തീരദേശത്തെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ ലീഗ്-സി.പി.എം തീരുമാനം തിരൂരില്‍ വീണ്ടും സമാധാനയോഗം

തീരദേശത്തെ രാഷ്ട്രീയ   അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍  ലീഗ്-സി.പി.എം തീരുമാനം തിരൂരില്‍ വീണ്ടും സമാധാനയോഗം

മലപ്പുറം: മലപ്പുറം ജില്ലയിലെ തീരദേശമേഖലയായ താനൂര്‍, തിരൂര്‍ മേഖലയില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതിവരുത്താനായി മുസ്ലിംലീഗ് -സി.പി.എം തീരുമാനം. ഇന്നലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഇരുവിഭാഗം നേതാക്കളുടെ സമാധാനയോഗത്തിലാണ് തീരുമാനം. അക്രമികളെ ഒരു നിലക്കും സംരക്ഷിക്കില്ലെന്നും തീരദേശ മേഖലയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രശ്‌നം നിലനില്‍ക്കുന്ന താനൂര്‍, കൂട്ടായി ഭാഗങ്ങളില്‍ ഇരുപാര്‍ട്ടി നേതാക്കളും ഇടപെട്ട് പ്രശ്‌നങ്ങള്‍ തീര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സമാദാന കമ്മിറ്റി യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.
തെറ്റ് ആര് ചെയ്താലും അവരെ സംരക്ഷിക്കില്ലെന്നും അക്രമം അംഗീകരിക്കാനാവില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് സ്വര്യജീവിതം ഉറപ്പാക്കണം. രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നത് നല്ലതല്ല. ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശം ശാന്തമായി വന്നിരുന്നെന്നും വീണ്ടും പഴയ രീതിയിലേക്ക് പോകുന്നത് നല്ലതല്ലെന്നും സി.പി.എം മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ക്രിമിനല്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ര്ടീയം എന്നത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും കായികമായി നേരിടുന്നത് ജനാധിപത്യമല്ലെന്നും മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനിച്ച വളര്‍ന്ന നാട്ടില്‍ സമാദാനത്തോടെ ജീവിക്കാനാകണം. അതിനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, വൈസ് പ്രസിഡന്റ് എം അബ്ദുള്ളകുട്ടി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ. ജയന്‍, താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.പി അഷറഫ് പങ്കെടുത്തു.

Sharing is caring!