വളാഞ്ചേരിയില്‍ ആരു കുറ്റം ചെയ്താലും അതില്‍ ഞാന്‍ കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് മന്ത്രി കെ.ടി ജലീല്‍

വളാഞ്ചേരിയില്‍ ആരു കുറ്റം  ചെയ്താലും അതില്‍ ഞാന്‍ കുറ്റക്കാരനാകുന്നതെങ്ങനെയെന്ന്  മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: വളാഞ്ചേരിയില്‍ ആരു കുറ്റം ചെയ്താലും അതില്‍ ഞാന്‍ കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് ചോദിച്ച് മന്ത്രി കെ.ടി ജലീല്‍. വളാഞ്ചേരിയില്‍ പോക്സോ കേസില്‍ പ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന് കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തോട് മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഷംസുദ്ദീന്‍ എന്ന കൗണ്‍സില്‍ സി.പി.എമ്മിലെ അംഗമല്ലെന്നും ഷംസുദ്ദീന്‍ സ്വതന്ത്ര്യനായി മത്സരിക്കുകയും സി.പി.എം പിന്തുണ നല്‍കുകയുമായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു. വളാഞ്ചേരിയിലെ എല്ലാവരുമായും എനിക്കു സൗഹൃദമുണ്ട്. ലീഗുകാരുമായിട്ടും കോണ്‍ഗ്രസ്സുകാരുമായിട്ടും അല്ലാത്തവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരില്‍ പല പേരും കേസുകളില്‍പെട്ടിട്ടുണ്ട്. അതില്‍ ഞാന്‍ കുറ്റക്കാരനാണോ? എന്നദ്ദേഹം ചോദിച്ചു. അതിനാല്‍ ഈ സംഭവത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നു കെ.ടി ജലീല്‍ പറഞ്ഞു.ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പോലിസിനെ വിവരം അറിയിച്ചു. പോലിസ് സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ വളാഞ്ചേരിയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32ാം ഡിവിഷന്‍ മെമ്പറാണ് ഷംസുദ്ദീന്‍. പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ പ്രതി വിദേശത്തേക്ക് കടന്നത്. കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ കുടുംബക്കാരുമായി താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി ഷംസുദ്ദീന്‍ പ്രണയത്തിലായെന്ന് പോലിസ് പറയുന്നു. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാര്‍ട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു.
വിവാഹ വാഗ്ദാനത്തില്‍നിന്ന് കൗണ്‍സിലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈനും പോലിസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.

Sharing is caring!