മാപ്പിളപ്പാട്ട് നെഞ്ചിലേറ്റിയ മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട മൂസാക്ക ഇനി പാടില്ല; ആ ശബ്ദം നിലച്ചു.

മാപ്പിളപ്പാട്ട് നെഞ്ചിലേറ്റിയ മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട മൂസാക്ക ഇനി പാടില്ല; ആ ശബ്ദം നിലച്ചു.

മലപ്പുറം: മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ മലപ്പുറത്തിന്റെ ആവേശമായിരുന്നു ഇന്ന് അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (79). മാണിക്യമലരിന്റെ സുഗന്ധം പരത്തിയ ആ ശബ്ദം മലപ്പുറത്തിന് ഇനി ഓര്‍മ്മകളില്‍ മാത്രം. ശ്വാസകോശ സംബന്ധമായ അസുഖം പിടിപെട്ട് ചികില്‍സയിലായിരുന്നു. മലപ്പുറത്ത് പല വേദികളിലായി ഒട്ടേറെ തവണ അദ്ദേഹം ഒരു ഗായകനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടേറെ ആരാധകരേയും, ശിഷ്യന്‍മാരെയും വേദനയിലാഴ്ത്തിയാണ് അദ്ദേഹത്തിന്റെ മടക്കം.

സംഗീതയാത്ര

ഉമ്മ ആസ്യയുടെ പാട്ടുകള്‍ കേട്ടാണ് മൂസ വളര്‍ന്നത്. സെബീനപ്പാട്ട്, കെസ്സ്പാട്ട്, ഒപ്പനപ്പാട്ട് എല്ലാം ഉമ്മയോടൊപ്പം ഏറ്റുപാടി. അരവ്കല്യാണത്തിനും മൈലാഞ്ചി കല്യാണത്തിനും നാട്ടുകാര്‍ക്കാവേശമായി ആ ശബ്ദം. അരങ്ങേറ്റം തലശ്ശേരിക്കടുത്തുള്ള ഒരു ശ്രീനാരായണഗുരു മഠത്തില്‍ വച്ചായിരുന്നു. ഗ്രാമീണ കലാസമിതിയില്‍ നാടകഗാനങ്ങള്‍ പാടുന്നതിനിടെയാണ് മാപ്പിളപ്പാട്ടിലുള്ള തന്റെ വഴക്കം മൂസ തിരിച്ചറിഞ്ഞത്. കോഴിക്കോടിന്റെ ആത്മസംഗീതമായിരുന്ന എം എസ് ബാബുരാജിന്റെയും കണ്ണൂര്‍ രാജന്റെയും പാട്ടുകള്‍ മൂസയിലെ സംഗീതത്തെ തൊട്ടുണര്‍ത്തി. ജീവിതം അദ്ധേഹത്തെ പല വേഷങ്ങളുമണിയിച്ചു, പല തൊഴിലുകളും ചെയ്തു. ഇതിനിടില്‍ സംഗീതത്തെ പരിപാലിക്കാന്‍ മറന്നില്ല എരഞ്ഞോളി മൂസ.

ദൈവം ഓരോരുത്തരുടെയും മുന്നില്‍ ഓരോ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് പറയുന്നത് പോലെ മൂസാക്കയുടെ ജീവിതത്തിലെ ദൈവത്തിന്റെ പരിവേഷമാവുകയായിരുന്നു സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്‌ററര്‍. ടെലിച്ചറി മ്യൂസിക് ക്ലബിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ധേഹം. അത്തര്‍ മണക്കുന്ന ആ ശബ്ദമാധുര്യം മാഷിന്റെ ശ്രദ്ധയാകര്‍ഷിച്ചു അങ്ങനെ മാഷിന്റെ ക്ഷണം സ്വീകരിച്ച് മൂസ ആകാശവാണിയില്‍ പാടിതുടങ്ങി. അങ്ങനെ വലിയകത്ത് മൂസ എരഞ്ഞോളി മൂസയായി. പിന്നീട് രാഘവന്‍ മാഷിന്റെയും വിദ്യാസാഗറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയുമൊക്കെ പാട്ടുകള്‍ പാടി.

മാപ്പിളപ്പാട്ടുകള്‍ ജനകീയമാക്കി കലാരംഗത്ത് പുതിയ വാതായനം തുറന്നുകൊണ്ടായിരുന്നു മൂസാക്കയുടെ സംഗീതപ്രവര്‍ത്തനങ്ങള്‍. മാപ്പിളപ്പാട്ടിന്റെ തനതായ സൗന്ദര്യം നിലനിര്‍ത്തി ചരിത്രത്തിനും പാരമ്പര്യത്തിനും ഊന്നല്‍നല്‍കി മൂസ ആയിരത്തിലേറെ വേദികളില്‍ പാടി. കടലോരവാസിയായ മൂസാക്കയുടെ സ്വരമാധുരി കടല്‍കടന്നും പരന്നു. 450 ഓളം തവണ വിദേശത്ത് പാട്ടുപാടാനായി മൂസാക്ക യാത്രചെയ്തു. സംഗീതനാടക അക്കാദമി അവാര്‍ഡ് മാപ്പിളപ്പാട്ടിന്റെ സമഗ്രസംഭാവനയ്ക്ക് നിരവധി അംഗീകാരങ്ങള്‍ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ അഭിനയവും തനിക്ക് വഴങ്ങും എന്ന് മൂസാക്ക തെളിയിച്ചു. പതിനാലാം രാവ്, ഗ്രാമഫോണ്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി ,ആദാമിന്റെ മകന്‍ അബു എന്നിങ്ങനെ വിവിധ ചിത്രങ്ങളിലും അഭിനയിച്ചു. ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. ഗ്രാമഫോണ്‍ പാടുന്നു എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.

Sharing is caring!