ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സി. ശ്രീധരന്‍നായര്‍ക്കെതിരെ അന്വേഷണം

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സി. ശ്രീധരന്‍നായര്‍ക്കെതിരെ അന്വേഷണം

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സി. ശ്രീധരന്‍നായര്‍ക്കെതിരെ അന്വേഷണം തുടങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഹൈടെക് സെല്ലാണ് അന്വേഷിക്കുന്നത്.
മലപ്പുറം എടവണ്ണ സ്വദേശി പള്ളിപ്പറമ്പന്‍ അബ്ദുല്‍റസാഖാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ഡി.ജി.പി പദവി ദുരുപയോഗം ചെയ്ത് പരസ്യമായി ഫെയ്സ്ബുക്കിലൂടെ വോട്ടുപിടിച്ചുവെന്ന് ശ്രീധരന്‍നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.
ഫെയ്സ്ബുക്കിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.
”വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ.. സഖാവ് പാലോളിക്കൊപ്പം” എന്ന അടിക്കുറിപ്പോടെ പാലോളിയുമായി കുശലംപറയുന്ന ഫോട്ടോ സഹിതമുള്ള ഏപ്രില്‍ രണ്ടിലെ അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രീധരന്‍നായര്‍ ഷെയര്‍ ചെയ്തത്. സ്ഥാനാര്‍ത്ഥിക്ക് വോട്ടുപിടിക്കുന്നതിനു തുല്യമാണിതെന്ന് ചൂണ്ടികാട്ടിയാണ് അബ്ദുല്‍റസാഖ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്സംസ്ഥാനത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സ്ഥാനം വഹിക്കുന്ന അഡ്വ. ശ്രീധരന്‍നായരുടേതെന്ന വി.ടി ബല്‍റാം എം.എല്‍.എയും ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. അഡ്വക്കറ്റ് ജനറലിനു തുല്യമായ ഭരണഘടനാപദവിയാണ് ഡി.ജി.പിയുടേതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ശ്രീധരന്‍നായര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Sharing is caring!