മുഖംമറക്കല്‍ നിരോധിക്കുന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ എം.എസ്.എഫ് വനിതാ നേതാക്കള്‍

മുഖംമറക്കല്‍ നിരോധിക്കുന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ  എം.എസ്.എഫ് വനിതാ നേതാക്കള്‍

മലപ്പുറം: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എസ്.എഫ് വനിതാ നേതാക്കള്‍. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷന്‍ ഫാത്തിമത്ത് തെഹ്ലിയും ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്സമോളുമാണ് എം.ഇ.എസ് സര്‍ക്കുലറിനെതിരെ രംഗത്തെത്തിയത്.

സുരക്ഷാ പരിശോധനക്കിടയിലോ പരീക്ഷ തുടങ്ങി മുഖം നിര്‍ബന്ധമായും വെളിവാക്കേണ്ട മറ്റ് സന്ദര്‍ഭങ്ങളിലോ മുഖം മറക്കരുത് എന്ന് നിബന്ധന വെക്കുന്നത്തിന്റെ യുക്തി മനസിലാക്കാമെന്ന് അവര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. മുഖമക്കന പൂര്‍ണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ് എന്ന് പറയാതെ വയ്യ. മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂ എന്നും തഹ്ലിയ ചൂണ്ടിക്കാട്ടുന്നു.

ഉരിയല്‍ സ്വാതന്ത്ര്യം ആണെങ്കില്‍ ഉടുക്കല്‍ അവകാശമാണെന്നാണ് ഹഫ്സമോള്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. തുണിയുരിയാനുള്ള ഡസന്‍ കണക്കിന് സമരങ്ങള്‍ക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 25,26 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം അനുശാസിക്കുന്നത് പോലെ ജീവിക്കുവാനുമുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയിലെ ദൌര്‍ഭാഗ്യകരമായ ഭീകരാക്രമണം നടക്കുന്നത്. രാജ്യ സുരക്ഷയുടെ ഭാഗമായി അവിടെ നിഖാബ് താല്‍കാലികമായി നിരോധിച്ചു. ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷ കാര്യത്തില്‍ എടുക്കുന്ന ഒരു സര്‍ജിക്കല്‍ തീരുമാനമെന്ന നിലയില്‍ മുസ്ലിം സമൂഹം അതിനു മൗനാനുവാദം നല്‍കി. പക്ഷെ അതിന്റെ മറ പിടിച്ചു കേരളത്തില്‍ അള്‍ട്രാ സെക്കുലര്‍ ജീവി ചമയാന്‍ ശ്രമിക്കുന്ന ഫസല്‍ ഗഫൂര്‍ ഒപ്പിട്ടു പുറത്തിറക്കിയ സര്‍ക്കുലര്‍ കേരള സമൂഹം കീറി എറിയും എന്ന് തന്നെയാണ് പറയാനുള്ളത്’ ഹഫ്സ പറയുന്നു.

സിഖുകാരന് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി കിര്‍പ്പന്‍ കത്തി അരയില്‍ കൊണ്ടുനടക്കാന്‍ നിയമാനുസൃതമായ പരിരക്ഷയുള്ള നാട്ടില്‍ എന്തിനു നിഖാബ് നിരോധിക്കണം. മനസ്സറിഞ്ഞു നിഖാബ് ധരിക്കുന്നവര്‍ അത് ധരിക്കട്ടെ. അല്ലാത്തവര്‍ അത് ധരിക്കാതിരിക്കട്ടെ.<യൃ>
മുഖാവരണം ധരിച്ചവരുടെ മുഖം കണ്ടേ അടങ്ങൂ എന്നും, മുഖം കാണിച്ചു നടക്കുന്നവളെ നിഖാബ് അണിയിച്ചേ അടങ്ങൂ എന്നും വാശിപിടിക്കാതിരിക്കാമെന്നും ഹഫ്സ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

Sharing is caring!