വയനാട്ടില്‍ സുനീര്‍ വിജയ പ്രതീക്ഷയിലാണ്

വയനാട്ടില്‍ സുനീര്‍ വിജയ പ്രതീക്ഷയിലാണ്


മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ഏറെ ചര്‍ച്ചയായ വയനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം കൈമാറിയത് കെട്ടിട നിര്‍മാണ തൊഴിലാളികള്‍.

മലപ്പുറത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളി (എഐടിയുസി) യൂണിയന്‍ പ്രവര്‍ത്തകരാണ് സുനീറിന് പണം കൈമാറിയത്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, അഡ്വ. കെ.മോഹന്‍ദാസ്, നിര്‍മ്മാണ തൊഴിലാളി (എഐടിയുസി) യൂണിയന്‍ പ്രസിഡന്റ് എം എ റസാഖ്,എല്‍ ഡി എഫ് കണ്‍വീനര്‍ കെ. ഭാസ്‌ക്കരന്‍, കെ പി ബാലകൃഷ്ണന്‍ ഇ സുജാത, പുലത്ത് കുഞ്ഞു എന്നിവര്‍ പങ്കെടുത്തു.

വയനാട് മണ്ഡലത്തില്‍ താന്‍ തികച്ചും വിജയപ്രതീക്ഷയിലാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍. കേരളത്തില്‍ എല്‍.ഡി.എഫ് ആദ്യമായി ജയിക്കുന്ന സീറ്റുകളില്‍ ഒന്നായി വയനാട് മാറുമെന്നും സുനീര്‍ പറഞ്ഞു. രാഹുല്‍ഗാന്ധി വന്നാലും ഇല്ലെങ്കിലും താന്‍ പ്രതീക്ഷയില്‍തന്നെയാണ്. മുന്‍കാലങ്ങളിലെല്ലാം വയനാട് പാര്‍ലിമെന്റിനെ പ്രതിനിധാനം ചെയ്ത എം.പിമാര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല, കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ട പലകാര്യങ്ങളും മണ്ഡലത്തിലുണ്ട്, എന്നാല്‍ ഇക്കാര്യങ്ങള്‍ ശരിയായ രീതിയില്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാനോ, നടപടിയുണ്ടാക്കാനോ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യുണിസറ്റ് കുടുംബത്തില്‍
ജനിച്ച പി.പി സുനീര്‍

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍, കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഹൗസിങ് ബോര്‍ഡ് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2011 മുതല്‍ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ കമ്മ്യുണിസറ്റ് കുടുംബത്തില്‍ ജനിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ സുനീര്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ എ ഐ എസ് എഫ് നേതാവായിരുന്നു. രണ്ടു തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനായി. ബിരുദാനന്തര ബിരുദധാരിയാണ്. പൊന്നാനി മേഖലയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജന സംഘടകളും വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ പ്രവര്‍ത്തനം നടത്തി.
രണ്ട് തവണ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.
എടപ്പാള്‍ പൂക്കരത്തറ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കെ കെ ഷാഹിനയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Sharing is caring!