അന്‍വര്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ഭ്രാന്തമായി പ്രതികരിക്കുന്നെന്ന് സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍

അന്‍വര്‍ മാധ്യമങ്ങളെ  കാണുമ്പോള്‍ ഭ്രാന്തമായി പ്രതികരിക്കുന്നെന്ന്  സി.പി.ഐ മലപ്പുറം  ജില്ലാ കൗണ്‍സില്‍

മലപ്പുറം: പൊന്നാനിയിലെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയും, നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി. അന്‍വറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സി.പി.ഐ ജില്ലാ കൗണ്‍സില്‍. എം.എല്‍.എ എന്ന നിലയില്‍ ജനപ്രതിനിധിക്ക് വേണ്ട പക്വത കാണിക്കാത്ത അന്‍വര്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ഭ്രാന്തമായി പ്രതികരിക്കുന്നെന്ന് ജില്ലാ കൗണ്‍സില്‍ വിമര്‍ശിച്ചു. മുന്നണിയിലെ ഘടകകക്ഷികളെ അന്‍വര്‍ മാനിക്കുന്നില്ല. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.പി. സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ലെന്നും യോഗം വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം അന്‍വര്‍ തുടര്‍ച്ചയായി നടത്തിയ പരസ്യപ്രതികരണങ്ങള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഇനിയും വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നോക്കിയിരിക്കാനാവില്ലെന്നും സി.പി.ഐ ജില്ലാ നേതൃത്വം അന്‍വറിനെ അറിയിച്ചിട്ടുണ്ട്. മലപ്പുറത്ത് മുസ്ലിംലീഗും സി.പി.ഐയും ഒരുപോലെയാണെന്നും തന്നേക്കാള്‍ ലീഗിനോടാണ് സി.പി.ഐയ്ക്ക് താല്‍പര്യമെന്നായിരുന്നു അന്‍വറിന്റെ ആദ്യ വിമര്‍ശനം. ഇതിനു പിന്നാലെ പി.പി സുനീര്‍ മുസ്ലിംലീഗിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തെത്തുകയും എ.ഐ.വൈ.എഫ് വ്യാപകമായി അന്‍വറിന്റെ കോലം കത്തിച്ചിരുന്നു. സി.പി.ഐയുടെ എതിര്‍പ്പ് ശക്തമായതോടെ അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വിലക്കി സി.പി.എമ്മും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് എം.എല്‍.എയ്‌ക്കെതിരെ സി.പി.ഐ ജില്ലാ കൗണ്‍സിലില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയത്.

Sharing is caring!