ആരെങ്കിലുമൊരാള്‍ കോടതിയില്‍ പോയാല്‍ ഫസല്‍ ഗഫൂര്‍ തോറ്റു പോകുമെന്ന് ഭയപ്പെടുന്നുവെന്ന് എ.പി അഹമ്മദ്

ആരെങ്കിലുമൊരാള്‍  കോടതിയില്‍ പോയാല്‍  ഫസല്‍ ഗഫൂര്‍ തോറ്റു  പോകുമെന്ന് ഭയപ്പെടുന്നുവെന്ന് എ.പി അഹമ്മദ്

മലപ്പുറം: ആരെങ്കിലുമൊരാള്‍ കോടതിയില്‍ പോയാല്‍ ഡോ: ഫസല്‍ ഗഫൂര്‍ തോറ്റു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്ന് എഴുത്തുകാരനും ചിന്തകനുമായ എ.പി. അഹമ്മദ്, തന്റെ ഫേസ്ബുക്ക് പേജിലാണ് സി.പി.ഐ അനുഭാവി കൂടിയായ എ.പി.അഹമ്മദ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങിനെ:
ഒരു കോത്താമ്പിയേയും ഭയപ്പെടാത്ത നിലപാടുകളിലൂടെ എംഇഎസ്സിന്റെ പ്രസക്തി വര്‍ധിപ്പിച്ച അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്യുന്നു.. വിശ്വാസപരമായ അവകാശങ്ങള്‍ക്ക് ഇന്ത്യയില്‍ അഭേദ്യമായ സുരക്ഷയുണ്ട്. നൂല്‍ബന്ധമില്ലാത്ത ദിഗംബരന്മാര്‍ ആശ്രമങ്ങളും ആത്മീയമേളകളും നടത്തുന്ന രാജ്യത്ത്, പൗരന്മാരുടെ വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ വരുത്തുന്നത് അന്യായമാവും.

ഒരു സ്ത്രീയോ പുരുഷനോ മുഖം മൂടി നടന്നാല്‍ ഏത് നിയമപ്രകാരമാണ് അത് കുറ്റകരമാവുക? പരീക്ഷ, സുരക്ഷ, കുറ്റാന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഏത് വേഷക്കാരേയും പോലെ അവരെയും മൂടിമാറ്റി പരിശോധിക്കാമെന്നല്ലാതെ?

നമ്മുടെ പെണ്‍കുട്ടികളെ മുഖം മൂടാന്‍ പ്രേരിപ്പിക്കുന്ന ശക്തികളാണ് വിചാരണ ചെയ്യപ്പെടേണ്ടത്. ഇസ്ലാമികവേഷം എന്ന പുത്തന്‍ സ്വത്വബോധം, അന്ധമായ അറബ് വഹാബീ അനുകരണം, ലൈംഗികതയെക്കുറിച്ചുള്ള മുസ്ലിം പുരുഷഭാഷ്യം.. ഇക്കൂട്ടത്തില്‍ ഭീകരവാദികളുടെ മുഖമറപ്രയോഗം നിസ്സാരമായ ഒരംശം മാത്രം..

എന്തായാലും പണ്ഡിത സഭകളുടെ മതവിധിക്ക് കാത്തിരുന്ന് മുസ്ലിം സമൂഹം കാലം കളയേണ്ട. ചിത്രകല, നാടകം, സിനിമ, സംഗീതം, നൃത്തം, വീഡിയോ, ടെലിവിഷന്‍ തുടങ്ങി ഒരുകാലത്ത് വിലക്കപ്പെട്ട എത്രയോ ഇഷ്ടങ്ങളെ നാം വാരിപ്പുണര്‍ന്നത് ഫത് വകളുടെ ആനുകൂല്യത്തിലല്ലല്ലോ…

കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സമസ്ത വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Sharing is caring!