പി.പി.സുനീര്‍ എവിടെ?, സുനീറിനെതിരെയുള്ള അന്‍വറിന്റെ ആരോപണത്തില്‍ കഴുമ്പുള്ളതായി സംശയിച്ച് ഒരു വിഭാഗം സി.പി.ഐക്കാരും

പി.പി.സുനീര്‍ എവിടെ?,  സുനീറിനെതിരെയുള്ള അന്‍വറിന്റെ  ആരോപണത്തില്‍ കഴുമ്പുള്ളതായി  സംശയിച്ച് ഒരു വിഭാഗം സി.പി.ഐക്കാരും

മലപ്പുറം: സി.പി.ഐക്കും സി.പി.ഐ നേതാവ് പി.പി. സുനീറിനും എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പൊന്നാനി ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും, നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി. അന്‍വറിന് മറുപടി നല്‍കാതെ മൗനംപാലിക്കുന്ന പി.പി.സുനീറിന്റെ നിലപാടില്‍ സി.പി.ഐയിലും പ്രതിഷേധം.

സിപിഐ നേതാക്കള്‍ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് വീണ്ടും സി.പി.ഐക്കെതിരെയും സി.പി.ഐ വയനാട് സ്ഥാനാര്‍ഥി പി.പി.സുനീറിനെതിരേയും രംഗത്തുവന്നത്.സുനീര്‍ മുസ്ലിം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അന്‍വര്‍ ആരോപിച്ചത്. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ അന്‍വര്‍, മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ജില്ലയില്‍ വ്യാപകമായി പി.വി.അന്‍വറിനെതിരെ പ്രതിഷേധങ്ങളും കോലംകത്തിക്കലുംവരെ നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി അന്‍വറിന് മറുപടിയും നല്‍കിയെങ്കിലും മുന്‍മലപ്പുറം സെക്രട്ടറി കൂടിയായ പി.പി.സുനീര്‍ വിഷയത്തില്‍ മൗനംപാലിക്കുന്നത് അന്‍വറിന്റെ ആരോപണത്തില്‍ കഴുമ്പുള്ളതുകൊണ്ടാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്, നേരത്തെ സി.പി.ഐയില്‍നിന്നും ഒരു വിഭാഗം പാര്‍ട്ടി വിടാന്‍വരെ കാരണമായത് സുനീറിന്റെ സ്വാര്‍ഥതാല്‍പര്യങ്ങളില്‍ പ്രതിഷേധിച്ചാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

ഇതോടെ സുനിറിനെ ചോദ്യംചെയ്ത് ‘സുനീര്‍ എവിടെ?’ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചോദ്യാവലിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്, ആ കുറിപ്പ് താഴെ:

സുനീര്‍ എവിടെ?

സ്വന്തം പ്രസ്ഥാനത്തിന് നേരെയും അത് കഴിഞ്ഞ് തനിക്ക് നേരെയും ഗുരുതരമായ ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായിട്ടും സുനീര്‍ എവിടെ?
ഈ ആധുനിക കാലത്ത് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയോ അല്ലെങ്കില്‍ ഏതെങ്കിലും മാധ്യമങ്ങളിലൂടെയും തന്റെ കാര്യം വിശദീകരിക്കാന്‍ എന്താണ് പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് നേതാവിന് കഴിയാതെ പോവുന്നത്. പറഞ്ഞത് അന്‍വര്‍ ആയത് കൊണ്ട് പറഞ്ഞതെല്ലാം പതിര് ആവണമെന്നില്ലലോ… പതിര് എന്ന് പറയേണ്ടവര്‍ തന്നെ പറയണ്ടെ.. വിവാദങ്ങള്‍ അവസാനിച്ച് എന്ന് പറഞ്ഞ് നടക്കുന്നു. തീ ഇല്ലാതെ പുകയുണ്ടാവില്ലെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ കുറ്റം പറയാന്‍ കഴിയും..

സിപിഐയോടും പി.പി.സുനീറിനോടും പി.വി.അന്‍വറിന് എന്താണ് ഇത്ര പകയെന്ന് പറയണ്ടത് പി.പി.സുനീര്‍ തന്നെ അല്ലേ..
ആരോപണങ്ങള്‍ ചെറുതല്ലല്ലോ!

1.പി.പി.സുനീര്‍ ലീഗിലേക്ക് പോവും.
2.ക്വാറി മാഫിയയില്‍ നിന്ന് പണം പറ്റുന്നു.
3. ലോകസഭ സീറ്റ് പിടിച്ച് വാങ്ങി.
4.സാമ്പത്തിക ക്രമക്കേട് നടത്തുന്നു.
ഈ ആരോപണങ്ങളോട് സുനീര്‍ ഒന്നും പറയാന്‍ ഇല്ലങ്കില്‍ പി.വി.അന്‍വറും പി.പി.സുനീറും തമ്മില്‍ എന്ത് വ്യത്യാസം….

പ്രതിഷേധങ്ങള്‍ ഇങ്ങിനെ…

നേരത്തെ പി.വി.അന്‍വറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.വൈ.എഫ് രംഗത്തുവന്നിരുന്നു. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാക്പോരിന് തുടക്കമിട്ടത്. മലപ്പുറത്ത് സി.പി.ഐ.യും, മുസ്ലിം ലീഗും തമ്മില്‍ വ്യത്യാസമില്ലെന്നും, തെരഞ്ഞെടുപ്പിലും സി.പി.ഐയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന പി.വി.അന്‍വറിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി രംഗത്തെത്തിയത്.
അന്‍വറിന്റെ പ്രസ്താവന വന്നതോടെയാണ് മുനിസിപ്പല്‍ കമ്മറ്റിയുടെ പേജില്‍ പിവി അന്‍വറിനെതിരെ രൂക്ഷ വംശമുയര്‍ന്നത്. അന്‍വറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ … ഞങ്ങള്‍ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിന്റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളി പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് .
ഇങ്ങനെയായിരുന്നു എഫ്.ബി. പോസ്റ്റ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.അന്‍വറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും, തങ്ങളെ ആക്ഷേപിച്ച അന്‍വറിനെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പല്‍ കമ്മറ്റി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജനാധിപത്യ മര്യാദ അനുസരിച്ച് വിഷയത്തില്‍ തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു
സി.പി.ഐ രൂക്ഷമായ വിമര്‍ശിച്ച പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി.അന്‍വറിന്റെ കോലം വീണ്ടും കത്തിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും പൊന്നാനിയിലും കോലംകത്തിച്ചതിന് പിന്നാലെ എടപ്പാളിലും, തിരൂരങ്ങാടിയിലുമാണ് വീണ്ടും കോലംകത്തിച്ചത്. പി.വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യ മാധ്യമങ്ങളിലൂടെ സി.പി.ഐ ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് വെച്ചാണ് പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും നടത്തിയത്. കുന്നിടിച്ചും, പരിവര്‍ത്തനപ്പെടുത്തിയും, ഭൂമി കയ്യേറ്റം നടത്തിവരികയായിരുന്ന പി.വി അന്‍വറിനെ നിയമവിരുദ്ധമായി സി.പി.ഐ സഹായിച്ചില്ലന്നതാണ് അന്‍വറിനെ ചൊടിപ്പിച്ചതത്രെ. മുതലാളിതത്വത്തിന്റെ തനി സ്വരൂപമാണ് അന്‍വര്‍ കാണിച്ചതെന്നും ഇത് ജനപ്രതിനിധിയുടെ വാക്കുകളായി കാണാനാകില്ലെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ പറഞ്ഞു. വോട്ടര്‍മാരെയും സി.പി.ഐ പ്രവര്‍ത്തകരെയും അധിക്ഷേപിച്ച അന്‍വറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് ജില്ലയില്‍ അങ്ങോളം അരങ്ങേറിയത്. ഇനിയും ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ സി.പി.ഐ ക്കെതിരെ തുടര്‍ന്നാല്‍ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പറഞ്ഞു. പരിപാടിക്ക് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍, സെക്രട്ടറി സുജീഷ് കുമാര്‍, പി.മോഹനന്‍, മനോജ് എന്‍,ശംസുദ്ധീന്‍, തോട്ടത്തില്‍അക്ബര്‍, ഇ.വി,എ.മണി എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!