‘പെണ്‍ചിറകുകള്‍’ സ്ത്രീ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

‘പെണ്‍ചിറകുകള്‍’  സ്ത്രീ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ‘പെണ്‍ചിറകുകള്‍’ സ്ത്രീ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു. തൃശൂര്‍ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ വെച്ചു നടന്ന
ആദ്യസംഗമത്തില്‍വെച്ചാണ് പ്രകാശനം കര്‍മം നടത്തിയത്. ആക്ടിവിസ്റ്റ് നര്‍ഗീസ് ബീഗമായിരുന്ന ചടങ്ങിലെ മുഖ്യാതിഥി. ഫാത്തിമാബീവി എന്ന വിദ്യാര്‍ഥിനിയാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. കൂട്ടായ്മയില്‍ വിവിധ ജില്ലകളില്‍നിന്നുള്ള വനിതകളാണുള്ളത്.

ഭിന്നശേഷിക്കാര്‍, എഴുത്തുകാര്‍, ടീച്ചര്‍മാര്‍, ചിത്രം വരയുന്നവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ മേഖലയില്‍ പെട്ടവരും കൂട്ടായ്മയിലുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. അമ്പതോളംപേരാണ് നിലവില്‍ കൂട്ടായ്മയിലുള്ളത്. ഇതില്‍ രണ്ടുപേരൊഴികെ ബാക്കി എല്ലാവരും ജോലിക്കാരാണ്.
ചടങ്ങില്‍ എഴുത്തുകാരി ആയിശ ഹസീന അധ്യക്ഷത വഹിച്ചു. ഫാത്തിമാബീവി സ്വാഗതം പറഞ്ഞു.
ആക്ടിവിസ്റ്റ് നര്‍ഗീസ് ബീഗം.

ലോഗോ പ്രകാശനം നര്‍ഗീസ് ബീഗംതന്നെയാണ് നിര്‍വഹിച്ചത്. എഴുത്തുകാരി കയ്യുമ്മു നര്‍ഗീസ് ബീഗത്തെ പൊന്നാട അണിയിച്ചു.
എഴുത്തുകാരി സഫീന.കെ.എസ്. മൊമന്റോ നല്‍കി.
പങ്കെടുത്ത എല്ലാവരും ഒരു സ്ത്രീയെന്ന നിലയില്‍ അനുഭവിച്ചു തീര്‍ത്ത ജീവിത പ്രതിസന്ധികളെ കുറിച്ചു പങ്കുവെച്ചു. അഞ്ജു സുരേന്ദ്രന്‍ ആശംസ അറിയിച്ചു.
രമ്യലക്ഷ്മി, രജനി ദിനേശന്‍,ഷീജ മലാക്ക, സഫീന.കെ എസ്,അഞ്ജു സുരേന്ദ്രന്‍, ഷഫ്‌ന,നജീബ മൊയ്ദീന്‍,കയ്യുമ്മു കോട്ടപ്പുറം, ശമീമ അഷ്‌റഫ്,സന്ധ്യ,ആയിശ ഹസീന, ഫാത്തിമാബീവി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ചു
ഫാത്തിമാബീവി പറയുന്നു…

ആദ്യകാലഘട്ടത്തെക്കാള്‍ പുരോഗമനവും, വിദ്യാഭ്യാസവും സ്ത്രീകളുടെ കാര്യത്തില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഒരു സമയം കഴിഞ്ഞാല്‍ അവള്‍ പുറമെ ഇറങ്ങാന്‍ ഭയക്കേണ്ടതുണ്ട്.സ്ത്രീകളായാലും,പുരുഷന്മാരായാലും യാത്രയെ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് കാലത്തു അധികവും.എന്നാല്‍ ഒരു പുരുഷനെ പോലെ തോന്നിയ സമയത്തു എവിടെ വേണമെങ്കിലും ഇറങ്ങിത്തിരിക്കുവാന്‍ ഒരു സ്ത്രീയ്ക്ക് സാധ്യമല്ല.വ്യക്തമായ ഒരു പ്ലാനിങ്ങോട് കൂടി മാത്രമേ അവള്‍ക്ക് ഒരു യാത്ര ചെയ്യാന്‍ ആവുകയുള്ളൂ.അപ്പോള്‍ പോകുന്നയിടത്തു സുരക്ഷിതമായ ഒരു താമസസ്ഥലം ഉറപ്പു വരുത്തേണ്ടതുണ്ട്.പലയിടങ്ങളിലും പെട്ട വനിതാ സൗഹൃദങ്ങള്‍ ഉള്ള ഈ കൂട്ടായ്മ വഴി ആ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ആവുമെന്ന് കരുതുന്നു.മാത്രമല്ല; എല്ലാവരുടെയും കഴിവുകള്‍ പരസ്പരം മനസ്സിലാക്കുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നത് വഴി ആത്മവിശ്വാസവും,കരുത്തും അവരില്‍ പടുത്തുയര്‍ത്തുകയും ചെയ്യാന്‍ കഴിയും.ഈ കൂട്ടായ്മക്ക് പിന്നില്‍ ഫെമിനിസം എന്നൊരു വാക്ക് ഇല്ലെന്നും പ്രത്യേകം സൂചിപ്പിക്കുന്നു.

‘ചിറകുകള്‍ തളരും വരെ പെണ്ണ് പറക്കണം.തളര്‍ന്ന ശേഷവും അവള്‍ പറക്കണം.പറക്കാന്‍ ശ്രമിക്കണം.പിന്നീട് ആ ചിറകുകള്‍ തളരാതെ നോക്കണം’ ഇതാണ് ‘പെണ്‍ചിറകുകള്‍’ കൂട്ടായ്മയുടെ മുദ്രാവാക്യം.

Sharing is caring!