വന്‍ജനപങ്കാളിത്തത്തോടെയുള്ള റോഡ് ഷോ കണ്ടതോടെ ഹാലിളകിയമുസ്ലിംലീഗുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സി.പി.എം

വന്‍ജനപങ്കാളിത്തത്തോടെയുള്ള റോഡ് ഷോ കണ്ടതോടെ ഹാലിളകിയമുസ്ലിംലീഗുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സി.പി.എം

മലപ്പുറം: എല്‍ഡിഎഫിന്റെ ജനമുന്നേറ്റത്തില്‍ പൊന്നാനിയില്‍ പരാജയ ഭീതിയിലായ മുസ്ലിംലീഗ് തീരദേശത്ത് അക്രമം വ്യാപിപ്പിക്കുന്നതായി സി.പി.എം താനൂര്‍ അഞ്ചുടിയില്‍ ലീഗുകാരുടെ വെട്ടേറ്റ് കൈകാലുകള്‍ തകര്‍ന്ന് കട്ടിലില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐ എം പ്രവര്‍ത്തന്റെ വീടാക്രമിച്ച് വകവരുത്താന്‍ ശ്രമമുണ്ടായതായും സി.പി.എം ആരോപണം. വെട്ടം അരിക്കാഞ്ചിറ ജങ്ഷനിലും താനൂര്‍ അഞ്ചുടിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍ വീട്ടിലിന്റെ റോഡ് ഷോക്കുനേരെ ലീഗ് അക്രമമുണ്ടായി. അഞ്ചുടിയിലെ കല്ലേറില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. റോഡ് ഷോ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ വെട്ടം ആലിന്‍ചുവട്ടില്‍ മൂന്നുപേരെ ലീഗുകാര്‍ ആക്രമിച്ചു. തലക്കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. അഞ്ചുടി മുഹിയുദ്ദീന്‍ പള്ളിക്കുസമീപം കഴിഞ്ഞ മാര്‍ച്ച് നാലിന് ലീഗുകാര്‍ വെട്ടിയ സിപിഐ എം പ്രവര്‍ത്തകന്‍ കെ പി ഷംസുവിന്റെ വീടിനും പൗറകത്ത് ഹനീഫയുടെ വീടിനും നേരെയാണ് രാത്രി അക്രമമുണ്ടായത്. റോഡ് ഷോ കാണാന്‍ വീട്ടുകാര്‍ പുറത്തിറങ്ങിയ തക്കംനോക്കിയാണ് വെട്ടേറ്റ് കട്ടിലില്‍ കിടക്കുന്ന ഷംസുവിനെ ലക്ഷ്യമിട്ട് വീടാക്രമിച്ചതതെന്നും സി.പി.എം പറയുന്നു.

വന്‍ ജനപങ്കാളിത്തത്തോടെയുള്ള തീരദേശ റോഡ് ഷോ കണ്ടതോടെ ഹാലിളകിയ മുസ്ലിംലീഗുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സി.പി.എം ആരോപണം. അഞ്ചുടി തീരദേശത്ത് റോഡ് ഷോക്കുനേരെയുണ്ടായ കല്ലേറില്‍ പൗറകത്ത് സുഹൈല്‍ (22), കുപ്പന്റെ പുരക്കല്‍ അഫ്രീദ് (20), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്‌നു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണിവര്‍.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. റോഡ് ഷോ നടക്കുന്നതിനിടെ ഒരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് സി.പി.എം പറയുന്നു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ പി ഷംസുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സ്ഥലത്തുനിന്ന് 100 മീറ്റര്‍ വടക്ക് ഭാഗത്താണ് കല്ലേറുണ്ടായിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് ആറോടെ വെട്ടം അരിക്കാഞ്ചിറ ജങ്ഷനിലെത്തിയ സ്ഥാനാര്‍ഥിയുടെ റോഡ് ഷോ ലീഗ്- — യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍ വീട്ടില്‍, മന്ത്രി കെ ടി ജലീല്‍, വി അബ്ദുറഹിമാന്‍ എംഎല്‍എ എന്നിവര്‍ സഞ്ചരിച്ച തുറന്ന വാഹനം കടന്നുപോയതിന് പിന്നാലെയുള്ള വാഹനങ്ങളാണ് തടഞ്ഞത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന് മാറിയത്. അതേസമയം, ലീഗ് അക്രമികള്‍തന്നെ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് തീരദേശത്ത് സിപിഐ എം അക്രമം എന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. നാട്ടുകാരും പൊലീസും ജാഗ്രതപുലര്‍ത്തണമെന്നും വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

Sharing is caring!