പെരിന്തല്‍മണ്ണയില്‍ പെണ്‍വേഷം കെട്ടി വിവാഹ സ്ഥലത്ത് യുവതികള്‍ക്കിടയില്‍ ചുറ്റിത്തിരിഞ്ഞ യുവാവിനെ കൂട്ടംചേര്‍ന്ന് പൊതിരെ തല്ലിയ സംഭവത്തില്‍ ദുരൂഹത ഏറെ
മലപ്പുറം: പെണ്‍വേഷം കെട്ടി വിവാഹ സ്ഥലത്ത് യുവതികള്‍ക്കിടയില്‍ ചുറ്റിത്തിരിഞ്ഞ യുവാവിനെ കൂട്ടംചേര്‍ന്ന് പൊതിരെ തല്ലിയ സംഭവത്തില്‍ ദുരൂഹത ഏറെ. കല്ല്യാണവീട്ടിലുള്ളവര് യുവാവിനെ കൈകാര്യം ചെയ്തതോടെ സംഭവം കേസായി. എന്നാല്‍ ഏത് തരത്തില്‍ ഈ കേസിനെ കൈകാര്യം ചെയ്യണമെന്ന് പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ചുരിദാറിനു മീതെ മഫ്തയണിഞ്ഞു സ്ത്രീകള്‍ക്കിടയിലൂടെ ഷെഫീഖ് തിരക്കി നടന്നത്. സംശയം തോന്നിയ യുവതിയാണു ബന്ധുക്കളെ വിവരമറിയിച്ചത്. ആദ്യം കല്ല്യാണവീട്ടിലെ സ്ത്രീകള്‍ പരിശോധന നടത്തിയതോടെ മഫ്തക്കുള്ളില്‍ പുരുഷനാണന്നു തെളിഞ്ഞു. മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദനവും ഉണ്ടായി. വിവാഹ പന്തലിലെ ബന്ധുക്കള്‍ ചേര്‍ന്നു വളഞ്ഞുവച്ചു ചോദ്യം ചെയ്തെങ്കിലും പെണ്‍വേഷം കെട്ടി വെറുതെ വന്നുവെന്നായിരുന്നു മറുപടി. ചോദ്യം ചെയ്യലിനിടെ വിവാഹം നടക്കുന്ന പെരിന്തല്‍മണ്ണയിലെ ഹാളിനുള്ളില്‍ വച്ചും റോഡില്‍ വച്ചും യുവാവിനെ പലവട്ടം മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കേണ്ട സാഹചര്യം പൊലീസിനുണ്ട്.
യുവാവിന് അല്പം മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും ബന്ധുക്കള്‍ പറയുന്നു. വേര്‍പിരിഞ്ഞ ഭാര്യയുടെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്നു യുവാവിനെക്കൊണ്ട് അണിയിച്ചെന്നും, വിവാഹസ്ഥലത്തേക്കു കയറ്റി വിട്ടെന്നുമാണു ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത് പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖും പറയുന്നത്. ഇതു സംബന്ധിച്ച് ഷഫീഖ് പൊലീസില്‍ പരാതി നല്കി.
വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്മണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഷഫീഖ് പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നത്. ചുരിദാര്‍ ധരിപ്പിച്ചതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ പോലെ ഷെഫീഖും പറയുന്നത്.
ഷെഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈല്‍ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം. സാധാരണ വിവാഹ പന്തലുകളില്‍ സദ്യകഴിക്കാനും മറ്റും ആളുകള്‍ വ്യാജ ഐഡന്റിറ്റിയില്‍ എത്താറുണ്ട്. ഇത്തരത്തിലൊരു കേസായാണ് പൊലീസ് ആദ്യം ഇതിനെ എടുത്തത്. അപ്രതീക്ഷിതമായാണ് ഷഫീഖ് പരാതി നല്‍കിയത്. ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടി. ഈ സാഹചര്യത്തില്‍ പ്രദേശത്തെ സിസിടിവി മുഴുവന്‍ പരിശോധിക്കാനാണ് പൊലീസ് തീരുമാനം
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]