പോക്‌സോ കേസിലെ പ്രതിയുമായുള്ള മന്ത്രി ജലീലിന്റെ് ബന്ധം: സിപിഎം നയം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ്

പോക്‌സോ കേസിലെ  പ്രതിയുമായുള്ള മന്ത്രി  ജലീലിന്റെ് ബന്ധം: സിപിഎം നയം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ്

മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീനുമായി മന്ത്രി കെ.ടി. ജലീലിനുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകരമായ പശ്ചാത്തലമുള്ള വ്യക്തിയുടെ വാഹനത്തില്‍ എംഎല്‍എ ബോര്‍ഡ് വച്ച് യാത്ര ചെയ്തതും എംഎല്‍എമാരുടെ ഉത്തരേന്ത്യന്‍ ടൂറില്‍ കൂടെ കൊണ്ടു പോയതുമെല്ലാം കേവലം യാദൃശ്ചിക സംഭവങ്ങള്‍ അല്ല. ഇത്തരം സമ്പന്നന്‍മാരുടെ കുറ്റകരമായ പ്രവര്‍ത്തികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതും മാന്യതയുടെ മുഖം മൂടി നല്‍കി സമൂഹത്തെ കബളിപ്പിക്കുന്നതും അങ്ങേയറ്റം തെറ്റാണ്. പീഡന വിവരം മന്ത്രി ജലീലിനെ അറിയിച്ചുവെന്ന ഇരയുടെ ബന്ധുക്കളുടെ മൊഴി അതീവഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ബന്ധു നിയമനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ജലീല്‍ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്.

സ്ത്രീ സംരക്ഷണവും നവോഥാനവും പറയുന്ന ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായി തങ്ങളുടെ ജനപ്രതിനിധികള്‍ ഇത്തരം കേസുകളില്‍ പ്രതികളാവുന്നതില്‍ മറുപടി പറയണം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരേ ഉയര്‍ന്ന ആരോപണം സിപിഎം പാര്‍ട്ടി തലത്തില്‍ ഒതുക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്ത് വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ഇടതുമുന്നണി കണ്‍വീനര്‍ പി. വിജയരാഘവനില്‍ നിന്നുണ്ടായത്. സ്ത്രീ സംരക്ഷണത്തെയും നാവോഥാനത്തെയും പറ്റി സംസാരിക്കാനുള്ള അവകാശം ഇടതു നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തക്കാരായ വ്യവസായികള്‍ക്കും അക്രമികള്‍ക്കും ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടാനുള്ള അവസരമാണ് ജലീലിനെപ്പോലുള്ള മന്ത്രിമാര്‍ ഒരുക്കുന്നത്. ജലീലിനെതിരേ കര്‍ശനമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ഡിസിസി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Sharing is caring!