സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയ മലപ്പുറം സ്വദേശികളുടെ മകന്‍ ന്യുമോണിയ ബാധിച്ചുമരിച്ചു

സന്ദര്‍ശക വിസയില്‍  റിയാദിലെത്തിയ മലപ്പുറം  സ്വദേശികളുടെ മകന്‍  ന്യുമോണിയ ബാധിച്ചുമരിച്ചു

റിയാദ്: സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ന്യുമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം ചോക്കാട്, കാഞ്ഞിരംപാടം കുത്രാടന്‍ ഷെമീര്‍ ജാസ്മിന്‍ ദമ്പതികളുടെ മകന്‍ രണ്ടു വയസുകാരന്‍ അബ്ദുല്‍ ഹാദിയാണ് മരിച്ചത്. ആറു ദിവസം മുന്‍പ് ഉമ്മക്കും സഹോദരനും ഒപ്പം എത്തിയ അബ്ദുല്‍ ഹാദിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും രണ്ടു ദിവസം മരുന്ന് നല്‍കിയെങ്കിലും ശമനം കാണാത്തതിനെ തുടര്‍ന്ന് മൂന്നാം ദിവസം വീണ്ടും കാണിച്ചപ്പോഴാണ് ന്യുമോണിയ ആണെന്നു സ്ഥിരീകരിച്ചത്.

സൗകര്യ കുറവ് ചൂണ്ടികാണിച്ചു ആശുപത്രി അധികൃതര്‍ മറ്റൊരിടത്തു കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു ദമാമില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നും തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ വന്‍തുക ആദ്യം കെട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. സ്പോണ്‍സറുടെ സഹായത്താല്‍ തുക കണ്ടെത്തി കെട്ടിവെച്ച് അവിടേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കുട്ടി മരിച്ചത്.

സന്ദര്‍ശക വിസയിലായതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കാരണത്താലാണ് ആശുപത്രികള്‍ ഓരോ കാരണം കാണിച്ചു മടക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളും സ്പോണ്‍സറും അവസാനം വരെ കഠിന പ്രയത്നം നടത്തിയതിനു ശേഷമാണ് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ അപ്പോഴേക്കും രോഗം കലശലായി കുട്ടി മരണപ്പെടുകയായിരുന്നു. നാലു വയസ്സുകാരന്‍ മുഹമ്മദ് അലിയാണ് സഹോദരന്‍ . മയ്യത്ത് ദമാമില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സഊദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടുത്തിടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എങ്കിലും അടിയന്തിര ഘട്ടത്തില്‍ മാത്രമാണ് ഇത് പലപ്പോഴും ലഭ്യമാകുന്നത്. ഗുരുതര രോഗം ബാധിച്ച കുട്ടിയെ ചികിത്സിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടതില്ല എന്നാണ് നിയമം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും, ആശുപത്രിക്കുമെതിരെ നിയമപരമായി പരാതി നല്‍കുമെന്ന് സ്പോണ്‍സര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു

Sharing is caring!