മുഖം മറക്കണമെന്ന് ഇസ്ലാം പറയുന്നില്ല, എം.ഇ.എസ് സര്‍ക്കുലറിന് മന്ത്രി ജലീലിന്റെ പിന്തുണ

മുഖം മറക്കണമെന്ന്  ഇസ്ലാം പറയുന്നില്ല,   എം.ഇ.എസ് സര്‍ക്കുലറിന്  മന്ത്രി ജലീലിന്റെ പിന്തുണ

മലപ്പുറം: മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി(എം.ഇ.എസ്)യുടെ സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനു പിന്നാലെ സര്‍ക്കുലറിനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍. ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും സ്ത്രീകള്‍ മുഖം മറയ്ക്കേണ്ടതില്ലെന്നാണ് ഇസ്ലാം പറയുന്നത്.

സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് മതം അനുശാസിക്കുന്നത്. എന്നിട്ടും മുഖം മറയുന്ന ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് ജലീല്‍ നിലപാട് അറിയിച്ചത്.

ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കച്ചവട താല്‍പര്യമാണുള്ളത്. ഇക്കാര്യം മുസ്ലിം സമുദായം തിരിച്ചറിയണം. 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രമാണ്. അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇതുസംബന്ധിച്ച് സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!