മുസ്ലിംലീഗ് സ്ഥാനാര്‍ഥികളുടെ വിജയം ആഘോഷിക്കാന്‍ പ്രത്യേക ഗാനങ്ങള്‍വരെ സജ്ജം
മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിച്ച് പാര്‍ട്ടിയും പ്രവര്‍ത്തകരും, നേതാക്കളുടെ വിജയാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രത്യേക ഗാനങ്ങള്‍വരെ തെയ്യാറാക്കികഴിഞ്ഞു. മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയും, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും വന്ഭൂരിപക്ഷത്തില്വിജയിക്കുമെന്നു നേതൃത്വം ഉറപ്പിച്ചതോടെ റമദാന് നോമ്പുമാസമായതിനാല്‍ അമിതാഹ്ളാദംവേണ്ടെന്ന ആഹ്വാനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളും രംഗത്തുവന്നു. തീപാറും പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ച പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി.അന്‍വറിനെ അപഹാസ്യമാക്കുന്ന രീതിയിലുള്ള പാരഡിഗാനങ്ങളെല്ലാം മുസ്ലിംലീഗ് അണിയറിയില്‍ ഒരുക്കിക്കഴിഞ്ഞു. മലപ്പുറത്ത് വിജയം ഉറപ്പാണെന്നതിനാല്‍ തന്നെ കടുത്ത ഇവിടുത്തെക്കാള്‍ കൂടുതല്‍ ആഹ്ളാദം പൊന്നാനി മണ്ഡലത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ നടത്തുക. പി.വി.അന്‍വറിന്റെ പ്രചരണ പരിപാടികളില്‍ വന്‍തോതില്‍ ആളുകളുണ്ടായതും, വിവാദ പ്രസ്താവനകള്‍ നടത്തി രംഗത്തുവന്നതുമെല്ലാം ലീഗ് അണികള്‍ക്കിടയില്‍ അന്‍വറിനെതിരെ കൂടുതല്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ആഹ്ളാദ പ്രകടത്തില്‍ കാണിക്കാനാണ് ലീഗ് പ്രവര്‍ത്തകര്‍ കരുതുന്നത്. എന്നാല്‍
ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രകടനങ്ങളിലും മറ്റു വിജയാഹ്ലാദ പരിപാടികളിലും മിതത്വം പാലിക്കണമെന്നും റമസാന്റെ പവിത്രത ഉയര്‍ത്തിപിടിക്കുന്നതായിരിക്കണം പ്രവര്‍ത്തകരുടെ ഓരോ പ്രതികരണവുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോടും യുഡിഎഫ് അനുഭാവികളോടും ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളെ രാഷ്ട്രീയ കാഴ്ച്ചപ്പാടോടെ സമീപിക്കാനും പ്രതിപക്ഷ ബഹുമാനം പുലര്‍ത്താനും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രഖ്യാപനം സംബന്ധിച്ച പ്രകടനങ്ങളിലോ മുദ്രാവാക്ക്യങ്ങളിലോ സംസാരങ്ങളിലോ വ്യക്തിപരമായ അധിക്ഷേപങ്ങളോ സഭ്യേതരമായ പദപ്രയോഗങ്ങളോ ചമയങ്ങളോ നാടിന്റെ സമാധാനത്തിനും മൈത്രിക്കും ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളോ ഉണ്ടാവാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തണം. മറുപക്ഷത്തുനിന്ന് പ്രകോപനപരമായ സമീപനങ്ങളുണ്ടായാല്‍ പോലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും മാത്രമേ പ്രതികരിക്കാവൂ.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനം കഴിഞ്ഞാല്‍ എതിര്‍കക്ഷിയുടെ ഓഫീസുകളും ബോര്‍ഡുകളും അലങ്കാരങ്ങളും മറ്റും നശിപ്പിക്കുന്ന പ്രവണതയും ഗതാഗതം തടസ്സപ്പെടുത്തുകയും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന രീതികളും സമീപ കാലത്ത് വര്‍ദ്ധിച്ചുവരികയാണ്. നാടിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് നിരക്കാത്ത ഇത്തരം നടപടികളില്‍ യാതൊരു കാരണവശാലും മുസ്ലിംലീഗിന്റെയോ യുഡിഎഫിന്റെയോ പ്രവര്‍ത്തകര്‍ ഉള്പെടരുത്. രാഷ്ട്രീയം നാടിന്റെ നന്മക്കും വിമോചനത്തിനുമുള്ളതാണെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം ഓരോ പ്രവര്‍ത്തനവും. ജനമാണ് നാടിന്റെ സമ്പത്ത്. സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ അലോസരമുണ്ടാക്കുന്നതൊന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പൊന്നാനിയില്‍ ഇങ്ങിനെ
എം.പിയും എം.എല്‍.എയും തമ്മില്‍ നടന്ന മത്സരത്തില്‍ ആരാകും പൊന്നാനിയില്‍ വിജയിച്ചുകയറുകയെന്നതാണ് പൊന്നാനി ലോകസഭാമണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. മുസ്ലിംലീഗിന്റെ തട്ടകമായ പൊന്നാനി മണ്ഡലത്തില്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്യുമോ, അതോ തിരിച്ചടിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്, സിറ്റിംഗ് എം.പിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം ഉറപ്പിക്കുമ്പോള്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്വോട്ടുനേടാനാകുമെന്ന പ്രതീക്ഷയിലാണ്.
മണ്ഡലത്തില്പോളിംഗ് 75.37 ശതമാനമായി ഉയര്‍ന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലാണ്, 50,000 മുതല്‍ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പതിനായിരത്തില്‍താഴെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ ജയിക്കുമെന്ന് എല്‍.ഡി.എഫും കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലില്‍നിന്നും, തിരൂരങ്ങാടിയില്‍നിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്, മറ്റു മണ്ഡലങ്ങളായ തിരൂര്‍, താനൂര്‍, തൃത്താല മണ്ഡലങ്ങളില്‍നിന്നും പതിനായിരംമുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. പൊന്നാനിയിലും മുമ്പിലെത്തുമെന്ന് പ്രതീക്ഷയുണ്ട്, തവനൂരില്‍ എല്‍.ഡി.എഫിന് മൂന്‍തൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നു. എന്നാല്‍ കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളില്‍നിന്നെല്ലാം താന്മുന്നിട്ടുനില്ക്കുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍, അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അന്‍വറിന്റെ അവകാശ വാദം. അതേ സമയം മുന്‍തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും, എസ്.ഡി.പി.ഐയും.ഇത്തവണ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ കാണിച്ച് ഇരുമുന്നണികളേയും ഞെട്ടിക്കാനുള്ള നീക്കത്തലാണ് പി.ഡി.പി.യും.75.37 ശതമാനം പോളിംഗ് നടന്ന പൊന്നാനി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് താനൂര്‍ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് പോളിങ് നടന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതലും, കുറവും പോളിംഗ് നടന്നത് എല്‍.ഡി.എഫിന്റെ നിയമസഭാ മണ്ഡലങ്ങളലാണ്. അതേ സമയം പോളിംഗിന് ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമാകുകയും അന്‍വറിന് പാര്‍ട്ടി താക്കീത് നല്‍കുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ സി.പി.ഐ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും സി.പി.ഐ നേതാവും, വയനാട് ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.പി.സുനീറിന് കൂറ് മുസ്ലിംലീഗിനോടാണെന്നും തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് അന്‍വറിനെതിരെ ജില്ലയില്‍ വ്യപാക പ്രതിഷേധ പ്രകടനങ്ങളും, കോലംകത്തിക്കലുംവരെ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തി.
്എല്‍.ഡി.എഫ് പതിനായിരത്തില്‍താഴെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍വലിയ തോല്‍വിയുണ്ടാകുമെന്ന ഭയപ്പാടിലാണ് എല്‍.ഡി.എഫ്, നിരവധികേസുകളിലും, വിവാദങ്ങളിലും ആരോപണ വിധേയനായ അന്‍വറിന് മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണ ജനകീയ സ്ഥാനാര്‍ഥിയുമായി രംഗത്തുണ്ടായിരുന്ന വെല്‍ഫെയര്‍പാര്‍ട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കണക്ക് കുട്ടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് ദോഷംചെയ്യുമെന്ന കണക്ക്കൂട്ടലുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇ.ടിക്കെതിരെ ഇടഞ്ഞു നിന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടാകുമോയെന്നും, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പി.വി.അന്‍വറിന് ലഭിച്ചതും ഗുണമാകുമോയെന്നതും കാത്തിരുന്നുതന്നെകാണണം.
മലപ്പുറത്ത് ഇങ്ങിനെ
യു.ഡി.എഫ് വിജയംഉറപ്പിക്കുന്ന സീറ്റുളില്‍ ഒന്നാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറം ലോകസഭാ മണ്ഡലം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് എസ്.എഫ്.ഐയുടെ അഖിലേന്ത്യാപ്രസിഡന്റും, സി.പി.എമ്മിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയുമായ വി.പി.സാനുവാണ്(30). 75.37ശതമാനമായി ഇത്തവണ പോളിംഗ് ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്ക്കൂട്ടിലിലാണ് ഇരുമുന്നണികളും, അതോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്ന കണക്കകൂട്ടിലിലാണ് എന്‍.ഡി.എയും. മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെ കുറിച്ചുമാത്രമാണ് ചര്‍ച്ച, വിജയം ഉറപ്പിച്ച യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയംനേടുമോയെന്നാണ് ഉറ്റുനോക്കുന്നത്, അതേ സമയം ഇത്തവണ യുവരക്തത്തെ പരീക്ഷിച്ച എല്‍.ഡി.എഫ് വി.പി.സാനുവിന് വിജയിക്കാനായില്ലെങ്കിലും ശക്തമായ മത്സരംകാഴ്ച്ചവെക്കാന് സാധിച്ചുവെന്ന കണക്ക്കൂട്ടലിലാണ്. സാനുവിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കുഞ്ഞാലിക്കുട്ടി ഭുരിപക്ഷം ഇത്തവണ കറക്കാനാകുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു.
2017ല്‍ നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ 1.72,000ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കില്ലെന്നും സി.പി.എമ്മിന്റെ യുവസ്ഥാനാര്ഥിയുടെ കടന്ന്വരവ് ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനംചെലുത്തിയിട്ടുണ്ടെന്നും സി.പി.എം കണക്ക്കൂട്ടുന്നു.
സി.പി.എം. തോല്‍വി ഉറപ്പിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് മലപ്പുറം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയടക്കം പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അനുകൂലമായി സമീപനമുണ്ടായതും വിവിധ സാമുദായിക സംഘടനകളുടെ വോട്ടുകളുടെ ഏകീകരണവും അനുകൂലഘടകങ്ങളായി ലീഗ് വിലയിരുത്തുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ
തുടക്കത്തിലുണ്ടായ വിവാദങ്ങളെല്ലാം കെട്ടടങ്ങിയത് തുണയ്ക്കുമെന്ന് ലീഗ്
വിലയിരുത്തുന്നു. ഇടതിന് വേരോട്ടമുള്ള പെരിന്തല്‍മണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പോളിംഗ് ഉയര്‍ന്നത് തുണയ്ക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമുണ്ടാവുമെന്നും എല്‍.ഡി.എഫ് ക്യാമ്പ് വിലയിരുത്തി.
അതേ സമയം മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതായാണ് ബി.ജെ.പി വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിരഹിത ഭരണം, ജനക്ഷേമ പദ്ധതികള്‍, ശബരിമല വിഷയം തുടങ്ങിയവ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ഇവയെല്ലാം ഫലംവരുമ്പോള്‍ വ്യക്തമാകുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു. എസ്.ഡി.പി.ഐ ഇത്തവണ മൂന്തവണത്തേക്കാള് വോട്ടുനേടുമെന്ന പ്രതീക്ഷയിലാണ്.പി.ഡി.പി.യും ശുഭാപ്തി വിശ്വാസത്തിലാണ്.75.37 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലാണ്. 78 ശതമാനമാണ് ഇവിടെ പോളംഗ് നടന്നത്, ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് വേങ്ങര മണ്ഡലത്തിലാണ്. ഇവിടെ 71.88 ശതമാനമാണ് പോളിംഗ്, വി.പി.സാനു തുടക്ക സമയങ്ങളില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ പ്രചരണം നടത്തിയിരുന്നതെങ്കിലും അവസാന നിമിഷങ്ങളില്‍ കുടുംബയോഗങ്ങളില്‍ സജീവമായത് യുവനിരക്കൊപ്പം കുടുംബവോട്ടര്മാരേയും സ്വാധീനിക്കാന്‍ സഹായകമായതായി പാര്‍ട്ടി കണക്ക്കൂട്ടുന്നു. സ്വന്തംമണ്ഡലത്തിന് പുറമെ മറ്റു മണ്ഡലങ്ങളിലും പ്രചരണ പരിപാടികളില്‍ പങ്കെടുക്കേണ്ടി വന്നതിനാല്‍ റോഡ്ഷോകളിലൂടെയും മറ്റുമാണ് കൂഞ്ഞാലിക്കുട്ടി കാര്യമായ പ്രചരണം നടത്തിയത്. അതോടൊപ്പംതന്നെ ജനങ്ങളെ നേരിട്ടുകാണാനും പരമാവധി സ്ഥലങ്ങളില്‍ ഓടിയെത്തിയതും ഗുണകരമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പിന് പ്രചരണ സമയത്ത് കുഞ്ഞാലിക്കുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയും, മുത്തലാഖ് വിഷയത്തില്‍ പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതും തങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് എല്‍്ഡി.എഫ് പ്രതീക്ഷിക്കുന്നത്. സി.പി.എമ്മിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി മത്സരിച്ചത് കൂടുതല്‍ ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്ഷിപ്പിക്കാന് സാധിച്ചതായും സി.പി.എം വിലയിരുത്തുന്നു. മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇത്തവണ കുറക്കാന്‍ സാധിച്ചാല്‍ അത് യുവസ്ഥാനാര്ഥിക്ക് മണ്ഡലം നല്കുന്ന സ്വീകാര്യതയായി സി.പി.എം കണക്കാക്കും. എന്നാല്‍ വയനാട് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഏറെ ഗുണംചെയ്തതിനാല്‍ ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍തന്നെയാണ് യു.ഡി.എഫ്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




