കെ.എം. അലാവുദ്ദീന്‍ ഹുദവിക്ക് അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്

കെ.എം. അലാവുദ്ദീന്‍ ഹുദവിക്ക്  അംബേദ്കര്‍ നാഷണല്‍  എക്‌സലന്‍സി അവാര്‍ഡ്

മലപ്പുറം: ആള്‍ഇന്ത്യാ കോണ്‍ഫഡറേഷന്‍ ഓഫ് എസ്.സി./ എസ്.റ്റി, ലോര്‍ഡ് ബുദ്ധ യൂണിവേഴ്‌സല്‍ സൊസൈറ്റിയും, അംബേദ്കര്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന സാഹിത്യരംഗത്തെ മികച്ച സംഭാവനക്കുള്ള അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡിന് കെ.എം. അലാവുദ്ദീന്‍ ഹുദവി പുത്തനഴി അര്‍ഹനായി. ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് സ്വന്തം ജീവിതത്തിലൂടെ ദിശാബോധം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ”ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്” എന്ന അറബി ഗ്രന്ഥവും അറബ് ലോകത്തെ പ്രമുഖ ധൈഷണിക പ്രതിഭ, ഷാര്‍ജാ സുല്‍ത്താന്‍ ഡോ. സുല്‍ത്താനുബ്‌നു മുഹമ്മദ് അല്‍ ഖാസിമിയുടെ സാംസ്‌കാരിക വ്യവഹാരങ്ങളെ കുറിച്ചുള്ള ”സുല്‍ത്താനു സ്സഖാഫത്തി വ അയ്ഖൂനത്തുല്‍ ഇബ്ദാഹ്” എന്ന അറബി കൃതിയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. കേരളത്തിന്റെ സാംസ്‌കാരിക തനിമയും അറബ് രാജ്യങ്ങളുമായുള്ള പൗരാണിക ബന്ധവും ഉത്തരാധുനികതയുടെ ദര്‍പ്പണത്തില്‍ വായിക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വിജയിച്ചതായി പുരസ്‌കാര സമിതി വിലയിരുത്തി.
കെ. മൊയ്തു മൗലവി സാഹിത്യ അവാര്‍ഡ്, പി.എം മുഹമ്മദ് കോയ ഫൗണ്ടേഷന്‍ എക്‌സലന്‍സി അവാര്‍ഡ്, പുരോമന കലാ സാഹിത്യ സംഘം ചെറുകഥാ അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ദേശീയ തലത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രബന്ധ രചനാ മത്സരത്തിലും കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നടത്തിയ അഖില കേരള മലയാള പ്രബന്ധ രചനാ മത്സരത്തിലും കെ.എ.ടി.എഫ് അധ്യാപകര്‍ക്കായി നടത്തിയ ദേശീയ അറബിക് പ്രബന്ധരചനാ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.എം അലാവുദ്ദീന്‍ ഹുദവി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് പഠന വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
ഈ മാസം 19-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍വെച്ചു നടക്കുന്ന ചടങ്ങില്‍ 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവന്‍സമ്മാനിക്കും.

Sharing is caring!