ഉംറ കഴിഞ്ഞുവരുന്നതിനിടെ അപകടത്തില്‍ മരിച്ച മലപ്പുറത്തെ വിദ്യാര്‍ഥിനിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

ഉംറ കഴിഞ്ഞുവരുന്നതിനിടെ  അപകടത്തില്‍ മരിച്ച മലപ്പുറത്തെ  വിദ്യാര്‍ഥിനിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി

റിയാദ്- ഉംറ കഴിഞ്ഞുവരുന്നതിനിടെ മുസാഹ്മിയയില്‍ അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മയ്യിത്ത് നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. റിയാദ് അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷമായിരുന്നു മയ്യിത്ത് മറവു ചെയ്തത്. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി വലിയകത്ത് അബ്ദുറസാഖിന്റെ മകള്‍ സനോവറി (20) ന്റെ മയ്യിത്താണ് ഇശാ നമസ്‌കാരത്തിന് ശേഷം ഖബറടക്കിയത്.
അബ്ദുറസാഖും ഭാര്യ ജിഷയും മക്കളായ സനോവറും തമന്നയും ഒന്നിച്ച് ദമാമില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഉംറക്ക് പുറപ്പെട്ടത്. തിരിച്ചുവരുന്നതിനിടെ റിയാദിനടുത്ത മുസാഹ്മിയയില്‍ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അബ്ദുറസാഖ് ആയിരുന്നു കാറോടിച്ചിരുന്നത്. പിന്‍സീറ്റിലായിരുന്ന കുട്ടികള്‍ രണ്ടുപേരും തെറിച്ചുവീഴുകയായിരുന്നു. സനോവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൈകാലുകള്‍ക്ക് സാരമായ പരിക്കേറ്റ തമന്നയെ റിയാദ് നസീമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറസാഖിനും ജിഷക്കും പരിക്കില്ല. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
സനോവറിന്റെ മൃതദേഹം മുസാഹ്മിയ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ റിയാദിലെത്തിച്ചായിരുന്നു ഖബറടക്കം നടത്തിയത്. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മഞ്ചേരി എന്നിവരിടപെട്ട് ഖബറടക്ക നടപടികള്‍ ദ്രുതഗതിയിലാക്കി.
നേരത്തെ റിയാദിലായിരുന്നു അബ്ദുറസാഖും കുടുംബവും. പിന്നീട് കുടുംബം ഫൈനല്‍ എക്സിറ്റില്‍ പോയി കഴിഞ്ഞയാഴ്ച സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. അബ്ദുറസാഖ് ദമാമില്‍ ഒരു കമ്പനിയിലേക്ക് ജോലി മാറുകയും ചെയ്തു.റിയാദ് യാര സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ച സനോവര്‍ ഇപ്പോള്‍ മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

Sharing is caring!