ഫസല്‍ ഗഫൂറിനെതിരെ മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകന്‍, മുഖവസ്ത്രം അപരിഷ്‌കൃതമല്ല; ചികില്‍സ വേണ്ടത് ഡോക്ടര്‍ക്കു തന്നെയെന്ന് ഇസ്മായീല്‍ അരിമ്പ്ര

ഫസല്‍ ഗഫൂറിനെതിരെ  മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകന്‍,  മുഖവസ്ത്രം അപരിഷ്‌കൃതമല്ല;  ചികില്‍സ വേണ്ടത് ഡോക്ടര്‍ക്കു തന്നെയെന്ന് ഇസ്മായീല്‍ അരിമ്പ്ര

മലപ്പുറം: എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള ഫസല്‍ഗഫൂറിന്റെ പ്രസ്താവനക്കെതിരെ മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകനായ ഇസ്മായീല്‍ അരിമ്പ്ര.
മതവിശ്വാസവും ആചാരവും ജീവിത സ്വാതന്ത്ര്യവും മാനിക്കുന്ന ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസത്തോട് രാജ്യം ചെറുത്തു നില്‍പ്പില്‍ മുഴുകിയിരിക്കുമ്പോഴാണ്, കോഴിക്കോട്ടെ ഒരു ന്യുറോളജിസ്റ്റ് മുസ്ലിം സ്ത്രീകളുടെ മുഖവസ്ത്രത്തിനു നേരെ ‘നിയമ വിലക്കിന്’ സര്‍ക്കുലുണ്ടാക്കുന്നതെന്ന് ഇസ്മായീല്‍ അരിമ്പ്ര തന്റെ ഫേസ്ബുക്ക്‌പേജില്‍ കുറിച്ചു.
ശക്തമായ ഭാഷയിലാണ് ഇസ്മായീല്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കുറിപ്പിന്റെ ബാക്കി ഭാഗം താഴെ:

‘പുരോഗമനത്തി’ന്റെ നാട്യ നടനങ്ങളില്‍ നടുവേ ഓടാനുള്ള ഫസല്‍ ഗഫൂര്‍ ഡോക്ടറുടെ ഈ വെപ്രാളം സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ മേല്‍വിലാസത്തിലാണെന്നതാണ് ഈ വിഷയത്തിലെ വലിയൊരു വിവാദപശ്ചാത്തലം. എം.ഇ.എസിന്റെ അടിയാധാരത്തില്‍ ‘മുസ്ലിം എജ്യുക്കേഷനല്‍ സൊസൈറ്റി ‘ യെന്നതാണ് മുഴുപേര്. മുസ്്ലിം സമുദായത്തിലെ ഒരു വിദ്യാഭ്യാസ സംഘടന. പേരും സ്ഥാപനം അനുവദിച്ചു വരുന്നതും കോഴ്സുകള്‍ അനുവദിക്കുന്നതും നിയമനവുമെല്ലാം ആസ്വദിച്ചു പോരുന്നത് ഈ അര്‍ത്ഥത്തില്‍ തന്നെ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സേവനമനസ്‌കതയോടെ ആ ദൗത്യമേറ്റെടുത്തു നിര്‍വഹിക്കാനുള്ള പരിജ്ഞാനമാണ് തലപ്പത്തിരിക്കുന്നവര്‍ക്കും വേണ്ടത്. അജണ്ടകള്‍ക്ക് വേണ്ടി മേല്‍വിലാസം ദുരുപയോഗം ചെയ്തുകൂടാ.

ഡോ. ഫസല്‍ ഗഫൂര്‍ ഒപ്പിട്ടു ഏപ്രില്‍ 17ന് എം.ഇ.എസ് കോളെജുകളുടെ സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച വിവാദ സര്‍ക്കുലറില്‍, വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു തരത്തിലുള്ള വസ്ത്രധാരണത്തിലും ക്ലാസുകളില്‍ വരുന്നില്ലെന്ന്, വിവാദത്തിനു ഇടംകൊടുക്കാതെ (അതായത് ചുളുവില്‍)2019-20 അധ്യായനവര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കേണ്ടതാണമെന്നും, ഇക്കാര്യം കോളെജ് നിയമമായി ഉള്‍പ്പെടുത്തി പുതിയ വര്‍ഷത്തെ കോളെജ് കലണ്ടര്‍ തയ്യാറാക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിനു സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങളെന്ന ഫസല്‍ഗഫൂറിന്റെ പരമാര്‍ശത്തില്‍ ആധുനികതയുടെ/ മതാചാരങ്ങളുടെ പേരിലാണെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് എം.ഇ.എസ് മേധാവി പറയുന്നത്. ഭരണഘടനാനുസൃതമായി അംഗീകരിക്കപ്പെട്ട അവകാശബോധത്തോടുകൂടി ഈ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതൊരു മതപരമായ അനുഷ്ഠാന ശൈലിയുടെ ഭാഗമാണ്. അതു അംഗീകരിച്ചുകൊടുത്തേ മതിയാകൂ. നിഖാബ് ധരിക്കുന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളവരുണ്ടെന്നു പറയുന്നത് അതിന്റെ ന്യായമാവില്ല. അനുഷ്ഠാനങ്ങളെ പിന്തുടരുന്നവരുടെ എണ്ണത്തിലല്ല, അതു മതചിട്ടയായതിനാല്‍ ഒരാളെങ്കില്‍ ഒരാള്‍ക്കത് പുലര്‍ത്തിപ്പോരാന്‍ തടസ്സമായിക്കൂടാ. ഫസല്‍ഗഫൂറിന്റെ ന്യായീകരണത്തൊഴിലേറ്റെടുത്ത ഒരു വിഭാഗം മുജാഹിദുകളും പൊതുചിന്തകരും ഇതറിയാത്തവരാവരുത്. ഫാസിസത്തോടു മതവിശ്വാസികള്‍ ഏറ്റുമുട്ടിയ പലകാര്യങ്ങളിലും ഈ അഭിപ്രായന്തരങ്ങള്‍ നിലനില്‍ക്കേയാണ് മതസംഘടനകള്‍ യോജിച്ചു നിന്നത്. ഇന്നത്തെ നിഖാബ് നാളെത്തെ ഹിജാബും പര്‍ദ്ധയും മഫ്തയുമാണെന്നു തിരിച്ചറിവു നേടാന്‍ എം.ഇ.എസ്സിന്റെ ബാക്ക് ഫയല്‍ പരിശോധിക്കുന്നത് നന്നാകും.

മുസ്്ലിം സ്ത്രീയുടെ വേഷവിധാനത്തെ കുറിച്ചു മുസ്്ലിം സ്ത്രീകളുടെ ഒരുസംഗമത്തില്‍ സംസാരിച്ച ഒരു കോളെജ് പ്രൊഫസറെ ഫസല്‍ ഗഫൂര്‍ പറയുന്ന പൊതുബോധം ചോദ്യം ചെയ്ത രീതി മലയാളികള്‍ മറന്നിട്ടില്ല. മതചടങ്ങില്‍ മതവിശ്വാസിനികളായ പെണ്‍കുട്ടികളുടെ വേഷത്തെ കുറിച്ചു പറഞ്ഞതാണ് മാറ് തുറക്കാന്‍ നിരത്തില്‍ സമരയുദ്ധത്തിലേക്ക് ചിലരെയെല്ലാം നയിച്ചത്. തുറന്നിടാന്‍ ചോദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ ആനുകൂല്യം മറക്കാനുള്ള സ്വാതന്ത്ര്യത്തിനുമില്ലേ ?

സ്‌കൂള്‍ മുതല്‍ ബിരുദ, ബിരുദാനനന്തര, മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളെജുകളുടെ വലിയൊരു നിര വിവാദ മാനേജ്മെന്റിനു കീഴിലുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനി, ജീവനക്കാരികളുടെ വിശ്വാസപരമായ സ്വാതന്ത്ര്യത്തെ മുറിപ്പെടുത്തുകയാണ് ഫസല്‍ ഗഫൂറിന്റെ സര്‍ക്കുലര്‍.
പര്‍ദ,ഹിജാബ്,നിഖാബ് ഇവയൊക്കെ കാണുമ്പോലെ കയറിക്കൊത്തി വിവാദമാക്കാന്‍ തല്‍പരരായ പരിഷ്‌കരണ, പുരോഗമന നാട്യക്കാര്‍ക്കൊപ്പം ആടാനും പാടാനും കല്‍പിക്കുമ്പോള്‍ തുള്ളിക്കളിക്കേണ്ടവരല്ല ഇത്തരം വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തകര്‍.വലിബറല്‍ പുരോഗമനത്തിന്റെ ഉള്ളുകള്ളികളില്‍ മതംഎന്നാല്‍ പഴഞ്ചനാവാം പലപ്പോഴും. വിശ്വാസ, ആചാരങ്ങള്‍ അവര്‍ക്ക് യാഥാസ്തികത്വവും. ഇത്തരക്കാര്‍ തലപുകഞ്ഞുണ്ടാക്കുന്ന പല അജണ്ടകളും നടപ്പിലാക്കുന്നിടത്ത് ബൗദ്ധികമായ ശേഷിക്കുറവ് അനുഭവപ്പെടുക സ്വാഭാവികം. അതിനിടയില്‍ കയറിക്കൊത്തുന്ന ചിലരുണ്ട്,കഥയറിയാതെ. അവരെ ആവോളം കുരങ്ങ്കളി പഠിപ്പിച്ചു പ്രോല്‍സാഹിപ്പിച്ചെടുക്കുകയാണ് പിന്നെ ഇവരുടെ പ്രധാന ഹോബി. ഈ കെണിയില്‍ എന്തിനു വെറുതെ തലവെച്ചു കൊടുക്കണം ഡോക്ടര്‍. പരിഷ്‌കൃതവും പുരോഗമനവും നവോത്ഥാനവുമെല്ലാം ഉള്ളുകള്ളിയറിയാത്തെ വിളമ്പരുത്. കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്ക് കാര്യലാഭത്തിലാണ് കണ്ണ്. വിവരമില്ലന്ന വിവരമെങ്കിലും അവനവനെ കുറിച്ചുണ്ടായാല്‍ മതി. അതില്ലാത്തവരെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണല്ലോ.

ചിലര്‍ക്കൊരു പേര്;വാര്‍ത്തയിലൊരിടം;വൈറലായി ഒരു പോസ്റ്റ്. അതുമതി. അതിനപ്പുറത്തെ കുറിച്ചു തിരിച്ചറിയുമ്പോള്‍ പക്വമതികള്‍ തിരുത്തും. അതില്ലാത്തവര്‍ വീണുരുളും. ആദ്യമേ നടത്തേണ്ട ആലോചനയും വിചാരവുമാണ് മാന്യന്‍മാരുടെ ലക്ഷണം. പണ്ഡിതന്‍മാര്‍ മതം പറയട്ടെ. മതചിട്ടകളുടെ കാര്യത്തില്‍ മതപണ്ഡിതരോട് അന്വേഷിക്കുകയാണ് പ്രതിവിധി.

സമുദായത്തിന്റെ പേരുപയോഗിച്ച്, സേവന മുഖം കാണിച്ച് സര്‍ക്കാര്‍ തലത്തില്‍ നേടിയെടുത്തത് വെച്ച് ഫസല്‍ ഗഫൂര്‍ നടത്തുന്ന ഈ കളി ആശ്വാസകരമല്ല. ആളറിയാതെ കാര്യം നടത്താനുള്ള കൗശലങ്ങള്‍ക്കു സ്വന്തം ബിസിനസ് മേല്‍വിലാസങ്ങളാണ് നല്ലത്. അബദ്ധം ബോധ്യമുള്ളവര്‍ അതുവഴി പോവേണ്ടന്നു മാത്രം.’ഞങ്ങളുടെ സ്ഥാപന’ത്തില്‍ ഇങ്ങനെയൊക്കെ നടത്തുമെന്ന പിടിവാശി,സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അംഗീകാരം വാങ്ങിവെച്ച സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ കാര്യത്തിലാണെന്ന് തിരിച്ചറിവ് വേണം.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വത്തക്ക വെള്ളം കലക്കിയും മഫ്ത കടം വാങ്ങി ഫ്ളാഷ് മോബ് നടത്തിയും നടുറോട്ടില്‍ ബ്ലോക്കുണ്ടാക്കിയവരുമെല്ലാം പിന്നില്‍ നിര ചേരാനുണ്ടായെന്നു വരും. എന്നാല്‍ മുഖവസ്ത്രം ധരിച്ചു വന്നവള്‍ അതിനിയും തുടരും. ധരിക്കുന്നവള്‍ തന്നെ പുതിയ അഡ്മിനഷനും നേടും. അതുതടയാന്‍ തല്‍ക്കാലം മാനേജ്മെന്റിനു ‘വിവാദമില്ലാതെ നടപ്പിലാക്കാന്‍’കൊടുത്തയച്ച ഈ കുറിപ്പടി മതിയാവില്ല ഡോക്ടര്‍. പ്രബുദ്ധ കേരളത്തിന് പിഴച്ചിട്ടില്ല;ചികില്‍സ ഇത്തവണ ഡോക്ടര്‍ക്കു തന്നെയാണ് വേണ്ടത്. എന്ന് പറഞ്ഞാണ്
ഇസ്മാഈല്‍ അരിമ്പ്ര തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സമസ്ത വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Sharing is caring!