പൊന്നാനിയില്‍ പണമൊഴുക്കി ഇടതുപക്ഷം ബിജെപിയെ നിര്‍ജീവമാക്കി: കെ.പി.എ.മജീദ്

പൊന്നാനിയില്‍ പണമൊഴുക്കി ഇടതുപക്ഷം ബിജെപിയെ നിര്‍ജീവമാക്കി: കെ.പി.എ.മജീദ്

മലപ്പുറം: കോഴിക്കോട്ട് സിപിഎം പണം കൊടുത്ത് വോട്ട് വാങ്ങുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. പൊന്നാനിയില്‍ പണമൊഴുക്കി ഇടതുപക്ഷം ബിജെപിയെ നിര്‍ജീവമാക്കി. സി.പി.സുഗതന്റെ സഹായത്തോടെ, അതിതീവ്ര നിലപാടുള്ള ഹിന്ദു പാര്‍ലമെന്റിന്റെ പിന്തുണ ഉറപ്പാക്കിയത് മുഖ്യമന്ത്രി നേരിട്ടാണ്. കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെ ഗൂഢാലോചന നടത്തി കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കാന്‍ എല്ലാ തെളിവുകളുണ്ടായിട്ടും രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മജീദ് ആരോപിച്ചു.

 

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ സി.പി.എം തരംതാണ രാഷ്ട്രീയം കളിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അരോപിച്ചു.സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി പണം വിതറിയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കള്ളകേസുകള്‍ ചമച്ചും യു.ഡി.എഫിനെ പരാജയപ്പെടുത്താനാണ് പലമണ്ഡലങ്ങളിലും ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒളികാമറ വിഷയത്തില്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ പൊലീസ് കേസെടുത്തത് ഇതിനുദാഹരണമാണ്. സര്‍ക്കാര്‍ നിയമോപദേശം തേടിയ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ മോശമായ പരാമര്‍ഷത്തില്‍ യാതൊരു നടപടിയുമുണ്ടാവില്ല. പീഡന കേസ് ചുമത്താവുന്ന വ്യക്തമായ തെളിവുകളുണ്ടായിട്ടും സര്‍ക്കാര്‍ കണ്ണടക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന വിവേചനം പരാജയ ഭീതിയുടെ ഉദാഹരണമാണ്.

കോഴിക്കോട് മണ്ഡലത്തില്‍ വീടുകളില്‍ കയറി പണം വിതരണം ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രത്യേക ഏജന്‍സികളെ വെച്ചാണ് പണം വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നുണ്ട്. പൊന്നാനിയില്‍ ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രചരണത്തിന് പോലും ഇറങ്ങുന്നില്ല. തിരുവനന്തപുരത്തും വടകരയിലും സി.പി.എം, ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കി വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ സി.പി.എം വാങ്ങാനാണ് ധാരണ. ഏറ്റവും അവസാനം വര്‍ഗീയത മുഖമുദ്രയാക്കിയ ആര്‍. സുഗതന്റെ ഹിന്ദു പാര്‍ലിമെന്റിന്റെ പിന്തുണയും സി.പി.എം സ്വീകരിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ മരണമണി മുഴങ്ങിയതിനുദാഹരണമാണിത്. കനത്ത പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടാവുകയെന്നും മജീദ് ചൂണ്ടിക്കാട്ടി.

Sharing is caring!