മനം നിറച്ച് അന്‍വറിന്റെ റോഡ് ഷോ

മനം നിറച്ച് അന്‍വറിന്റെ റോഡ് ഷോ

പൊന്നാനി: കര്‍ഷകമണ്ണില്‍ ആയിരങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ റോഡ്‌ഷോ. തൃത്താല അസംബ്ലി മണ്ഡലത്തിലെ റോഡ്‌ഷോ കര്‍ഷകമണ്ണിനെ ആവേശത്തിലാക്കി. മണ്ഡലത്തിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ റോഡ്‌ഷോ കടന്നു പോയി. റോഡ്‌ഷോയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ ചന്ദ്രന്‍ അനുഗമിച്ചു. പൈലറ്റ് വാഹനത്തിന്റെയും ബൈക്കുറാലിയുടെ അകമ്പടിയോടെയാണ് ജാഥ കടന്നുപോയത്.പൈലറ്റ് വാഹനത്തില്‍ പി വി അന്‍വര്‍ പുത്തന്‍വീട്ടില്‍ ഇതാ കടന്നുവരുന്നു എന്ന് പറയുമ്പോഴേക്കും സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍, അമ്മമാര്‍, തൊഴിലാളികള്‍ എന്നിവര്‍ റോഡിന്റെ ഇരുവശങ്ങളിലുമെത്തി കൈവീശി അഭിവാദ്യം ചെയ്തു.ഗ്രാമവീഥികളില്‍
മീനച്ചൂടിനെ അവഗണിച്ച് ഗ്രാമീണര്‍ ഇടതുസ്ഥാനാര്‍ഥിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും തിക്കും തിരക്കും കൂട്ടി. പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ റോഡ്‌ഷോ ചൊവ്വാഴ്ച പകല്‍ ഏട്ടമണിയോടെ വെള്ളിയാങ്കല്ലില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. ഓട്ടോറിക്ഷാ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ഹാരമണിയിച്ച് സ്വീകരിച്ചു. ഗ്രാമാന്തരീക്ഷങ്ങളിലൂടെ കടന്നുവന്ന അന്‍വറിന് പല മേഖലകളിലും അഭിവാദ്യങ്ങളും സ്‌നേഹാനുഗ്രഹങ്ങളും ഏറ്റുവാങ്ങാനായി പ്രചാരണവാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടിയും വന്നു. റോഡ്‌ഷോ കൂറ്റനാട് സമാപിച്ചു

Sharing is caring!