പൂക്കോട്ടൂര്‍ ഹജ് ക്യാമ്പിന് നാളെ തുടക്കം

പൂക്കോട്ടൂര്‍ ഹജ്  ക്യാമ്പിന് നാളെ തുടക്കം

മലപ്പുറം: പത്തൊമ്പതാമത് പൂക്കോട്ടൂര്‍ ഹജ് ക്യാമ്പിന് നാളെ തുടക്കം. രണ്ടുദിവസങ്ങളിലായി പൂക്കോട്ടൂര്‍ ഖിലാഫത്ത് ക്യാമ്പസില്‍ നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും, അയല്‍സംസ്ഥാനങ്ങളില്‍നിന്നുമായി പതിനായിരത്തോളം ഹാജിമാര്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍,സ്വകാര്യ മേഖലയില്‍ ഹജിനു അപേക്ഷിച്ചവരാണ് ക്യാമ്പില്‍ പഠിതാക്കളായെത്തുന്നത്. അനുഷ്ഠാനങ്ങളുടെ കര്‍മ്മശാസ്ത്രപഠനം, പുണ്യസ്ഥലങ്ങളുടെ സവിശേഷതകള്‍, അന്താരാഷ്ര്ട യാത്രാനിയമങ്ങള്‍ തുടങ്ങിയ ക്ലാസില്‍ പ്രതിപാദിക്കും. പ്രധാന അനുഷ്ഠാനങ്ങളുടെ പ്രായോഗിക പരിജ്ഞാനവും നല്‍കും. ത്വവാഫ് ഉള്‍പ്പടെ പ്രധാന കര്‍മ്മങ്ങള്‍ പരിശീലിപ്പിക്കുന്നതിനു കഅ്ബയുടെ മാതൃകയും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്.പതിനായിരം പേര്‍ക്ക് സൗകര്യപ്രദമായി ക്ലാസ്സ് ശ്രവിക്കാവുന്ന വിധത്തില്‍ വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവി ,ഹെല്‍പ് ഡസ്‌ക്, ക്ലോക്ക് റൂം,ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ക്ലാസ്സിനെത്തുന്നവര്‍ക്കായി ഇരുദിവസവും രാവിലെ ഒമ്പത് മണിക്ക് മുമ്പായി പാലക്കോട്-കോഴിക്കോട് ദേശീയ പാതയില്‍ അറവങ്കര,പൂക്കോട്ടൂര്‍ സേ്റ്റാപ്പുകളില്‍ നിന്നും വൈകീട്ട്് തിരിച്ചും സൗജന്യ വാഹന സൗകര്യം ലഭ്യമാണ്. സ്ത്രീകള്‍ നിസ്‌കാര കുപ്പായം കരുതേണ്ടതുമാണ്.
നാളെ രാവിലെ 9.30 ന് പ്രഥമ ദിന പരിപാടി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മറ്റെന്നാള്‍ രാവിലെ സമാപനദിന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. സമാപന ദിവസം വൈകീട്ട് അഞ്ചിനു പ്രാര്‍ത്ഥനാ സംഗമത്തിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഹജ്ജ് ഗൈഡ് പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. ദ്വിദിന പഠന ക്യാമ്പിനു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍,ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി, പി.വി. അബ്ദുല്‍ വഹാബ് എം പി, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ,കെ.പി.എ മജീദ്, മെട്രൊ മുഹമ്മദ് ഹാജി, മുഹമ്മദ് ഈസ ഹാജി, ഇസ്മാഈല്‍ ഹാജി കല്ലട്ക്ക, അബൂബക്കര്‍ ഹാജി കര്‍ണ്ണാടക, മുസ്തഫ ഹാജി കൊരട്ടിക്കര, എം സി മായിന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക് താമസ റജിസ്‌ട്രേഷനും 0483 2771819, 9633838288 നമ്പറില്‍ ബന്ധപ്പെടണം.വാര്‍ത്താസമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ കണ്‍വീനര്‍ കെ.മുഹമ്മദുണ്ണി ഹാജി,വര്‍ക്കിംങ് കണ്‍വീനര്‍എ.എം കുഞ്ഞാന്‍ ഹാജി,കണ്‍വീനര്‍ കെ.പി. ഉണ്ണീതു ഹാജി, ട്രഷറര്‍ കെ.എം. അക്ബര്‍ തുടങ്ങിവയര്‍ പങ്കെടുത്തു.

Sharing is caring!