മുസ്ലിംലീഗിനെ പിന്തുണച്ച് രാഹുല്‍ഈശ്വര്‍

മുസ്ലിംലീഗിനെ   പിന്തുണച്ച് രാഹുല്‍ഈശ്വര്‍


വിഭജനസമയത്ത് ഇന്ത്യക്കൊപ്പം നിന്ന
പാരമ്പര്യമുള്ളവര്‍. ജിന്നയുടെ പാക്കിസ്ഥാനെ
തിരഞ്ഞെടുക്കാതെ ഗാന്ധിജിയുടെ
ഇന്ത്യയെ തിരഞ്ഞെടുത്ത ഞങ്ങളുടെ
മുസ്ലിം സഹോദരങ്ങള്‍ ആണവര്‍

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വയനാട് സ്ഥാനാര്‍ഥിത്വവും റോഡ് ഷോയും അടിസ്ഥാനമാക്കി നിരവധി വാര്‍ത്തകളും പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലുനീളമുണ്ട്. വിമര്‍ശനങ്ങളും ട്രോളുകളുമായി ബിജെപി അക്കൗണ്ടുകളും ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്. ഒപ്പം വ്യാജപ്രചാരണങ്ങളും. അത്തരത്തിലൊരു വ്യാജപ്രചാരണമാണ് ബോളിവുഡ് നടി കൊയേന്‍ മിത്ര ട്വിറ്ററില്‍ പങ്കുവെച്ചത്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പതാകയെ പാക്കിസ്ഥാന്‍ പതാകയായും ‘ഇസ്ലാം പതാക’യായും ചിത്രീകരിച്ചുകൊണ്ടാണ് മിത്രയുടെ ട്വീറ്റ്. മുസ്ലിം ലീഗ് പതാകകളുയര്‍ത്തിയ പ്രവര്‍ത്തകരുടെ ചിത്രം പങ്കുവെച്ച് മിത്ര ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: തീവ്രവാദിയായ ജിന്നയാണ് ആദ്യ വിഭജനത്തിന് നേതൃത്വം നല്‍കിയത്. രണ്ടാം വിഭജനം നടത്തുക രാഹുല്‍ ഗാന്ധിയാകും. കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റത് ഇസ്ലാമിക പതാകകളാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജിഹാദിനെ പിന്തുണക്കുന്നു, ഇന്ത്യ വിരുദ്ധവും ജവാന്മാര്‍ക്കെതിരെയുമാണത്.’

അധികം വൈകാതെ തിരുത്തെത്തി. മിത്രയെ തിരുത്തിയത് മറ്റാരുമല്ല, രാഹുല്‍ ഈശ്വര്‍ ആണ്. ”ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയാണ്. വിഭജനസമയത്ത് ഇന്ത്യക്കൊപ്പം നിന്ന പാരമ്പര്യമുള്ളവര്‍. ജിന്നയുടെ പാക്കിസ്ഥാനെ തിരഞ്ഞെടുക്കാതെ ഗാന്ധിജിയുടെ ഇന്ത്യയെ തിരഞ്ഞെടുത്ത ഞങ്ങളുടെ മുസ്ലിം സഹോദരങ്ങള്‍ ആണവര്‍.”-രാഹുല്‍ കുറിച്ചു. കുറിപ്പിന്റെ വാലറ്റത്തായി ‘ഞാനും മോദിജിക്കാണ് വോട്ട് ചെയ്യുന്നത്. പക്ഷേ വോട്ടിനേക്കാള്‍ പ്രധാനമാണ് വസ്തുതകള്‍’ എന്നും ചേര്‍ത്തിട്ടുണ്ട്.

മിത്ര പങ്കുവെച്ച ചിത്രത്തിന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുമായി യാതൊരു ബന്ധവുമില്ല. മൂന്ന് വര്‍ഷം മുന്‍പ്, 2016 ജനുവരി 30ന് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത മുസ്ലിം ലീഗിന്റെ പരിപാടിക്കിടെ പകര്‍ത്തിയ ചിത്രമാണിത്. അപ്നാ സപ്നാ മണി മണി എന്ന ചിത്രത്തിലെ നായികയാണ് മിത്ര. ബിജെപി അനുകൂല ട്വീറ്റുകളിലൂടെ മുന്‍പും മിത്ര വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.

Sharing is caring!