ആവേശമായി കുഞ്ഞാലികുട്ടിയുടെ മൂന്നാംഘട്ട പര്യടനം തുടങ്ങി

ആവേശമായി കുഞ്ഞാലികുട്ടിയുടെ   മൂന്നാംഘട്ട പര്യടനം തുടങ്ങി

പൂമാലയിട്ട് സ്വീകരണം

മലപ്പുറം: പ്രചരണ ചൂടേറിയ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. ഊരകം മലയുടെ താഴ്വാരത്തെ ആവേശ തേരിലേറ്റിയ പര്യടനം ഉരുക്കു കോട്ടയില്‍ യു.ഡി.എഫ് പ്രോജ്വലമാണെന്ന് അടിവരയിട്ടു. മൂന്നാം ഘട്ട പര്യടനത്തിന്റെ ലോക്സഭാ മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മതേതര മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മനുഷ്യ മനഃസാക്ഷി ഒരുമിക്കണമെന്നും ഫാസിസത്തിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണത്തിലേറാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. അവര്‍ സ്നേഹ ബന്ധങ്ങള്‍ക്കിടയില്‍ മുറിവുകള്‍ തീര്‍ത്ത് മതസൗഹാര്‍ദ്ദങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടുകയാണ്. മതങ്ങള്‍ സൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ഇതിനെ വിസ്മരിച്ചു കൊണ്ടാണ് വര്‍ത്തമാന ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് പ്രചരണം. ഇത്തരം പ്രവണതകളെ തൂത്തെറിഞ്ഞ് ഇന്ത്യയെ വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്നും രാഹൂല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ പി.കെ കുഞ്ഞാലികുട്ടിയെ വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.
പി.കെ കുഞ്ഞാലികുട്ടിയുടെ ജന്മനാടായ കാരാത്തോട് നിന്നും രാവിലെ എട്ട് മണിക്കാണ് പര്യടനം ആരംഭിച്ചത്. പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യു.പി.എ സര്‍ക്കാര്‍ ഭരണത്തിലേറേണ്ടതിന്റെ അനിവാര്യത അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫും തങ്ങളുടെ അര്‍ത്ഥ പൂര്‍ണമായ പ്രസംഗങ്ങളിലൂടെ വോട്ടമാര്‍ക്ക് കൈമാറി. പര്യടനത്തിന്റെ ഔപചാരിക ഉദ്ഘാടനം രണ്ടാം സ്വീകരണ കേന്ദ്രമായ കോട്ടുമല പറമ്പില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പിന്നീട് സരസമായ ഭാഷയില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രസംഗം ആരംഭിച്ച സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി കേരളത്തിലെ രാഹുല്‍ തരംഗം വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കി. കുട്ടികളോട് സല്ലപിച്ചും കുശലം പറഞ്ഞും വോട്ടര്‍മാരുടെ അനുഗ്രഹം വാങ്ങിയും അടുത്ത സ്വീകരണ കേന്ദ്രമായ മമ്പീതി, നെല്ലിപറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നീങ്ങി.
വഴിയരികിലും കവലകളിലും നിരവധി പേരാണ് പ്രിയങ്കരനായ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്നത്. എല്ലാവരേയും അഭിവാദ്യം ചെയ്ത് സ്നേഹ വായ്പുകള്‍ ഏറ്റുവാങ്ങിയാണ് മുഴുവന്‍ പര്യടന കേന്ദ്രങ്ങളില്‍ നിന്നും മടങ്ങിയത്. വെങ്കുളത്ത് പര്യടന പരിപാടിക്ക് സ്വീകരണമൊരുക്കിയിരുന്നുവെങ്കിലും പ്രദേശത്ത് പ്രമുഖ വ്യക്തിയുടെ മരണം മൂലം പരിപാടി മാറ്റി. മരണ വീട്ടില്‍ സന്ദര്‍ശിച്ച കുഞ്ഞാലികുട്ടി അനുശോചനമറിയിച്ച് അടുത്ത പര്യടന കേന്ദ്രമായ ഊരകം പഞ്ചായത്ത്പടിയിലേക്ക് നീങ്ങി. പൂത്തന്‍ പീടിക, പൂളാപ്പീസ്, കരിയാരം, പുല്ലഞ്ചാല്‍, രായീല്‍, കൊടലികുണ്ട്, പാറക്കണ്ണി, മാലറമ്പ്, ഒ.കെ.എം നഗര്‍, കരിമ്പിലി, കല്ലേങ്ങല്‍ പടി, കൂറ്റാളൂര്‍ തുടങ്ങിയ ഊരകം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. പതിനൊന്ന് മണിയോടെ പര്യടനം കണ്ണമംഗലം പഞ്ചായത്തിലേക്ക് പ്രവേശിച്ചു. ചേറൂര്‍ അടിവാരം, അച്ചനമ്പലം, ഇ.കെ പടി, തോട്ടശ്ശേരിയറ എന്നിവടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും കൂടുംബ യോഗങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുത്തു. വനിതാ ലീഗ് നേതാക്കളായ നൂര്‍ബീന റഷീദ്, കെ.പി ജല്‍സീമിയ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
പുതിയത്ത്പുറായിലെ സ്വീകരണത്തോടെ പര്യടനം എ.ആര്‍ നഗര്‍ പഞ്ചായത്തിലേക്ക് പ്രവേശിച്ചു. പാലമഠത്തില്‍ ചിന, പുകയൂര്‍, പുകയൂര്‍ കുന്നത്ത്, വലിയപറമ്പ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ട കുഞ്ഞാലികുട്ടി ദേശീയ പാത വികസനത്തിലെ ഇരകള്‍ തിങ്ങിപാര്‍ക്കുന്ന അരീത്തോട് പ്രദേശത്തെത്തി. ദേശീയ പാത വികസനത്തിലൂടെ വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന വലിയപറമ്പിലെ അബ്ദുറഹിമാന്‍ മന്നാനിയുടെ വീട്ടിലെത്തി. വീടും സ്ഥലവും നഷ്ടമാകുന്ന 40 തോളം കുടുംബങ്ങളാണ് തങ്ങളുടെ ദുരിതമറിയിക്കാന്‍ പ്രദേശത്തെത്തിയത്. വികസനത്തിന് വേണ്ടി സര്‍വ്വം സമര്‍പ്പിച്ച നല്ലമനസ്സുകള്‍ക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയ കുഞ്ഞാലികുട്ടി നഷ്ടപരിഹാരം അതിന്റെ ഏറ്റവും ഉയര്‍ന്ന തുക വാങ്ങി നല്‍കും വരെ പോരാടുമെന്നും വിവിധ പദ്ധതികള്‍ വഴി കിട്ടുന്നതിന്റെ പരമാവധി ഇരകള്‍ക്ക് നല്‍കുമെന്നും ഉറപ്പു നല്‍കി. ഇടതു സര്‍ക്കാറിന്റെത് ഇരട്ടത്താപ്പ് നയമാണെന്നും യു.ഡി.എഫ് അധികാരത്തിലേറിയാല്‍ അക്കാലം അവസാനിക്കുമെന്നും. കേന്ദ്ര സര്‍ക്കാറിന്റെ സഹായവും ഇരകള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. വി.കെ പടി, ചെണ്ടപുറായ, ഇരുമ്പു ചോല, മമ്പുറം പ്രദേശങ്ങളിലും സ്ഥനാര്‍ത്ഥി സന്ദര്‍ശിച്ചു. വിവധ സ്വീകരണ കേന്ദ്രങ്ങളില്‍ റിയാസ് പുല്‍പറ്റ, എ.കെ മുസ്തഫ, പി.കെ ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി ഉബൈദുല്ല എം.എല്‍.എ, അഷ്റഫ് കോക്കൂര്‍, എ.കെ റഹീം, ടി.കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, എം.എം കുട്ടി മൗലവി, ശരീഫ് കുറ്റൂര്‍,പി.എ ചെറീത്, പി.കെ അലിഅക്ബര്‍, ചാക്കീരി കുഞ്ഞുട്ടി, എന്‍.ടി നാസര്‍, കെ.കെ.എസ് മന്‍സൂര്‍ കോയ തങ്ങള്‍, കെ.ഗിരീഷ് കുമാര്‍, പി.കെ കുഞ്ഞു, പി.കെ അസ്ലു, എം.കെ അബ്ദുല്‍ മജീദ്, എ.കെ നസീര്‍, കാടേങ്ങല്‍ അബ്ദുല്‍ അസീസ് ഹാജി, ഇസ്മാഈല്‍ പൂങ്ങാടന്‍, സി.കെ മുഹമ്മദ് ഹാജി, പി.കെ സിദ്ധീഖ്, കൊമ്പത്തിയില്‍ റസാഖ്, അരീക്കന്‍ കുഞ്ഞുട്ടി, കെ. ആലസ്സന്‍, ടി.അബുല്‍ ഹഖ്, പി.കെ റഷീദ്, തുടങ്ങി പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Sharing is caring!