മുസ്ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും മതതീവ്രവാദ വഴിയിലേക്ക് നീങ്ങുന്നു: എ.വിജയരാഘവന്‍

മുസ്ലിംലീഗ് രാഷ്ട്രീയ  പാര്‍ട്ടിയില്‍ നിന്നും  മതതീവ്രവാദ വഴിയിലേക്ക് നീങ്ങുന്നു: എ.വിജയരാഘവന്‍

താനൂര്‍: ശരാശരി രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും മതതീവ്രവാദ വഴിയിലേക്കാണ് മുസ്ലിംലീഗ് നീങ്ങുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. . ഇത് സമൂഹം അംഗീകരിക്കാത്തതാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതും, എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയതും ഇതിന്റെ ഭാഗമാണെന്നും എ വിജയരാഘവന്‍.
വി അബ്ദുറഹിമാന്‍ എംഎല്‍എയ്ക്ക് നേരെയുള്ള മുസ്ലിം ലീഗ് അക്രമത്തിനും, പൊലീസിന്റെ തെറ്റായ നടപടികള്‍ക്കുമെതിരെ സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ജനപ്രതിനിധിയായ വി അബ്ദുറഹ്മാന്‍ എംഎല്‍എയ്ക്ക് നേരെ ഉണ്ടായ അക്രമം എന്നും, ഇത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും അപലപനീയമാണെന്നും സമാധാനത്തിന് ഒപ്പമില്ലാതെ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം ചെയ്യുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ മുസ്ലിം ലീഗ് അക്രമം നടത്തുന്നുണ്ട്. വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് മൗലികാവകാശ ലംഘനമാണ് അത് നാട് അംഗീകരിക്കില്ല. പ്രത്യേകിച്ച് ജനപ്രതിനിധിയുടെ അവകാശം. ജനപ്രതിനിധി ലീഗ് അല്ലെങ്കില്‍ അംഗീകരിക്കില്ലെന്ന നിലപാട് ലീഗ് തിരുത്തണമെന്ന് എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് 5ന് താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താതായിരുന്നു പ്രതിഷേധസംഗമം നടന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് സംസാരിച്ചു. താനൂര്‍ ലോക്കല്‍ സെക്രട്ടറി സമദ് താനാളൂര്‍ സ്വാഗതം പറഞ്ഞു.

Sharing is caring!