ശഹര്‍ബാനു പറയുന്നു… നിഖാബ് നിരോധനം വേണമെന്നു പറയുന്നവര്‍ ഉന്നയിക്കുന്ന ചൊട്ടുവാദങ്ങളെല്ലാം ഇസ്ലാമോഫോബിയയില്‍ നിന്നുണ്ടാവുന്നത്

ശഹര്‍ബാനു പറയുന്നു… നിഖാബ് നിരോധനം വേണമെന്നു പറയുന്നവര്‍ ഉന്നയിക്കുന്ന  ചൊട്ടുവാദങ്ങളെല്ലാം  ഇസ്ലാമോഫോബിയയില്‍  നിന്നുണ്ടാവുന്നത്

മലപ്പുറം: നിഖാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി യുവതി.കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ശഹര്‍ ബാനു ആണ് ഫേസ്ബുക്ക് ലൈവ് വഴി തന്റെ നിലപാട് വ്യക്തമാക്കുന്നത്.

നിഖാബ് ഉപയോഗിക്കുന്ന ആളല്ല എന്ന ആമുഖത്തോടെയാണ് അവര്‍ തന്റെ വീഡിയോ ആരെഭിക്കുന്നത്. നിഖാബ് നിര്‍ബന്ധമാണെന്ന് ഒരു പണ്ഡിതരും ആധികാരികമായി പറഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വിശ്വസിയായിക്കൊണ്ടു തന്നെ എണ്‍പത് ശതമാനം സ്ത്രീകളും ഇത് ഉപയോഗിക്കാത്തവരാണ്. വളരെ ചെറിയ ശതമാനമാണ് ഇവിടെ നിഖാബ് ഉപയോഗിക്കുന്നവര്‍. ഈ സാഹചര്യത്തില്‍ നിഖാബിന്റെ ചര്‍ച്ചകള്‍ വിചിത്രമായി തോന്നുന്നുവെന്ന് അവര്‍ പറയുന്നു. സാരിയും പാന്റുമടക്കം ഏത് വസ്ത്രമാണ് ഇറക്കുമതിയല്ലാത്തതെന്ന് നിഖാബ് നമ്മുടെ വസ്ത്രധാരണ രീതിയല്ലെന്ന് വാദിക്കുന്നവരോട് അവര്‍ ചോദിക്കുന്നു.

സ്വാതന്ത്ര്യം തടയുന്നു എന്ന വാദത്തെയും അവര്‍ പൊളിച്ചടുക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണോ നിങ്ങളുദ്ദേശിക്കുന്ന സ്വാതന്ത്ര്യം. നിര്‍ബന്ധപൂര്‍വ്വം ഒരു സംഗതി അടിച്ചേല്‍പിക്കുന്നതില്‍ നിന്ന് എന്ത് വ്യത്യാസമാണ് നിര്‍ബന്ധപൂര്‍വ്വം അത് ഊരിയെടുക്കുന്നവര്‍ കാണിക്കുന്നത് – ശഹര്‍ ബാനു ചോദിക്കുന്നു. മുഖം മാത്രമല്ല, നിഖാബ് ഉള്‍പെടെയുള്ള എല്ലാ വസ്ത്രം ഒരു ഐഡന്റിറ്റയുടെ ഭാഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വസ്ത്രത്തിനും ഒരു രാഷ്ട്രീയമുണ്ട്. നിഖാബിന്റെ ആ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നവര്‍ ഭയപ്പെടുന്നതെന്നും ശഹബര്‍ബാനു വീഡിയോയില്‍ പറയുന്നു. നിഖാബ് നിരോധനം വേണമെന്നു പറയുന്നവര്‍ ഉന്നയിക്കുന്ന ചൊട്ടുവാദങ്ങളെല്ലാം ഇസ്ലാമോഫോബിയയില്‍ നിന്നുണ്ടാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മുസ്ലിം സ്ത്രീയുടെ ചിന്താശേഷിയെ നിരാകരിക്കുകയാണ് ഇവരെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പഠിക്കുമ്പോള്‍ നിഖാബ് ധരിക്കുക എന്നത് ദൈവികവിധിയാല്‍ നിര്‍ബന്ധമാണെന്ന് താനിക്ക് ബോധ്യാമായാല്‍ അത് ധരിക്കുമെന്ന് അടിയുറച്ചു പറയുന്ന ശഹര്‍ ബാനു അന്ന് ഒരു പാര്‍ട്ടി ഓഫീസിനും അതിന്റെ നൂലിഴ പോലും ഊരിയെടുക്കാനാവില്ലെന്നും വ്യക്തമാക്കുന്നു.

Sharing is caring!