കേരളത്തിലെ മുസ്ലിംമത പണ്ഡിതര്‍ഗള്‍ഫ് രാജ്യങ്ങളിലേ ഔദ്യോഗിക റമാദാന്‍ അതിഥികള്‍

കേരളത്തിലെ മുസ്ലിംമത  പണ്ഡിതര്‍ഗള്‍ഫ് രാജ്യങ്ങളിലേ ഔദ്യോഗിക റമാദാന്‍ അതിഥികള്‍

മലപ്പുറം: റമദാനിലെ സ്പെഷ്യല്‍ അതിഥികളായി കേരളത്തിലെ മത പണ്ഡിതര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് ഔദ്യോഗിക ക്ഷണം. കേരളത്തിലെ പ്രബല മതസംഘടനകളും സുന്നി വിഭാഗവുമായ ഇ.കെ സമസ്തയുടേയും, കാന്തപുരം എ.പി.വിഭാഗത്തിന്റേയും പണ്ഡിതന്‍മാരെയാണ് യു.എ.ഇ പ്രസിഡന്റിന്റെ റമളാന്‍ അതിഥിയായും, മൊറോക്കന്‍ ഗവണ്‍മെന്റിന്റെ റമദാന്‍ അതിഥിയായി ഔദ്യോഗിക ക്ഷണം ലഭിച്ചത്.
ഇ.കെ സമസ്തയുടെ കേന്ദ്രമുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിക്കാണ് ഇത്തവണയും മൊറോക്കന്‍ ഗവണ്‍മെന്റിന്റെ റമദാന്‍ അതിഥിയായി സംബന്ധിക്കാന്‍ ഔദ്യോഗിക ക്ഷണം ലഭിച്ചത്. അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വിവിധ ആഗോള പണ്ഡിതരെ സംഘടിപ്പിച്ചു നടത്തുന്ന പണ്ഡിത സദസ്സില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പ്രഭാഷണം നടത്തും. ദുറൂസുല്‍ ഹസനിയ്യ എന്ന പേരില്‍ പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള റമദാന്‍ പണ്ഡിത സദസ്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നു തെരെഞ്ഞടുത്ത പണ്ഡിതരാണ് പ്രഭാഷണങ്ങള്‍ നടത്തുക. കഴിഞ്ഞ വര്‍ഷവും ഡോ. നദ്വിക്കു ക്ഷണം ലഭിച്ചിരുന്നു.1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് ദുറൂസുല്‍ ഹസനിയ്യ എന്ന റമദാനിലെ പ്രത്യേക പണ്ഡിത സദസ്സ് ആരംഭിച്ചത്. സഊദ് റമദാന്‍ ബൂത്വി, ശൈഖ് മുതവല്ലി അശ്ശഅ്റാവി തുടങ്ങിയ നിരവധി ആഗോള പണ്ഡിതര്‍ മുന്‍പ ദുറൂസുല്‍ ഹസനിയ്യക്കു നേതൃത്വം നല്‍കിയിരുന്നു.
റമദാനിലെ ആദ്യ പതിമൂന്ന് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കാന്‍ ഡോ. ബഹാഉദ്ദീന്‍ നദ് വി തലസ്ഥാന നഗരിയായ റബാത്വിലേക്ക് യാത്ര തിരിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഈ വര്‍ഷത്തെ റമസാന്‍ അതിഥിയായാണ് എ.പി വിഭാഗം സമസ്തയുടെ പ്രമുഖ നേതാവും, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിക്ക് ക്ഷണം ലഭിച്ചത്. ക്ഷണത്തെ തുടര്‍ന്ന് അദ്ദേഹം അബുദാബിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളായ പണ്ഡിതര്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഖലീല്‍ തങ്ങള്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് തങ്ങള്‍ യു എ ഇ പ്രസിഡന്റിന്റെ റമസാന്‍ അതിഥിയാവുന്നത്.

2012ല്‍ തങ്ങള്‍ അതിഥിയായിരുന്നു.ഈ മാസം 25 വരെയുള്ള ദിവസങ്ങളിലായി യു എ ഇയുടെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും മറ്റു പ്രത്യേക സ്ഥലങ്ങളിലുമായി നടക്കുന്ന തങ്ങളുടെ പ്രഭാഷണങ്ങളുടെ തുടക്കം തിങ്കളാഴ്ചയാണ്. അബുദാബി മദീന സായിദിലെ എന്‍ എം സിക്ക് സമീപമുള്ള ഗാനിം ബിന്‍ ഹമൂദ മസ്ജിദില്‍ തറാവീഹ് നിസ്‌കാര ശേഷമാണ് ആദ്യപ്രഭാഷണം.
രാജ്യത്ത് സഹിഷ്ണുതാ വര്‍ഷാചരണം നടക്കുന്നതിനിടെയുള്ള വിശുദ്ധ റമസാനില്‍ പ്രസിഡന്റിന്റെ അതിഥിയായെത്തുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അബുദാബിയിലെത്തിയ തങ്ങള്‍ പറഞ്ഞു.
ആധുനിക സമൂഹത്തില്‍ ഏറെ അനിവാര്യമായ ഒന്നാണ് വിവിധ മത വിശ്വാസികള്‍ക്കിടയിലെ സഹിഷ്ണുതയെന്നും വിവിധ പരിപാടികളിലൂടെ ഇത് പ്രചരിപ്പിക്കാന്‍ ഒരു വര്‍ഷം തന്നെ നീക്കിവെച്ച ഇമാറാത്തിന്റെ ഭരണാധികാരികള്‍ ഏറെ പ്രശംസിക്കപ്പെടേണ്ടവരാണെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.

ലോകത്തിലെ പ്രമുഖമായ രണ്ട് മതങ്ങളുടെ ആഗോള നേതാക്കളെ പങ്കെടുപ്പിച്ച് പരസ്പരം അറിയാനും അടുക്കാനും ഉതകുന്ന രീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് സഹിഷ്ണുതാസമ്മേളനം സംഘടിപ്പിച്ചതിലൂടെ സഹിഷ്ണുത പ്രഖ്യാപനങ്ങളിലൊതുക്കുന്നതിന് പകരം പ്രാവര്‍ത്തികമാക്കി ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ഇമാറാത്തിന്റെ ഭരണാധികാരികളെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തന്റെ മുഴുവന്‍ പ്രഭാഷണങ്ങളിലും മുഖ്യപ്രമേയം സഹിഷ്ണുതയായിരിക്കുമെന്നും ഖലീല്‍ തങ്ങള്‍ സൂചിപ്പിച്ചു. തങ്ങളുടെ പ്രഭാഷണ പരിപാടികളുടെ വിജയത്തിനായി വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇന്നലെ അബുദാബിയിലെത്തിയ ഖലീല്‍ തങ്ങളെ സ്വീകരിക്കാന്‍ യു എ ഇ മതകാര്യ വകുപ്പ് പ്രതിനിധികള്‍ക്ക് പുറമെ ഐ സി എഫ് നേതാക്കളായ അബ്ദുല്‍ ഹമീദ് പരപ്പ, ഉസ്മാന്‍ സഖാഫി തിരുവത്ര, പി വി അബൂബക്കര്‍ മൗലവി, ഹംസ അഹ്സനി വയനാട്, ലത്തീഫ് ഹാജി മാട്ടൂല്‍ തുടങ്ങിയവരും എത്തിയിരുന്നു.

Sharing is caring!