പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തിന്റെ ദുരവസ്ഥക്ക് ലീഗ് മറുപടി പറയണം; എസ്.ഡി.പി.ഐ

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തിന്റെ ദുരവസ്ഥക്ക് ലീഗ്  മറുപടി പറയണം; എസ്.ഡി.പി.ഐ

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുന്ന അവസ്ഥക്ക് മറുപടി പറയേണ്ടത് മുസ്ലിംലീഗ് നേതൃത്വമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കാല്‍ നൂറ്റാണ്ട് കാലം വിദ്യഭ്യാസ വകുപ്പ് അടക്കി ഭരിച്ചിട്ടും മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്തെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പെരുവഴിയിലാക്കുകയാണ് ലീഗ് ചെയ്തത്. മാറി മാറി ഭരിച്ച സന്ദര്‍ഭങ്ങളിലൊക്കെ ജില്ലയുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നത്.
അധികാരത്തിലിരിക്കുമ്പോള്‍ അവഗണിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന രാഷ്ര്ടീയ വഞ്ചന ലീഗ് അവസാനിപ്പിക്കണം. ജില്ലയില്‍ പത്താംക്ലാസ് ജയിച്ച 78335 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക്, ഐ.ടി.ഐ തലങ്ങളില്‍ 54733 സീറ്റുകളാണ് ഉള്ളത്. 23602 വിദ്യാര്‍ഥികള്‍ ഭാരിച്ച ഫീസ് നല്‍കി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്ത മലപ്പുറത്ത് രാഷ്ര്ടീയ വൈര്യം മാറ്റിവെച്ച് ക്രിയാത്മക ഇടപെടലുകളിലൂടെ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന ഹയര്‍സെക്കണ്ടറി ബാച്ചുകള്‍ മലപ്പുറത്തേക്ക് എത്തിക്കാന്‍ ഇടത് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം നേതൃത്വം ആര്‍ജ്ജവം കാണിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ്, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വി ടി ഇക്‌റാമുല്‍ ഹഖ്, അഡ്വ സാദിഖ് നടുത്തൊടി, എം പി മുസ്തഫ മാസ്റ്റര്‍ , ടി എം ഷൗക്കത്ത് പ്രസംഗിച്ചു.

Sharing is caring!