പി.കെ.ബഷീര്‍ ആദ്യമെ പറഞ്ഞു ഏറനാട്ടില്‍നിന്നും രാഹുല്‍ഗാന്ധിക്ക് അമ്പതിനായിരത്തിലധികം ഭൂരിപക്ഷം നല്‍കുമെന്ന്, നാക്ക് പൊന്നാക്കി രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്-56527

പി.കെ.ബഷീര്‍ ആദ്യമെ പറഞ്ഞു ഏറനാട്ടില്‍നിന്നും രാഹുല്‍ഗാന്ധിക്ക് അമ്പതിനായിരത്തിലധികം ഭൂരിപക്ഷം നല്‍കുമെന്ന്, നാക്ക് പൊന്നാക്കി രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്-56527

മലപ്പുറം: ഏറനാട് നിയോജക മണ്ഡലം പി.കെ ബഷീറിന്റെ കണക്ക് കൂട്ടല്‍ വളരെ കൃത്യമായിരുന്നു. എലക്ഷന് മുമ്പ് അദ്ദേഹം എല്ലാ വേദികളിലും ഏറനാട്ടില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് 50,000 ന് മുകളില്‍ ഭൂരിപക്ഷം ഉണ്ടാവും എന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. കുനിയില്‍ വെച്ച് രമേശ് ചെന്നിത്തല ഒരു പവന്‍ സ്വര്‍ണ്ണ നാണയം അദ്ദേഹത്തിന് സമ്മാനവും ഓഫര്‍ ചെയ്തു. അദ്ദേഹത്തിന്റെ നാക്കും വാക്കും പൊന്നാക്കി ഏറനാട്ടില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് 56527 വോട്ടുകള്‍ ലഭിച്ചു.. മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സറിയുന്ന ജനപ്രതിനിധികള്‍ക്ക് മാത്രമെ ഇങ്ങനെ പ്രവചിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇതിനെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പി.കെ.ബഷീറിനെ അഭിനന്ദിക്കുന്നവര്‍ പറയുന്നത്.

കര്‍മഭൂമിയായ അമേഠിയില്‍ കാലിടറിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് മാനം കാത്തത്. സംസ്ഥാനത്താകെ യു.ഡി.എഫ്. തരംഗത്തിന് ബലമേകിയ രാഹുല്‍ഗാന്ധി വയനാട്ടില്‍ നേടിയ വിജയം സംസ്ഥാനത്തെ എക്കാലത്തെയും വലിയ പടുകൂറ്റന്‍ വിജയമായി. മൂന്നുലക്ഷത്തിലേറെ വോട്ടിന് രാഹുല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചതെങ്കിലും അവരുടെയെല്ലാം മനസ്സില്‍ തുടക്കംമുതല്‍ അഞ്ചുലക്ഷം വോട്ടിന്റെ മേല്‍ക്കൈയായിരുന്നു. അതിനോടടുത്ത് 4,31,770 വോട്ടിന് വിജയിച്ചുവന്നതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്വന്തമാക്കിയത്.
പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടുന്ന ദേശീയ നേതാവ് എന്ന നിലയിലും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം എല്ലാവിഭാഗം ജനങ്ങള്‍ക്കുമിടയില്‍ വലിയസ്വാധീനം ചെലുത്തിയതായി പ്രചാരണവേളയില്‍ത്തന്നെ വ്യക്തമായിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായി എന്‍.ഡി.എ. പ്രതീക്ഷിച്ച വോട്ട് വിഹിതവും രാഹുലിന്റെ പെട്ടിയിലാണ് വീണത്. വോട്ടര്‍മാരുടെ എണ്ണത്തിലും പോളിങ്ങിലും വലിയ വര്‍ധനയുണ്ടായിട്ടും എതിരാളികളുടെയെല്ലാം വോട്ടുവിഹിതം കുറയാന്‍ ഇതൊക്കെ കാരണമായി.
രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നതിന്റെ പിന്നിലെ സന്ദേശമെന്തെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കടന്നാക്രമിച്ച എല്‍.ഡി.എഫ്. നേതാക്കളുടെ ആശങ്കകളാണ് വോട്ടെണ്ണിയതോടെ യാഥാര്‍ഥ്യമായത്. രാഹുല്‍ സ്ഥാനാര്‍ഥിയായതോടെ ഇടതുമുന്നണി എണ്ണയിട്ടയന്ത്രംപോലെ പ്രചാരണരംഗത്ത് സജീവമായിരുന്നു. അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനക്കൂട്ടത്തെ അണിനിരത്തി വമ്പന്‍ റോഡ് ഷോകളും അവരൊരുക്കി. വയനാട് രാഹുലിന്റെ വാട്ടര്‍ലൂ ആവുമെന്നായിരുന്നു സീതാറാം യെച്ചൂരിയും പിണറായി വിജയനും അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനം. രാഹുലിനെ തോല്‍പ്പിക്കുക എന്നതിനപ്പുറം രാഹുല്‍തരംഗത്തില്‍ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോവുന്നത് തടയുകയായിരുന്നു എല്‍.ഡി.എഫിന്റെ ലക്ഷ്യം. പക്ഷേ, യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളെല്ലാം സമാഹരിച്ചതിനൊപ്പം എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിലേക്കും രാഹുലിന് കടന്നുകയറാനായി. രാഹുലിനെതിരേ ബി.ജെ.പി.സ്ഥാനാര്‍ഥി മത്സരിക്കാനെത്താതിരുന്നത് അവരുടെ അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി വമ്പന്‍ റോഡ്‌ഷോകളിലൂടെ കളം നിറയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞതവണത്തെ വോട്ട് നിലയിലെത്താനായില്ല.

രാഹുല്‍ഗാന്ധി ചെലുത്തിയ സ്വാധീനം വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങള്‍മുതല്‍ പ്രകടമായിരുന്നു. ആദ്യറൗണ്ടില്‍ നേടിയ 5510 വോട്ടില്‍ തുടങ്ങിയ മുന്നേറ്റം ഓരോ ഘട്ടത്തിലും അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ 5.18 ശതമാനം വോട്ടെണ്ണിയപ്പോള്‍ ലീഡ് 25,801 വോട്ടായി. 36.66 ശതമാനമായപ്പോള്‍ 2009-ല്‍ എം.ഐ. ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം മറികടന്നു. 46.72 ശതമാനം എണ്ണിയപ്പോള്‍ സംസ്ഥാനത്തെ റെക്കോഡും രാഹുലിന് മുന്നില്‍ പഴങ്കഥയായി. 2014-ല്‍ മലപ്പുറത്ത് ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അതുവരെ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന ഭൂരിപക്ഷം. 47.18 ശതമാനമായപ്പോള്‍ ഭൂരിപക്ഷം 2,01,442 ആയി. 71.57 ആയപ്പോള്‍ 3,03,512 ല്‍ എത്തിയ ഭൂരിപക്ഷം 93.22-ല്‍ എത്തിയപ്പോള്‍ 4,03,012 ആയി.

Sharing is caring!