മജീദ് ഡോക്ടറുടെ പേരമകനെതിരെ കേസെടുത്തു, ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

മജീദ് ഡോക്ടറുടെ പേരമകനെതിരെ കേസെടുത്തു,  ബംഗളൂരു സ്വദേശിയായ  യുവാവിനെ മലപ്പുറത്തേക്ക്  വിളിച്ചുവരുത്തി മുറിയില്‍  കെട്ടിയിട്ട് സ്വര്‍ണവും  പണവും കവര്‍ന്നു

മലപ്പുറം: ബംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. ബംഗളൂരു ഹെബ്ബല്‍ സ്വദേശിയായ മധുവരസ(28)യുടെ പണമാണ് ഈ മാസം ആറിനു അഞ്ചുപേരടങ്ങിയ സംഘം കവര്‍ന്നത്. സംഭവത്തില്‍ മലപ്പുറത്തെ പ്രമുഖ ഡോക്ടറായിരുന്ന അടുത്തിടെ മരണപ്പെട്ട മജീദ് ഡോക്ടറുടെ പേരമകന്‍ ആദില്‍ യാഷിദിനെതിരെ പോലീസ് കേസെടുത്തു.
മലപ്പുറം സി.ഐ. ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. കച്ചവടം നടത്താനുള്ള ചര്‍ച്ചയ്‌ക്കെന്ന വ്യാജേന നഗരത്തിലെ പ്രമുഖ ഡോക്ടറുടെ മകന്‍ ബംഗളൂരുവിലുള്ള സുഹൃത്തായ മധുവരസയെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ബാംഗ്ലൂരില്‍ ഒരുമിച്ച് പഠിക്കുകയാണ്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിളിച്ചുവരുത്തിയ പദ്ധതിയില്‍ ഡോക്ടറുടെ മകനൊപ്പം നാട്ടിലുള്ള മറ്റു നാല് സുഹൃത്തുക്കളും ചേര്‍ന്നു.
ആറിന് സ്വന്തം ഹ്യുണ്ടായി വെര്‍ണ കാറിലെത്തിയ മധുവരസയെ മലപ്പുറം സി.ഐ. ഓഫീസിനു മുന്‍വശത്തുള്ള കെട്ടിടത്തില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നെടുത്തു. പണം കൈക്കലാക്കിയ സംഘം മധുവരസയുടെ വാഹനവും മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അടുത്ത ദിവസം മുറിയിലെത്തിയ സംഘം വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള സ്വകാര്യ ബസില്‍ മധുവരസയെ കയറ്റിവിട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളും ഒപ്പമെത്തിയ മധുവരസ മലപ്പുറം സേ്റ്റഷനില്‍ പരാതി നല്‍കി.
മലപ്പുറം സി.ഐ. സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം പണം കവര്‍ന്ന സംഘത്തിലെ പ്രധാനിയായ ആളുടെ വീട്ടിലെ ഡ്രൈവറെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഷ്ടിച്ച കാര്‍ മലപ്പുറം വാറങ്കോടുള്ള ഒഴിഞ്ഞ സ്ഥലത്തു നിന്ന് കണ്ടെത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതികള്‍ മലപ്പുറത്തു തന്നെയുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും സി.ഐ. സുനില്‍രാജ് പറഞ്ഞു.

Sharing is caring!