ആവേശമായി ഇ. ടിയുടെ റോഡ് ഷോ

ആവേശമായി ഇ. ടിയുടെ റോഡ് ഷോ

ഭൂരപക്ഷം വര്‍ധിക്കുമെന്ന് പ്രതീക്ഷ


കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തീരദേശത്ത് റോഡഷോ നടത്തി. തിരൂര്‍ ആലിന്‍ചുവട്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അഴിമുഖം ചുറ്റി കൂട്ടായി ടൗണില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന റോഡ്‌ഷോ കൂട്ടായിയെ ഇളക്കി മറിച്ചു. പറവണ്ണ തീരദേശ മേഖലയിലൂടെ സഞ്ചരിച്ചാണ് കൂട്ടായിയില്‍ എത്തിയത്. എം എല്‍ എമാരായ സി മമ്മുട്ടി, അഡ്വ. എന്‍ ശംസുദ്ദീന്‍, യു ഡി എഫ് നേതാക്കളായ എം അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, അഡ്വ. നസറുളള, വി പി മുഹമ്മദലി തുടങ്ങിയ നേതാക്കള്‍ ഇ. ടിയെ അനുഗമിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയും,
ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക നല്‍കി

പതിനേഴാം ലോക്സഭയിലേക്ക് ജനവിധി തേടുന്ന മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയും ആശീര്‍വാദവും ഏറ്റുവാങ്ങിയ ശേഷമാണ് ഇരുവരും മലപ്പുറത്തെത്തി വരണാധികാരി ജില്ലാകലക്ടര്‍ അമിത് മീണ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
രാവിലെ പത്ത് മണിയോടെ പാണക്കാട്ടെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പത്രിക കൈമാറി. പ്രാര്‍ഥനക്ക് ശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പി.എം.എസ്.എ പൂക്കോയതങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ഖബറിടം സന്ദര്‍ശിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും കണ്ടശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ 10.45 ഓടെ മലപ്പുറത്തേക്ക് പുറപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ സ്ഥനാര്‍ഥികളെ ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ പി.ടി അജയമോഹനും മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞിയും ഷാളണിയിച്ചു സ്വീകരിച്ചു.
യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കലക്ട്രേറ്റിലെത്തി. 11.20 ഓടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പത്രിക നല്‍കി. ജില്ലാ യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ്, കെ.പി അബ്ദുല്‍ മജീദ്, എ.കെ മുസ്തഫ എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് 11.40 ഓടെയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വി.ടി ബല്‍റാം എം.എല്‍.എ, യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയമോഹന്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എന്നിവര്‍ക്കൊപ്പമെത്തിയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പത്രിക നല്‍കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇ.ടി മുഹമ്മദ് ബഷീറിനെ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീനും പിന്താങ്ങി. യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേരാണ് പത്രിക സമര്‍പ്പണത്തിന് സാക്ഷികളാവാന്‍ മലപ്പുറത്തെത്തിയത്.
ഇലക്ഷനില്‍ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് മികച്ച വിജയം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അപവാദ പ്രചരണങ്ങളെ ആദര്‍ശംകൊണ്ട് നേരിടാനുള്ള ആത്മവിശ്വാസമുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു.
പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, സി.പി ബാവ ഹാജി, പി.എം.എ സലാം, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.എല്‍.എമാരായ അഡ്വ. എന്‍.ശംസുദ്ദീന്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി.കെ ബഷീര്‍, പി ഉബൈദുല്ല, സി. മമ്മുട്ടി, അഡ്വ. എം. ഉമ്മര്‍, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, കെ.എന്‍.എ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, അഡ്വ.എം റഹ്മത്തുല്ല, കെ.മുഹമ്മദുണ്ണി ഹാജി, തുടങ്ങിയവരും പാണക്കാട് സന്നിഹിതരായിരുന്നു.

Sharing is caring!