മലപ്പുറത്തെ മത സഹോദര്യത്തിന്റെ മറ്റൊരു മുഖം, വളാഞ്ചേരിയിലെ പ്രഭാകരേട്ടന്റെ വീട്ടിലെ ഇഫ്താര്‍ സ്‌നേഹവിരുന്ന്

മലപ്പുറത്തെ മത  സഹോദര്യത്തിന്റെ മറ്റൊരു മുഖം, വളാഞ്ചേരിയിലെ പ്രഭാകരേട്ടന്റെ വീട്ടിലെ ഇഫ്താര്‍ സ്‌നേഹവിരുന്ന്

വളാഞ്ചേരി: മാനവികതയും നന്മയും ഒത്തുചേര്‍ന്ന് പ്രഭാകരേട്ടന്റെ വീട്ടില്‍ ഇഫ്താര്‍ സ്‌നേഹവിരുന്ന് നടന്നു. ഇഫ്താര്‍ വിരുന്നില്‍ രാഷ്ര്ടീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. മൂന്ന് പതിറ്റാണ്ട് കാലമായി റമദാന്‍ മാസത്തിന്റെ പുണ്യവും വ്രതാനുഷ്ടാനത്തിന്റെ ചൈതന്യവും തൊട്ടറിയുന്നുണ്ട് വളാഞ്ചേരി സ്വദേശി കോട്ടീരി പൊന്നാത്ത് വീട്ടില്‍ പ്രഭാകരന്‍ എന്ന വെസേ്റ്റണ്‍ പ്രഭാകരന്‍. മുപ്പത് വര്‍ഷം മുമ്പ് തന്റെ ഒരു മുസ്ലിം സുഹൃത്ത് നോമ്പെടുക്കുന്നത് കണ്ടാണ് നോമ്പ് നോല്‍ക്കാന്‍ പ്രഭാകരന്‍ തയ്യാറായത്. അന്ന് മുതല്‍ എല്ലാ വര്‍ഷവും ഇദ്ദേഹം നോമ്പനുഷ്ടിക്കുന്നുണ്ട്. മാത്രമല്ല കുറേ കാലമായി സമൂഹ ഇഫ്താര്‍ വിരുന്നും ഒരുക്കാറുണ്ട് പ്രഭാകരന്‍. എല്ലാവരെയും വിളിച്ചു വരുത്തി തന്റെ വീട്ടുമുറ്റത്തെ പന്തലില്‍ അദ്ദേഹം സ്‌നേഹം കൊണ്ട് വിരുന്നൂട്ടും. തൊട്ടടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് കൊടുത്തപ്പോള്‍ നോമ്പ് തുറക്കാനായി മണ്‍ഗ്ലാസില്‍ ആണ് വെള്ളവും ജ്യൂസുമെല്ലാം നല്‍കിയത്. സ്‌പെഷലായി പൊടിയരിക്കഞ്ഞിയുമുണ്ടായിരുന്നു. തുടര്‍ന്ന് നമസ്‌ക്കരിക്കാന്‍ വീടു നുള്ളില്‍ സൗകര്യമൊരുക്കുകയും അടുക്കളയൊഴികെ എല്ലാ റൂമിലും നമസ്‌കരിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. ഉമ്മറത്ത് അമ്മ കൊളുത്തി വെച്ച നിലവിളക്കിന്റെ താഴെയാണ് നമസ്‌കരിക്കാനുള്ള സൗകര്യമൊരുക്കുന്നത് എന്നത് മത സൗഹാര്‍ദത്തിന്റെ മായാതെ സൂക്ഷിക്കേണ്ട ചിത്രങ്ങളിലൊന്നാണ്. തീന്‍മേശയോളം വലുപ്പമുള്ള ദോശ എല്ലാവരും ചേര്‍ന്ന് പങ്ക് വെച്ച് കഴിച്ചപ്പോള്‍ അത് മറ്റൊരു മാതൃകയാണ് പ്രഭാകരേട്ടന്റെ ഇഫ്താര്‍ വിരുന്നിനോടൊപ്പം പകര്‍ന്ന് നല്‍കിയത്. പിന്നെ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. തികച്ചും ഹരിത പ്രോട്ടോക്കോളിലായിരുന്നു എല്ലാം ഒരുക്കിയിരുന്നത്. കൂട്ട് കൂടലും ഒത്തുചേരലും ഇല്ലാതാകുന്ന കാലത്ത് മാനവികതയുടെ യഥാര്‍ഥ സന്ദേശം നല്‍കലായിരുന്നു പ്രഭാകരേട്ടന്റെ ഇഫ്താര്‍ വിരുന്ന്. കാലത്തിന് സൂക്ഷിച്ച് വെക്കേണ്ട സ്‌നേഹാഘോഷമാണ് ഈ ഇഫ്താര്‍ വിരുന്ന്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, നോവലിസ്റ്റ് പി. സുരേന്ദ്രന്‍, ഒരേ ദിവസം തന്റെ വൃക്കകള്‍ ദാനം ചെയ്ത ദമ്പതിമാരില്‍പ്പെട്ട ആര്യ മഹര്‍ഷി, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം വി. ഉണ്ണികൃഷ്ണന്‍, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ.എന്‍.എം. മുജീബ് റഹ്മാന്‍, ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ് പ്രസംഗിച്ചു. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാകുന്ന രവീന്ദ്രന്റ ചികിത്സാനിധിയിലേക്കുള്ള ധനസഹായം ചടങ്ങില്‍ പ്രഭാകരന്റെ മാതാവ് ദേവകി അമ്മ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എക്ക് കൈമാറി. കെ.എം. അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫലി കാളിയത്ത്, കെ.കെ. ഫൈസല്‍ തങ്ങള്‍, ടി.എം. പത്മകുമാര്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍, ശരീഫ് പാലോളി, സലാം വളാഞ്ചേരി, മാനവേന്ദ്രനാഥ് വളാഞ്ചേരി, നജീബ് കുറ്റിപ്പുറം, ഡോ. എന്‍. മുഹമ്മദാലി സംബന്ധിച്ചു.

Sharing is caring!