ഫസല്‍ഗഫൂര്‍ പണ്ഡിതന്മാരെ അവഹേളിച്ചാല്‍ നോക്കിനില്‍ക്കില്ല: സമസ്ത നേതാക്കള്‍
കോഴിക്കോട്: മുസ്ലിം എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എന്തു ധരിക്കണം, എന്തു ഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യയില്‍ ഒരോ വ്യക്തിക്കും അവകാശമുണ്ടെന്നും ഇതില്‍ ഇടപെടാന്‍ ഭരണഘടന പ്രകാരം ഒരാള്‍ക്കും അധികാരമില്ലെന്നും സമസ്ത നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാപന മേലാധികാരിക്ക് അവരുടെ സ്ഥാപനത്തില്‍ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാല്‍ അതിനെ ജനാധിപത്യ രാജ്യത്തു അംഗീകരിക്കാനാവില്ല. ഇത്തരം പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടത്തും. ഇതിനു സംഘടന മുന്നിലുണ്ടാവും. നിഖാബ് ധരിച്ചതിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക് സംഘടന എല്ലാ വിധ പിന്തുണയും നല്‍കുമെന്നും നേതാക്കല്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നിഖാബ് ധരിച്ചതിന്റെ പേരില്‍ പെരിന്തല്‍മണ്ണ സ്വദേശിനിയായ സഫ മറിയം കെ.പി എന്ന വിദ്യാര്‍ഥിനിക്ക് എം.ബി.ബി.എസ് പഠനം നിഷേധിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാനാവില്ല. ക്ലാസില്‍ നിഖാബ് ഉയര്‍ത്താമെന്ന് പറഞ്ഞിട്ടും സ്ഥാപനത്തില്‍ പ്രവേശനം നല്കിയ ശേഷം ഈ വിദ്യാര്‍ത്ഥിനിയെ എം.ഇ.എസ് അധികൃതര്‍ പുറത്താക്കുകയായിരുന്നു. സ്വയം ഒഴിഞ്ഞു പോവുകയാണെന്നു നിര്‍ബന്ധിപ്പിച്ചു എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും ഫീസായി നല്കിയ അഞ്ചു ലക്ഷം രൂപ ഇതുവരേ തിരിച്ചു നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും പറയുന്നു.
മത പണ്ഡിതര്‍ക്കെതിരേ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിരു കവിയുന്നുണ്ട്. നിഖാബിനെ നിരോധിച്ചു കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആദരണീയരായ പണ്ഡിതന്മാരേയും പണ്ഡിതസഭകളേയും അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മുസ്ലിം സമുദായം നോക്കി നില്‍ക്കില്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സ്ഥാപനങ്ങള്‍ നടത്താന്‍ എം.ഇ.എസ് നേതൃത്വം മുന്നോട്ടുവരണം. ന്യൂനപക്ഷങ്ങളുടെ ആനൂകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ തന്നെ ന്യൂനപക്ഷാവകാശവും വ്യക്തി സ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തു തോല്പിക്കുമെന്നും നേതാക്കല്‍ മുന്നറിയിപ്പു നല്കി.
പത്രസമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിങ് സെക്രട്ടറി, എസ്.വൈ.എസ്)യു. മുഹമ്മദ് ശാഫി ഹാജി (വര്‍ക്കിങ് സെക്രട്ടറി, എസ്.എം.ഫ്്) മുസ്തഫ മുണ്ടുപാറ (ജനറല്‍ സെക്രട്ടറി,എസ്.കെ.എം.ഇ.എ)എം.എ ചേളാരി (മാനേജര്‍, എസ്.കെ.ജെ.എം.സി.സി) സത്താര്‍ പന്തലൂര്‍ (ജനറല്‍ സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്) എന്നിവര്‍ പങ്കെടുത്തു
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]