വിജയപ്രതീക്ഷയില്‍ പി.വി.അന്‍വര്‍

വിജയപ്രതീക്ഷയില്‍ പി.വി.അന്‍വര്‍

താനൂര്‍: താനൂര്‍ നിയോജകമണ്ഡലത്തെ ഇളക്കിമറിച്ച് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ റോഡ് ഷോ. ചെറിയമുണ്ടം മൂസഹാജിപ്പടിയില്‍ നിന്നായിരുന്നു നാലാം ഘട്ട താനൂര്‍ മണ്ഡലം പര്യടനത്തിന് തുടക്കമായത്. പൂക്കള്‍ നല്‍കിയും, പി.വി. അന്‍വറിന്റെ ചിഹ്നമായ കത്രിക നല്‍കിയുമൊക്കെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കുറഞ്ഞ സമയം മാത്രമെടുത്ത് വോട്ടഭ്യര്‍ഥിച്ച് അടുത്ത കേന്ദ്രത്തിലേക്ക്. ഗ്രാമീണ വഴികളിലൂടെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ
താനൂര്‍ മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു നാലാം ഘട്ട പര്യടനംനടത്തിയത്.
ആവേശകരമായ റോഡ് ഷോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ റോഡിനിരുവശത്തും ഒട്ടേറെ പേരാണ് അണിനിരന്നത്. ചുവന്ന കൊടി വീശിയും, പി.വി. അന്‍വറിന്റെ മുഖം മൂടിയണിഞ്ഞും, ചിത്രമടങ്ങിയ ടീ ഷര്‍ട്ട് ധരിച്ചും കടുത്ത വെയിലിനെ അവഗണിച്ച് രാവിലെ മുതല്‍ തന്നെ അബാലവൃദ്ധം ജനങ്ങള്‍ പര്യടനവ്യൂഹത്തില്‍ പങ്കാളികളായി. രാവിലെ എട്ടിന് ആരംഭിച്ച റോഡ് ഷോ രാത്രി പത്തോടെയാണ് സമാപിച്ചത്. താനൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 34 കേന്ദ്രങ്ങളിലാണ് റോഡ് ഷോയ്ക്ക് സ്വീകരണം നല്‍കിയത്.

Sharing is caring!