പച്ചക്കൊടിക്കാരുടെ ആവേശ സ്വീകരണം ഏറ്റുവാങ്ങി രാഹുല്‍ഗാന്ധി

പച്ചക്കൊടിക്കാരുടെ   ആവേശ സ്വീകരണം   ഏറ്റുവാങ്ങി രാഹുല്‍ഗാന്ധി

മലപ്പുറം: വയനാട് മത്സരിക്കാനായി ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്തളവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍സ്വീകരണം. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് രാഹുല്‍ഗാന്ധിയെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ വിമാനത്തവളത്തില്‍നിന്നും പുറത്തിറങ്ങിയ നേതാക്കളെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ജയ്‌വിളികളോടെയാണ് സ്വീകരിച്ചത്. നേതാവിന്റെ വരവറിഞ്ഞ് രാത്രി ഏഴു മണിമുതല്‍ പ്രവര്‍ത്തകര്‍ വിമാനത്തവളത്തില്‍ തടിച്ചുകൂടിയിരുന്നു. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി അടക്കം വീശി ആരവത്തോടെയാണ് രാഹുലിനെ വരവേറ്റത്.
സുരക്ഷാനിര്‍ദേശം മറികടന്ന് ടെര്‍മിനലില്‍നിന്നു പുറത്തെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകരുടെ തിരക്കു കാരണം ഇരുവര്‍ക്കും വിഐപി ഏരിയയില്‍ അല്‍പനേരം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.
പ്രിയങ്ക ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ 8.42നും രാഹുല്‍ അസമിലെ ലീലാബാരിയില്‍നിന്നുള്ള വിമാനത്തില്‍ 9.05നുമാണ് എത്തിയത്.
കോണ്‍ഗ്രസ്‌നേതാക്കളായ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, മുകുള്‍ വാസ്‌നിക്ക്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.
ഇന്നു രാവിലെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും.
മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നല്‍കാന്‍ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുന്‍പ് അമേഠിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെ.സി. വേണുഗോപാല്‍ തിങ്കളാഴ്ച കോഴിക്കോട്ടെത്തിയിരുന്നു.

Sharing is caring!