രാഹുലിന്റെ വരവ്; കോണ്‍ഗ്രസുകാരെക്കാള്‍ ആഹ്‌ളാദം ലീഗുകാര്‍ക്ക്

രാഹുലിന്റെ വരവ്;   കോണ്‍ഗ്രസുകാരെക്കാള്‍   ആഹ്‌ളാദം ലീഗുകാര്‍ക്ക്

ആഘോഷിച്ച് മലപ്പുറം

മലപ്പുറം: ഒരാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ മലപ്പുറം ജില്ലയിലെ യു.ഡി.എഫ് ആഹ്‌ളാദ തിമിര്‍പ്പില്‍, മലപ്പുറത്തെ ആഘോഷത്തില്‍ കോണ്‍ഗ്രസുകാരേക്കാള്‍ ഒരു പിടി മുന്നില്‍ ലീഗുകാരാണെന്ന് വരെ സംശയിച്ചു പോകൂം. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പൊന്നാനിയിലും, മലപ്പുറത്തും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ലീഗ്. ഇതിന് പുറമെ തങ്ങളുടെ കൂടെ ശക്തികേന്ദ്രമായ വയനാട്ടില്‍നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മത്സരിക്കുന്നതും ലീഗിന്റെ ആഹ്‌ളാം വര്‍ധിപ്പിക്കുന്നു.

വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് മറ്റ് യു.ഡി.എഫ് മണ്ഡലങ്ങളിലെ പ്രചരണങ്ങള്‍ക്ക് കരുത്തുപകരുമെന്ന കണക്ക്കൂട്ടലിലാണ് യു.ഡി.എഫ്. ഇന്നലെ ജില്ലയിലെ വിവിധ മേഖലകളില്‍ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണങ്ങളും നടന്നു. മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് വനാട് ലോക്‌സഭാ മണ്ഡലം. നിലമ്പൂരില്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ചെറുതും വലുതുമായ പ്ലക്കാര്‍ഡുകളേന്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു രാഹുലിനു സ്വീകരണമോതി
പ്രകടനങ്ങള്‍ നയിച്ചത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് പാലോളി മെഹബൂബ്, അടുക്കത്ത് ഇസ്ഹാഖ്, ഷെറി ജോര്‍ജ്, ജോര്‍ജ് തോമസ്, ബിനോയി പാട്ടത്തില്‍ തുടങ്ങി യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. രാവിലെ പതിനൊന്നു മണിയോടെയുള്ള പ്രഖ്യാപനം അറിഞ്ഞതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ കൊടിയും തോരണങ്ങളുമായി തെരുവിലിറങ്ങി നൃത്തമാടുകയായിരുന്നു. കൊടികെട്ടിയ ബൈക്കുകളിലും മറ്റുമായി റോഡുകളില്‍ ഷോവര്‍ക്കിനിറങ്ങുന്നതും കാണാമായിരുന്നു. കടുത്ത ചൂട് വകവയ്ക്കാതെയാണ് പ്രവര്‍ത്തകര്‍ തെരിവിലിറങ്ങിയത്. ഇതിനിടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ നേതാക്കള്‍ ലഡു വിതരണം നടത്തി ആഘോഷത്തില്‍ പങ്കാളികളായി. നഗര ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ ഒത്തുകൂടിയ യുഡിഎഫ് പ്രവര്‍ത്തകര്‍ വൈകുന്നരങ്ങളില്‍ വീണ്ടും ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി.മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് യുഡിഎഫിനെ ഒന്നടങ്കം സമര്‍ദത്തിലാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ മുസ്‌ലിംലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അസംതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. രാഹുല്‍ വിജയിക്കുന്ന പക്ഷം നിലമ്പൂര്‍-നഞ്ചന്‍ ഗോഡ് പാത, കാര്‍ഷിക വിലയിടിവ്, വന്യമൃഗശല്യം തുടങ്ങിയവ പ്രശ്‌നങ്ങളില്‍ പരിഹാരമാകുമെന്നു പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജനങ്ങള്‍. നിലവില്‍ 20,870 വോട്ട് മാത്രമാണ് യുഡിഎഫിന് കഴിഞ്ഞ ലോക്‌സഭയില്‍ ഭൂരിപക്ഷം. രാഹുല്‍ സ്ഥാനാര്‍ഥിയാകുന്നതോടെ 2009ല്‍ എം.ഐ.ഷാനവാസ് നേടിയ 1,57,000വോട്ട് മറികടക്കണമെന്ന ഉത്തരവാദിത്തമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുള്ളത്. വരും ദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിത്വം എടക്കര മേഖലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. രാഹുല്‍ വയനാട് മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതല്‍ തന്നെ മധുരം നല്‍കിയും ആഹ്ലാദ നൃത്തം ചവിട്ടിയും പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. തുടര്‍ന്ന് വൈകിട്ട് എടക്കര, ചുങ്കത്തറ ടൗണുകളില്‍ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. എടക്കരയില്‍ ബാബു തോപ്പില്‍, ഒ.ടി. ജെയിംസ്, ആലീസ് അമ്പാട്ട്, സറീന മുഹമ്മദലി, കബീര്‍ പനോളി, പി. പുഷ്പവല്ലി, കെ.സി. ഷാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി. ചുങ്കത്തറയില്‍ പരപ്പന്‍ ഹംസ, റിയാസ് ചുങ്കത്തറ, കെ. സ്വപ്ന, പറമ്പില്‍ ബാവ, പറാട്ടി കുഞ്ഞാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!