മലപ്പുറം എടവണ്ണയിലെ മൊയ്തീന്‍ റോസാപ്പൂ കാക്കയായ കഥ ഇങ്ങിനെ..

മലപ്പുറം എടവണ്ണയിലെ മൊയ്തീന്‍ റോസാപ്പൂ കാക്കയായ കഥ ഇങ്ങിനെ..

മലപ്പുറം: വയനാട് ലോകസഭാ മണ്ഡലത്തില്‍പ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണ പൊന്നാംകുന്ന് സ്വദേശിയാണ് മദാരി മൊയ്തീന്‍, ഇപ്പോള്‍ പ്രായം 73. ഇനി 1952ലേക്കുപോകാം, അന്ന് മൊയ്തീന് വയസ്സ് 12, അഞ്ചാംക്ലാസ് വിദ്യാര്‍ഥി, എടവണ്ണ സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്നു. ഈ സമയത്താണ് മലമ്പുഴ സന്ദര്‍ശിക്കാനായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എത്തിയത്. വിവരം അറിഞ്ഞ് ഏറനാട്ടിലെ പ്രമുഖ കോണ്‍ഗ്രസുകാരനും എഐസിസി അംഗവും നിലവിലെ പൊന്നാനി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനര്‍ഥി പി.വി അന്‍വറിന്റെ പിതാവുമായിരുന്ന പരേതനായ പി.വി. ഷൗക്കത്തലിയും സംഘവും നെഹ്റുവിനെ എടവണ്ണയിലേക്കു ക്ഷണിച്ചു.
സന്തോഷത്തോടെ നെഹ്റു ഷൗക്കത്തലിയുടെ വസതിയിലെത്തി. എടവണ്ണ ജിഎംഎല്‍പി സ്‌കൂളിലായിരുന്നു സ്വീകരണ ചടങ്ങ്. ഇതിനിടെ എടവണ്ണ അങ്ങാടിയിലൂടെ പ്രധാനമന്ത്രി നെഹ്റു കടന്നുപോകുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ റോഡില്‍ അണിനിരത്തി സല്യൂട്ട് ചെയ്യിക്കാന്‍ ഹെഡ്മാസ്റ്റര്‍ അലവി മാസ്റ്റര്‍ തീരുമാനിച്ചു. റോഡില്‍ ഇരുവശവും നിരന്നു നിന്ന കുട്ടികളെ കണ്ടു നെഹ്റു കാര്‍ നിര്‍ത്തി. കുട്ടികള്‍ ചാച്ചാജിയ്ക്ക് ജയ് വിളിച്ചുകൊണ്ടിരുന്നു. റോസാപ്പൂക്കള്‍ കുട്ടികള്‍ക്കു നേരെ എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ മൊയ്തീന്‍, നെഹ്റുവിനു നേരെ ഓടിയെത്തി. മൊയ്തീനെ ചേര്‍ത്തുപിടിച്ച നെഹ്റു തന്റെ കോട്ടിലണിഞ്ഞിരുന്ന റോസാപ്പൂ മൊയ്തീന്റെ ഷര്‍ട്ടില്‍ കുത്തികൊടുത്തു. മൊയ്തീന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ നിമിഷം. ഇതിന്റെ ഓര്‍മക്കായാണ് ഇപ്പോഴും മദാരി മൊയ്തീന്‍ റോസാപ്പൂ അണിഞ്ഞു നടക്കുന്നത്. റോസാപ്പു അണിയാതെ മൊയ്തീനെ കാണാനാകില്ല. ഏതു ചടങ്ങിനും എവിടേക്കും മൊയ്തീന്റെ ഖദര്‍ ജുബ്ബയില്‍ റോസാപ്പൂ കാണാം. ജീവിതാവസാനം വരെ റോസാപ്പൂ നെഞ്ചേറ്റി നടക്കുമെന്നു മൊയ്തീന്‍ പറയുന്നു. നാട്ടുകാരുടെ റോസാപ്പൂ കാക്കയാണ് മൊയ്തീന്‍. എന്നും റോസാപ്പൂ വേണമെന്നതിനാല്‍ സ്വന്തം വീട്ടുമുറ്റത്ത് റോസാ ചെടികള്‍ മൊയ്തീന്‍ നട്ടുവളര്‍ത്തിയിരുന്നു. ഇപ്പോള്‍ വിലകൊടുത്താണ് പൂക്കള്‍ കൊണ്ടുവരുന്നത്. മുമ്പു മൊയ്തീന്‍ ജോലി ചെയ്തിരുന്ന എടവണ്ണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മുറ്റത്തു ഒട്ടേറെ റോസ് ചെടികള്‍ മൊയ്തീന്‍ വച്ചുപിടിപ്പിച്ചിരുന്നു. തികഞ്ഞ കോണ്‍ഗ്രസുകാരനാണ് മദാരി മൊയ്തീന്‍. എന്നാല്‍ ഭാരവാഹിത്വമൊന്നും മൊയ്തീന്‍ വഹിക്കുന്നില്ല. നെഹ്റുവാണ് അദ്ദേഹത്തിന്റെ പ്രിയ നേതാവ്.

വൃക്ഷ സ്നേഹി കൂടിയാണ് മൊയ്്തീന്‍. എടവണ്ണ പാലത്തിനടുത്തുള്ള ആല്‍മരം ഇദ്ദേഹം നട്ടുവളര്‍ത്തിയതാണ്. എടവണ്ണ കല്ലുവെട്ടിപ്പള്ളി പറമ്പിലെ മാവും പ്ലാവും പ്രതിഫലമില്ലാതെ നനച്ചുവളര്‍ത്തി. വില്ലേജ് ഓഫീസ്, എടവണ്ണ- ഒതായി റോഡുവശങ്ങളിലും മറ്റു പൊതുയിടങ്ങളിലും
ഒട്ടേറെ ഫലവൃക്ഷതൈകള്‍ മൊയ്തീന്‍ വളര്‍ത്തിയിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും മൊയ്തീന്‍ പ്രശംസിക്കപ്പെട്ടു. അന്യമതസ്ഥരായ അഞ്ചു കുട്ടികളെ ദത്തെടുത്തു സ്വന്തം വീട്ടില്‍ സംരക്ഷിച്ചിരുന്നു. ഇതെല്ലാം മുന്‍നിര്‍ത്തി പന്ത്രണ്ടാമത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് മലയാളിയായ മദാരി മൊയ്തീനെ തേടിയെത്തി. സ്വാമി അഗ്‌നിവേശിനോടൊപ്പമായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്. അക്രമം അവസാനിപ്പിക്കാനും സമാധാനവും സാമുദായിക സൗഹാര്‍ദവും വളര്‍ത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഇരുവര്‍ക്കും അവാര്‍ഡ്. പ്രായം ഏറെയായെങ്കിലും മൊയ്തീന്‍ ഇന്നും ഊര്‍ജസ്വലനാണ്. മൊയ്തീന്റെ വീട്ടില്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങള്‍ യഥേഷ്ടമുണ്ട്. ഡെല്‍ഹിയില്‍ സദ്ഭാവന അവാര്‍ഡ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങില്‍ നിന്നു ഏറ്റുവാങ്ങുന്നതും മന്‍മോഹന്‍ സിംഗിനെ മൊയ്തീന്‍ കെട്ടിപിടിക്കുന്നതും സോണിയാ ഗാന്ധിയ്ക്കൊപ്പം മദാരി മൊയ്്തീനും സുഹൃത്ത് കെ. അബ്ദുറഹീം മദനിയടക്കമുള്ളവര്‍ അടങ്ങിയ ഫോട്ടോയും മൊയ്തീന്റെ വീട്ടില്‍ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്

കാലം കടന്നുപോകുമ്പോള്‍ നെഹ്റുവിന്റെ നാലാം ഇളംതലമുറക്കാരന്‍ മദാരി മൊയ്തീന്റെ വീട്ടുപടിക്കലില്‍ വോട്ടു തേടിയെത്തിയിരിക്കുന്നു. മൊയ്തീന്‍ ആഹ്ലാദം കൊണ്ടു മതിമറക്കുകയാണ്. മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍പ്പെട്ട എടവണ്ണ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്. അതുകൊണ്ടു രാഹുലിനായി മുഴുവന്‍ സമയം പ്രചാരണത്തിനായി ഇറങ്ങാന്‍ തയാറെടുക്കുകയാണ് മൊയ്തീന്‍.
രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്കു പോയപ്പോള്‍ അവിടേക്കു പോകണമെന്നു ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആള്‍തിരക്കില്‍ വേണ്ടവിധത്തില്‍ അദ്ദേഹത്തെ കാണാനാകില്ലെന്നു കരുതി വേണ്ടെന്നുവച്ചു. ഇനി വരുമ്പോള്‍ രാഹുലിനെ കാണുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അടുപ്പം ഇതിനു സഹായകരമാകുമെന്നും മൊയ്തീന്‍ കരുതുന്നു. പണ്ടു മുതുമുത്തച്ഛന്‍ നല്‍കിയ റോസാപ്പൂവിന്റെ കഥ രാഹുലിനോടു പറയാനൊരുങ്ങുകയാണ് മൊയ്തീന്‍. രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുമെന്നും മൊയ്തീന്‍ പറയുന്നു. ജനങ്ങളെ ഒന്നായി കാണാനുള്ള വലിയ മനസിനുടമയാണ് രാഹുല്‍. രാഹുലിന്റെ വരവില്‍ മനം നിറഞ്ഞു സന്തോഷിക്കുകയാണ് മദാരി മൊയ്തീന്‍. എരഞ്ഞിക്കല്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: ബേനസീര്‍, നുസ്റത്ത്.

Sharing is caring!