പരാജയഭീതിയില്‍ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നു: ആബിദ് ഹുസൈന്‍ തങ്ങള്‍

പരാജയഭീതിയില്‍ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നു: ആബിദ് ഹുസൈന്‍ തങ്ങള്‍

ഇടതുപക്ഷം പൊന്നാനി മണ്ഡലത്തില്‍ പരാജയ ഭീതിയില്‍ അക്രമം അഴിച്ചു വിടുകയാണെ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പൊന്നാനി മണ്ഡലം യു. ഡി. എഫ് കവീനറുമായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍. എ പറഞ്ഞു. താനൂരില്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവര്‍ത്തകരെ പോലും സി പി എം അക്രമിക്കുകയുണ്ടായി. വനങ്ങളും, പുഴയും കൈയേറുന്ന മാഫിയകള്‍ക്കൊപ്പമാണ് ഇടതുപക്ഷം എന്നാണ് താനൂരില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തിലൂടെ ഇടതുപക്ഷം തെളിയിക്കുന്നത്.

ഭൂപരിഷ്‌കരണ നിയമം കൊണ്ടു വന്നവരുടെ പിന്മുറക്കാര്‍ ഭൂമികൈയേറ്റക്കാരുടെ സംരക്ഷകരായി അധപതിച്ച കാഴ്ചയാണ് പൊന്നാനിയില്‍ ഉള്ളത്. കായലും, തീരവും കൈയേറാമെന്ന് വിചാരിച്ച് ഒരു മാഫിയയും പൊന്നാനിയില്‍ കണ്ണ് വെക്കേണ്ടതില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയകളെ പൊന്നാനിയിലെ ജനങ്ങള്‍ തോല്പിക്കും.

ഒരു ലക്ഷം വോട്ടിന് ഇ. ടി മുഹമ്മദ് ബഷീര്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് വിജയിക്കും. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് യു. ഡി. എഫ് പതിനായിരം വോട്ടിന്റെ ലീഡ് നേടും. തവനൂരിലും, പൊന്നാനിയിലും ഇടതുവോട്ടുകള്‍ വലിയ തോതില്‍ യു. ഡി എഫിന് അനുകൂലമാവും. എം എല്‍ എമാരുടെ പ്രവര്‍ത്തന മികവ് കൂടി ഈ തെരഞ്ഞെടുപ്പില്‍ സഹായകമാകും.

പൊന്നാനിയില്‍ തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന ഇടതു സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥിയുടെ ട്രാക്ക് റെക്കോര്‍ഡ് ഇതിനകം വ്യക്തമായിരിക്കുകയാണ്. ഇത്തരത്തിലുള്ള പൊതുപ്രവര്‍ത്തനമാണ് ഇടത് സ്ഥാനാര്‍ഥി നടത്തുന്നതെങ്കില്‍ അത് നിര്‍ത്തുന്നത് തന്നെയാണ് പൊതുസമൂഹത്തിന് നല്ലത്.

പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി ജെ പി വോട്ടുകള്‍ വേണ്ടെന്ന് പറയാന്‍ സി പി എം ധൈര്യം കാണിക്കണം. ബി ജെ പിയുമായി വോട്ട’് കച്ചവടം നടത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പൊന്നാനിയിലെ മതേതര വിശ്വാസികള്‍ അത്തരം അവിശുദ്ധ ബാന്ധവങ്ങളെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.

Sharing is caring!