എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും ചരിത്രം കുറിച്ച് മലപ്പുറം

എസ്.എസ്.എല്‍.സി  പരീക്ഷയില്‍ വീണ്ടും ചരിത്രം കുറിച്ച് മലപ്പുറം

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ വീണ്ടും ചരിത്രം കുറിച്ച് മലപ്പുറം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നിലെത്തിയത് മലപ്പുറമാണ്. 2493 വിദ്യാര്‍ത്ഥികളാണ് മലപ്പുറം ജില്ലയില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. സംസ്ഥാനത്താകെ 37, 334 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. കഴിഞ്ഞ വര്‍ഷം 97.81 ശതമാനമായിരുന്നു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍. പിന്നില്‍ വയനാട് 93.22.

1167 സര്‍ക്കാര്‍ സ്‌കളൂകളില്‍ 599 സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്‌കൂളുകളില്‍ 713 എയ്ഡഡ് സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു. 458 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 391 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി കഴിഞ്ഞ വര്‍ഷം 389 ആയിരുന്നു.

എസ്.എസ്.എല്‍.സി ജില്ലയില്‍
97.86 ശതമാനം വിജയം

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 97.86 ശതമാനം വിജയം. ജില്ലയില്‍ പരീക്ഷ എഴുതിയ 80052 പേരില്‍ 78335 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 14242 ആണ്‍കുട്ടികളും 13944 പെണ്‍കുട്ടികളും പരീക്ഷ എഴുതിയപ്പോള്‍ 13763 ആണ്‍കുട്ടികളും 13757 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടി. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും 23148 ആണ്‍കുട്ടികളും 21706 പെണ്‍കുട്ടികളും പരീക്ഷ എഴുതിയപ്പോള്‍ 22467 ആണ്‍കുട്ടികളും 21361 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും 3526 ആണ്‍കുട്ടികളും 3486 പെണ്‍കുട്ടികളും പരീക്ഷ എഴുതിയപ്പോള്‍ 3506 ആണ്‍കുട്ടികളും 3481 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 666 പേര്‍ക്കും എയ്ഡഡ് സ്‌കൂളുകളില്‍ 1026 പേര്‍ക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 25 പേര്‍ക്കും ഉപരിപഠനത്തിനായുള്ള കടമ്പ കടക്കാനായില്ല. കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിജയശതമാനം 97.75 ശതമാനമായിരുന്നു.

മലപ്പുറം വിദ്യഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 27414 കുട്ടികളില്‍ 27128 പേര്‍ ഉപരിപഠനത്തിനര്‍ഹത നേടി. തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 16466 കുട്ടികളില്‍ 15810 പേരും വണ്ടൂരില്‍ 15702 പേരില്‍ 15367 പേരും ഉപരിപഠനത്തിനര്‍ഹരായി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 20470 കുട്ടികളില്‍ 78335 പേരാണ് എസ്.എസ്.എല്‍.സി കടമ്പ കടന്നത്.

ജില്ലയില്‍ നിന്നും 5970 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 5702 കുട്ടികളായിരുന്നു ഈ നേട്ടം കൈവരിച്ചത്. മലപ്പുറം വിദ്യഭ്യാസ ജില്ലയില്‍ 2493 കുട്ടികളും തിരൂരില്‍ 886 പേരും വണ്ടൂരില്‍ 1158 പേരും തിരൂരങ്ങാടിയില്‍ 1433 പേരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്് സ്വന്തമാക്കി.

ജില്ലയിലെ 144 സ്‌കൂളിലെ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 132 സ്‌കൂളുകളായിരുന്നു നൂറുമേനി നേടിയത്. 26 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തപ്പോള്‍ 10 എയ്ഡഡ് സ്‌കൂളുകളും 108 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഈ നേട്ടം സ്വന്തമാക്കി. മലപ്പുറം വിദ്യഭ്യാസ ജില്ലയില്‍ 52 ഉം തിരൂരില്‍ 32 ഉം വണ്ടൂരില്‍ 26 ഉം തിരൂരങ്ങാടിയില്‍ 34 ഉം സ്‌കൂളുകള്‍ നൂറുമേനി സ്വന്തമാക്കി.

Sharing is caring!