പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് വീടൊരുക്കി പി.കെ ബഷീര്‍ എം.എല്‍.എ

പ്രളയത്തില്‍ വീട് തകര്‍ന്ന  കുടുംബത്തിന് വീടൊരുക്കി  പി.കെ ബഷീര്‍ എം.എല്‍.എ

കാവന്നൂര്‍: ഒരോ മലയാളിയും വീട് പണിയുന്നത് അവന്റെ സ്വപ്നങ്ങള്‍ കൊണ്ടാണ്. ചീരുട്ടുമണ്ണില്‍ നൗഷാദും ഇത്തരത്തില്‍ പണിതതായിരുന്നു തന്റെ വീട്. കഴിഞ്ഞ വര്‍ഷം പ്രളയം ആര്‍ത്തിരമ്പിയെത്തിയപ്പോള്‍ ഒഴുകിപ്പോയത് നൗഷാദിന്റെ വീട് മാത്രമല്ല, ഇക്കാലമത്രയും വിദേശത്ത് താന്‍ ഒഴുക്കിയ വിയര്‍പ്പുകൂടിയാണ്. പണിപൂര്‍ത്തിയായി താമസം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം തികയ്ക്കും മുന്‍പെ പൂര്‍ണ്ണമായും ആ വീട് തകര്‍ന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലും വലുതായിരുന്നു ആ വേദന. ഇവര്‍ക്കായ് നിര്‍മ്മിച്ച പുതിയ വീടിന്റെ താക്കോല്‍ ഇന്നലെ ഏറനാട് എം എല്‍ എ പി കെ ബഷീര്‍ വീട്ടുകാര്‍ക്ക് കൈമാറി.

അഞ്ചര സെന്റ് സ്ഥലത്ത് 14 ലക്ഷം രൂപ ചിലവഴിച്ചാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വീടിന്റെ സ്ഥലം വാങ്ങുന്നതിനായുള്ള 4 ലക്ഷം രൂപ ഗ്ലോബല്‍ കെ എം സി സിയില്‍ നിന്നും സ്വരൂപിക്കാന്‍ പി കെ ബഷീര്‍ എം എല്‍ എയ്ക്ക് കഴിഞ്ഞു. സര്‍ക്കാറിന്റെ പ്രളയദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച 4 ലക്ഷം രൂപയ്ക്ക് പുറമെ മലപ്പുറം ജില്ലാ ദമാം കെ.എം.സി.സി 1 ലക്ഷം രൂപയും ബാക്കി പണീ വിവിധ വ്യക്തികളില്‍ നിന്നായി പി കെ ബഷീര്‍ എം എല്‍ സമാഹരിക്കുകയായിരുന്നു. നമ്പൂരിപ്പൊട്ടിയില്‍ പ്രളയത്തില്‍ തകര്‍ന്ന 9 വീടുകള്‍ പി കെ ബഷീര്‍ എം എല്‍ എ മുന്‍കൈയെടുത്ത് നന്നാക്കി നല്‍കിയിരുന്നു.

ഈ കുടുംബത്തിന്റെ എല്ലാ സമ്പാദ്യവും ചിലവഴിച്ച് നിര്‍മ്മിച്ചതായിരുന്നു ആ വീട്. അത്രയും മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു ആ കുടുംബം. ഇവരുടെ വിഷമം മനസിലാക്കി സഹായിച്ച എല്ലാവര്‍ക്കും നന്ദിയറിയറിയിക്കുന്നു എന്നും എം എല്‍ എ പറഞ്ഞു.

Sharing is caring!