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നെങ്കിലും ഇവിടെയും യു.ഡി.എഫ് മുന്നേറ്റമായിരുന്നു. കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളില്‍നിന്നെല്ലാം താന്‍മുന്നിട്ടുനില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്‍വര്‍, അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അന്‍വറിന്റെ അവകാശ വാദം. അ
75.37 ശതമാനം പോളിംഗ് നടന്ന പൊന്നാനി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് താനൂര്‍ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് പോളിങ് നടന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതലും, കുറവും പോളിംഗ് നടന്നത് എല്‍.ഡി.എഫിന്റെ നിയമസഭാ മണ്ഡലങ്ങളലാണ്. അതേ സമയം പോളിംഗിന് ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമാകുകയും അന്‍വറിന് പാര്‍ട്ടി താക്കീത് നല്‍കുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ സി.പി.ഐ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും സി.പി.ഐ നേതാവും, വയനാട് ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.പി.സുനീറിന് കൂറ് മുസ്ലിംലീഗിനോടാണെന്നും തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് അന്‍വറിനെതിരെ ജില്ലയില്‍ വ്യപാക പ്രതിഷേധ പ്രകടനങ്ങളും, കോലംകത്തിക്കലുംവരെ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തി.
്എല്‍.ഡി.എഫ് പതിനായിരത്തില്‍താഴെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍വലിയ തോല്‍വിയുണ്ടാകുമെന്ന് ഒരു വിഭാഗം എല്‍.ഡി.എഫുകാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധികേസുകളിലും, വിവാദങ്ങളിലും ആരോപണ വിധേയനായ അന്‍വറിന് മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണ ജനകീയ സ്ഥാനാര്‍ഥിയുമായി രംഗത്തുണ്ടായിരുന്ന വെല്‍ഫെയര്‍പാര്‍ട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കണക്ക് കുട്ടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് ദോഷംചെയ്യുമെന്ന കണക്ക്കൂട്ടലുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇ.ടിക്കെതിരെ ഇടഞ്ഞു നിന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടാകുമോയെന്നും, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പി.വി.അന്‍വറിന് ലഭിച്ചതും ഗുണംചെയ്തില്ല.

അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിംലീഗിനെതിരേയും വിവാദ പ്രസ്താവനയുമായി പി.വി.അന്‍വര്‍ രംഗത്തുവന്നിരുന്നു. ലീഗ് പ്രമുഖ നേതാക്കളുടെ മുഖംമൂടി വലിച്ചുകീറുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആ തെളിവുകള്‍ തെരഞ്ഞെടുപ്പില്‍ താന്‍ പുറത്തുവിട്ടിരുന്നുവെങ്കില്‍ യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ മലബാറില്‍ ഒരു സീറ്റുപോലും ലഭിക്കില്ലായിരുന്നുവെന്നുമാണ് പി.വി.അന്‍വര്‍ പറഞ്ഞത്. ഇനിയും തന്നെ വ്യക്തി ഹത്യചെയ്യാനാണ് മുസ്ലിംലീഗിന്റെ തീരുമാനമെങ്കില്‍ ഈ തെളിവുകള്‍ പുറത്തുവിടുമെന്നും ഇത് മുസ്ലിംലീഗ് നേതാക്കള്‍ക്കുള്ള താക്കീതാണെന്നും പി.വി.അന്‍വര്‍ പറഞ്ഞു. എന്നാല്‍ ഇത് ലീഗിന്റെ ഏതു നേതാക്കള്‍ക്കെതിരെയുള്ളതാണെന്ന് പറയില്ലെന്നും ഇത് താന്‍ പറയുമ്പോള്‍ ആ നേതാക്കള്‍ക്ക് തന്നെ മനസ്സിലാകുമെന്നും അന്‍വര്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്, മാസങ്ങളായി തനിക്കെതിരെ ലീഗുകാര്‍ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുയാണ്, താന്‍ പുറത്തുവിടുന്ന തെളിവുകള്‍ ലീഗുനേതാക്കളുടെ കുടുംബ ജീവിതത്തെ തകര്‍ക്കുന്നതും അവരുടെ ജനസമ്മതി തകര്‍ക്കുകയും ചെയ്യുന്ന തെളിവുകളാകുമെന്നും അന്‍വര്‍ പറഞ്ഞു. ഇതിന്റെ കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ട്, മുസ്ലിംമത വിഭാഗത്തില്‍ വരുത്താന്‍ പോകുന്ന വലിയൊരു മാറ്റമാകും ഇതെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന പലരുടേയും കൃത്യമായ മുഖം ഈ നാട്ടിലെ ജനങ്ങള്‍ കാണും, ഈ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഈ നേതാക്കള്‍ക്ക് പിന്നീട് സമൂഹത്തില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും, ഈ തെളിവുകള്‍ താന്‍ ഉപയോഗിക്കാത്തത് തന്റെ വ്യക്തിപരമായ ചില മര്യാദകള്‍ കൊണ്ടാണ്, അത് തെരഞ്ഞെടുപ്പ് രാഷ്ര്ടീയത്ത് ഞാന്‍ ഉപയോഗിച്ചരുന്നെങ്കിലും മലബാറില്‍ ഒരു സീറ്റും അവര്‍ക്ക് ലഭിക്കില്ലായിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ പുറത്തുവന്നാല്‍ അവര്‍ക്കൊപ്പം തന്നെ മുസ്ലിംസമുദായത്തിനും ചീത്തപ്പേരുണ്ടാകുമെന്നതിനാലാണ് താന്‍ ഇക്കാര്യം പുറത്തുവിടാതിരുന്നത്, പക്ഷെ ഇനിയും എന്നെ വ്യക്തിപരമായി ഹത്യനടത്താനാണ് അവരുടെ തീരുമാനമെങ്കില്‍ അങ്ങിനെയാണ് അണികള്‍ക്ക് ലീഗ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ആ തെളിവുകള്‍ താന്‍ പുറത്തുവിടുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

നേരത്തെ സി.പി.ഐക്കും സി.പി.ഐ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി പി.പി.സുനീറിനുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്ന അന്‍വറിനെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലീഗിനെതിരെ കടുത്ത ആരോപണവുമായി അന്‍വര്‍ രംഗത്തുവന്നത്.
സി.പി.ഐക്കെതിരെയുള്ള പി.വി.അന്‍വറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.വൈ.എഫ് രംഗത്തുവന്നിരുന്നു. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാക്‌പോരിന് തുടക്കമിട്ടത്. മലപ്പുറത്ത് സി.പി.ഐ.യും, മുസ്ലിം ലീഗും തമ്മില്‍ വ്യത്യാസമില്ലെന്നും, തെരഞ്ഞെടുപ്പിലും സി.പി.ഐയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന പി.വി.അന്‍വറിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി രംഗത്തെത്തിയത്.
അന്‍വറിന്റെ പ്രസ്താവന വന്നതോടെയാണ് മുനിസിപ്പല്‍ കമ്മറ്റിയുടെ പേജില്‍ പിവി അന്‍വറിനെതിരെ രൂക്ഷ വംശമുയര്‍ന്നത്. അന്‍വറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ … ഞങ്ങള്‍ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിന്റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളി പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് .
ഇങ്ങനെയായിരുന്നു എഫ്.ബി. പോസ്റ്റ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.അന്‍വറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും, തങ്ങളെ ആക്ഷേപിച്ച അന്‍വറിനെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പല്‍ കമ്മറ്റി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജനാധിപത്യ മര്യാദ അനുസരിച്ച് വിഷയത്തില്‍ തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു

സി.പി.ഐ രൂക്ഷമായ വിമര്‍ശിച്ച പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി.അന്‍വറിന്റെ കോലം വീണ്ടും കത്തിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും പൊന്നാനിയിലും കോലംകത്തിച്ചതിന് പിന്നാലെ എടപ്പാളിലും, തിരൂരങ്ങാടിയിലുമാണ് വീണ്ടും കോലംകത്തിച്ചത്. പി.വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സി.പി.ഐ ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് വെച്ചാണ് പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും നടത്തിയത്. കുന്നിടിച്ചും, പരിവര്‍ത്തനപ്പെടുത്തിയും, ഭൂമി കയ്യേറ്റം നടത്തിവരികയായിരുന്ന പി.വി അന്‍വറിനെ നിയമവിരുദ്ധമായി സി.പി.ഐ സഹായിച്ചില്ലന്നതാണ് അന്‍വറിനെ ചൊടിപ്പിച്ചതത്രെ. മുതലാളിതത്വത്തിന്റെ തനി സ്വരൂപമാണ് അന്‍വര്‍ കാണിച്ചതെന്നും ഇത് ജനപ്രതിനിധിയുടെ വാക്കുകളായി കാണാനാകില്ലെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ പറഞ്ഞു. വോട്ടര്‍മാരെയും സി.പി.ഐ പ്രവര്‍ത്തകരെയും അധിക്ഷേപിച്ച അന്‍വറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് ജില്ലയില്‍ അങ്ങോളം അരങ്ങേറിയത്. ഇനിയും ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ സി.പി.ഐ ക്കെതിരെ തുടര്‍ന്നാല്‍ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പറഞ്ഞിരുന്നു.

Sharing is caring!