പൊന്നാനി മണ്ഡലത്തില്‍ നിന്നും 1.81ലക്ഷംരൂപയുടെ കളളപ്പണം പിടിച്ചു

പൊന്നാനി മണ്ഡലത്തില്‍ നിന്നും 1.81ലക്ഷംരൂപയുടെ കളളപ്പണം പിടിച്ചു


തെരഞ്ഞെടുപ്പ്
വിതരണത്തിന്
കൊണ്ടുവന്നതോ ?

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ മിനിപമ്പയ്ക്ക് സമീപം ഇന്നലെ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 1,81,000 രൂപ സ്റ്റാറ്റിക് സര്‍വെയലന്‍സ് സ്‌ക്വാഡ് പിടിച്ചെടുത്തു. രാജേഷ് കെ എന്നയാളുടെ കെ.എല്‍ 54 കെ2828 മാരുതി ബ്രെസയില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. പൊന്നാനി മണ്ഡലത്തില്‍ രൂപീകരിച്ച പൊന്നാനി, എല്‍.എ(എന്‍.എച്ച്) യൂനിറ്റിലെ സ്‌പെഷ്യല്‍ താഹസില്‍ദാര്‍ ടി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്. സീനിയര്‍ ക്ലാര്‍ക്ക് പി.വി ഷാജി, സിവില്‍ ഓഫീസര്‍ ജയേഷ്, വീഡിയോ ഗ്രാഫര്‍ സുഫ് വാന്‍, ഡ്രൈവര്‍ സമദ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.
പിടിച്ചെടുത്ത പണം ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മതിയായ രേഖകള്‍ ഹാജരാക്കുന്ന പക്ഷം ജില്ലാ ഫൈനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ്‌കുമാര്‍ കണ്‍വീനറും, ജില്ലാ ട്രഷറി ഓഫീസര്‍ എസ്.ബേബി ഗിരിജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ എന്നിവരടങ്ങുന്ന അപ്പലറ്റ് കമ്മിറ്റി രേഖ കളില്‍ പരിശോധന നടത്തും. നിയമാനുസൃതമാണെന്നു കണ്ടെത്തിയാല്‍ പണം തിരിച്ചു നല്‍കും.
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി എത്തുന്ന പണം, മദ്യം, ഉപഹാരം തുടങ്ങിയവയുടെ കുത്തൊഴുക്ക് തടയുന്നതിനായിട്ടാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലായി മൂന്ന് ടീം വീതമുള്ള 48 സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന ചെക്കുപോസ്റ്റുകളിലും പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചും സംഘം പരിശോധന കൂടുതല്‍ ശക്തമാക്കും.

Sharing is caring!