കുഞ്ഞാലിക്കുട്ടിയുടെ റോഡ്‌ഷോക്കിടെ കുടുംബത്തെ മര്‍ദിച്ച 20 ലീഗുകാര്‍ക്കെതിരെ കേസ്

കുഞ്ഞാലിക്കുട്ടിയുടെ റോഡ്‌ഷോക്കിടെ കുടുംബത്തെ മര്‍ദിച്ച 20 ലീഗുകാര്‍ക്കെതിരെ കേസ്

മഞ്ചേരി: യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലികുട്ടിയുടെ റോഡ് ഷോക്കിടെ കുടുംബത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ വെട്ടത്തൂര്‍ സ്വദേശി അമീറലി, ഭാര്യ ഫസ്‌ന, മകന്‍ അല്‍ഹാന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എടവണ്ണപാറ പള്ളിപടിയില്‍ വെച്ച് ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് നിന്ന് എടവണ്ണപ്പാറ വഴി വെട്ടത്തൂരിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു കുടുംബം. റോഡ് തടസപ്പെടുത്തിയായിരുന്നു യുഡിഎഫ് പ്രകടനം. ഏറെനേരം കാത്തിരിന്നിട്ടും വഴിനല്‍കാന്‍ പ്രകടനക്കാര്‍ കൂട്ടാക്കിയില്ല. ഇതിനിടെ അമീറലി ഹോണ്‍ മുഴക്കി വഴി നല്‍കാന്‍ ആവശ്യപ്പെട്ടതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രകടനം കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി അമീറലിയെ കാറില്‍ നിന്ന് വലിച്ചിറക്കി കരണത്ത് അടിക്കുകയായിരുന്നു. റോഡില്‍ വീണ അമീറലിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായും തടയാന്‍ എത്തിയ ഭാര്യ ഫസ്‌നയെ പിടിച്ചുതള്ളിയതായും പരാതിയില്‍ പറയുന്നു. ഒരുവയസുള്ള കുഞ്ഞിന്റെ കഴുത്തിനും പരിക്കേറ്റു. അമീറലിയുടെ കഴുത്തിനും നെഞ്ചിനും പരിക്കുണ്ട്. ഫസ്‌നയുടെ കയ്യിനും തോളിനും സാരമായി ക്ഷതമേറ്റു. ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന ഉടന്‍ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റിനോട് പരാതി ബോധിപ്പിച്ചുവെങ്കിലും മുഖവിലക്കെടുത്തില്ലെന്നും അമീറലി പറയുന്നു.

Sharing is caring!