10ാംക്ലാസ് വിജയിച്ച വിദ്യാര്‍ഥികളുടെ ടി.സി. നല്കണമെങ്കില് ഒരു ലക്ഷം രൂപ നല്‍കണമെന്ന്
മലപ്പുറം: 10-ാംക്ലാസ് വിജയിച്ച വിദ്യാര്‍ഥികളുടെ ടി.സി. ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റ്, ഒരു ലക്ഷംരൂപ അടച്ചാല്‍ മാത്രം കുട്ടിയുടെ ടി.സി നല്‍കാമെന്നും അല്ലെങ്കില്‍ ഇവിടെ തന്നെ പ്ലസ്വണ്, പ്ലസ്ടു പഠനം നടത്തണമെന്നും സ്കൂള്‍ മാനേജ്മെന്റിന്റെ തിട്ടൂരം. നിലമ്പൂര്‍ പാലുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്ഷെപ്പേര്‍ഡ് മോഡേണ്‍ ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം. വന്ഫീസുകൊടുത്തുപഠിപ്പിച്ചിട്ടും കുട്ടികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതോടെയാണ് എഡ്വിനേയും, അലീനയേയും രക്ഷിതാക്കള്‍ 10ക്ലാസിന് ശേഷം സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റുന്നതിനെ കുറിച്ചു ആലോചിച്ചത്, അലീനക്ക് 10ക്ലാസില്‍ വെറും 62ശതമാനം മാത്രമായിരുന്നു മാര്‍ക്ക്, എന്നാല്‍ ടി.സി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ കണ്ടപ്പോഴാണ് പ്ലസ്വണ്, പ്ലസ്ടു ഫീസായ ഒരു ലക്ഷം രൂപ അടച്ചെങ്കില്‍ മാത്രമെ ടി.സി നല്‍കുകയുള്ളുവെന്ന മറുപടി ലഭിച്ചത്. തുടന്ന് രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനോട് കയര്‍ത്തതോടെയാണ് തനിക്കൊന്നും ചെയ്യാനാകില്ലെന്നും ഡയറ്കടറോട് സംസാരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ പഠിക്കുന്ന കുട്ടികള്‍ ഏതു ക്ലാസില്‍ ചേര്‍ന്നാലും പ്ലസ്ടു കഴിയുന്നത് വരെ ഇവിടെതന്നെ പഠിക്കണമെന്ന നിബന്ധനയുണ്ടെന്നും ഇതിനാലാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നും ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ് പറയുന്നത്.
അഡ്മിഷന് എടുത്ത് ഏതു ക്ലാസില്‍നിന്നും നിര്‍ത്തിയാലും പ്ലസ്ടു വരെയുള്ള മുഴൂവന്‍ ഫീസും നല്‍കണമെന്നാണ് മാനേജ്മെന്റ്് പറയുന്നത്.
ഇത് കുട്ടികള്‍ അഡ്മിഷന് എടുക്കുന്ന സമയത്തുതന്നെ പറയാറുണ്ടെന്നും ജോര്‍ജ്ഫിലിപ്പ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ മക്കള്‍ എല്‍.കെ.ജി മുതല്‍ ഇവിടെയാണ് പഠിക്കുന്നതെന്നും ഇവരെ ഇവിടെ അഡ്മിഷന് എടുക്കുമ്പോള്‍ ഈ നിയമം ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് നിയമം ഉണ്ടാക്കിയതെന്നും ടി.സി ആവശ്യപ്പെട്ട അലീനയുടെ രക്ഷിതാക്കള്‍ പറയുന്നു, പ്ലസ് വണിന് അമ്പതിനായിരം, പ്ലസ്ടുവിന് അമ്പതിനായിരം, എന്നിങ്ങനെയാണ് ഇവിടെ ഫീസ്. ഈഫീസാണ് ടി.സി നല്‍കാനായി ഒരുലക്ഷമായി ആവശ്യപ്പെടുന്നത്. വന്‍തുക നല്കി കുട്ടികളെ പഠിപ്പിച്ചിട്ടും ഇവര്‍ക്ക് ഇതിനുള്ള ഫലമുണ്ടാകുന്നതായി കാണാഞ്ഞിട്ടാണ് സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റാന്‍ ആലോചിച്ചതെന്നും ഇവര്‍ പറയുന്നു. ഒരു വര്‍ഷം മൂന്നും നാലും അധ്യാപകര്‍ ഇവിടെ നിന്നും മാറുന്നുണ്ടെന്നും ശേഷം പുതിയ അധ്യാപകര്‍ വരുമ്പോള്‍ കുട്ടികളുടെ പഠനം സുഗമമാകുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇത്തരത്തില്‍ ആറു വിദ്യാര്‍ഥികളാണ് നിലവില്‍ സ്കൂളില്‍നിന്നും ടി.സി ആവശ്യപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ ടി.സി നല്‍കിയിട്ടില്ല, ഒരു ലക്ഷം രൂപ ഫീസടച്ച് ടി.സി വാങ്ങാന്‍ കഴിയില്ലെന്ന നിലപാടിലാണ് കുട്ടികളുടെ രക്ഷിതാക്കള്‍. സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ചൈല്‍ഡ്ലൈനും, ബാലവകാശ കമ്മീഷനും അടക്കം പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കുട്ടികളുടെ രക്ഷിതാക്കള്‍, അതോടൊപ്പം സ്കൂളിനെതിരെ കോടതിയേയും സമീപിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സ്ഥിരം അധ്യാപകരില്ലാത്തത് വലിയൊരു പ്രശ്നമായി രക്ഷതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്നെ പത്താംക്ലാസ് പരീക്ഷാ സമയത്ത് കുട്ടികളുടെ സി.ഇ.ഇ മാര്‍ക്ക് കൊടുക്കുന്ന സമയത്ത് സ്കൂളില്‍ തുടരുമെന്ന് ഉറപ്പുനല്‍കി രേഖാമൂലം എഴുതിക്കൊടുത്ത കുട്ടികള്‍ക്ക് സി.ഇ.ഇ മാര്‍ക്ക് മുഴുവന്‍ നല്‍കിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പത്താംക്ലാസ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ വിവേചനം കാണിച്ചതെന്നാണ് പരാതി ഇതിനെതിരെയും ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
എന്നാല്‍ ഫീസുമായി ബന്ധപ്പെട്ട സംഭവം കുട്ടികളുടെ പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്കൂള്‍ ഡയറ്കടര്‍ ജോര്‍ജ്ഫിലിപ്പ് പറയുന്നത്. കുട്ടികള്‍ ഏതു ക്ലാസില്‍നിന്നും പിരിഞ്ഞു പോകുകയാണെങ്കിലും പ്ലസ്ടുവരെയുള്ള ഫീസ് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഒരുവിദ്യാര്‍ഥി പെട്ടെന്ന് നിര്‍ത്തിപ്പോയാല്‍ ആ സ്ഥാനത്ത് പിന്നെ മറ്റൊരു കുട്ടിയെ കിട്ടില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ നിയമംവെച്ചതെന്നും അദ്ദേഹം പറയുന്നു. ഇത് രക്ഷിതാക്കള്‍ക്ക് രേഖാമൂലം നല്കിയ കുറിപ്പിലും പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 20ഏക്കറില്‍ പാലുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ താന്‍ ഒരു കമ്മ്യൂണിറ്റി സര്‍വീസ് ആയാണ് കാണുന്നതെന്നും ഇതില്‍ വലിയ ലാഭം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. നിയമം മാറ്റാന്‍ താന്‍ ആലോചിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ കോടതിയിലോ, ചൈല്‍ഡ്ലൈനിലോ പോകട്ടെയെന്നും സ്കൂള്‍ പൂട്ടാന്‍ ഉത്തരവുണ്ടായാല്‍ പൂട്ടാന്‍ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നേട്ടമുണ്ടാകാന്‍ താന്‍ സ്്കൂളിനെ ഉപയോഗിച്ചിട്ടില്ല, താനും കുടുംബവും അമേരിക്കയില്‍ താമസമാണ്, മക്കള്‍ അമേരിക്കന്‍ പൗരന്മാരാണ്, അവിടെ ബിസിനസ്സുകളുണ്ട്, സ്കൂളില്‍ ഫീസ് വാങ്ങുന്നത് അതിന്റെ നടത്തിപ്പിനുവേണ്ടിയുംകൂടിയാണ്, അന്താരാഷ്ട്ര നിലവാരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇതിനാല്‍ താന്‍ ഒരടി പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സര്‍ക്കാര്‍ സ്കൂളുകളില്‍ അടക്കം അഡ്മിഷന് സമയം അവസാന ഘട്ടത്തിലെത്തിയിട്ടും ടി.സി നല്‍കാതെ അവഗണിക്കുന്നത് കുട്ടികള്‍ക്ക് മറ്റു സ്കൂളുകളില്‍ ഇനി ടി.സി കിട്ടിയാലും അഡ്മിഷന് ലഭിക്കാനില്ല സാധ്യത കുറവാകുമെന്നും മാനേജ്മെന്റ് കളിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]